ന്ത്യന്‍ നിരത്തുകളിലെ ആദ്യ ഇലക്ട്രിക് എസ്.യു.വി. എന്ന ഖ്യാതി പല കമ്പനികളും അവകാശപ്പെടുമെങ്കിലും ആദ്യ ആഡംബര ഇലക്ട്രിക് എസ്.യു.വി. എത്തിച്ചതിന്റെ ക്രെഡിറ്റ് ജര്‍മന്‍ ആഡംബര വാഹന നിര്‍മാതാക്കളായ മെഴ്‌സിഡസ് ആയിരുന്നു. EQC ഇലക്ട്രിക് എന്ന പേരില്‍ എത്തിയ ഈ വാഹനത്തിന്റെ ആദ്യ ബാച്ച് ചൂടപ്പം പോലെയാണ് വിറ്റുതീര്‍ന്നത്. ഈ സ്വീകാര്യത നല്‍കിയ ആത്മവിശ്വാസത്തില്‍ നിന്ന് രണ്ടാമത്തെ ബാച്ച് എത്തിക്കാനുള്ള ഒരുക്കത്തിലാണ് നിര്‍മാതാക്കള്‍.

പൂര്‍ണമായും വിദേശത്ത് നിര്‍മിച്ച് ഇന്ത്യയില്‍ എത്തുന്ന EQC-യുടെ രണ്ടാം ബാച്ച് ഒക്ടോബര്‍ മാസത്തോടെ ഇന്ത്യന്‍ തീരത്ത് അണയുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വരവിന് മുന്നോടിയായി ഈ വാഹനത്തിന്റെ ഔദ്യോഗിക ബുക്കിങ്ങ് മെഴ്‌സിഡസ് ആരംഭിച്ചിട്ടുണ്ട്. 2020 ഒക്ടോബറിലാണ് ആദ്യ ബാച്ച് എത്തിയത്. ആദ്യമെത്തിയ 50 യൂണിറ്റ് വെറും മൂന്ന് മാസത്തിനുള്ളിലാണ് വിറ്റു തീര്‍ന്നത്. ആദ്യ വരവില്‍ ആറ് നഗരങ്ങളിലായിരുന്നു വില്‍പ്പന എങ്കിലും രണ്ടാം തവണ ഇത് 50 നഗരങ്ങളില്‍ വ്യാപിപ്പിക്കും.

ഒരു വേരിയന്റില്‍ മാത്രമാണ് മെഴ്‌സിഡസ് EQC ഇന്ത്യയില്‍ വില്‍പ്പനയ്ക്ക് എത്തുന്നത്. EQC 4മാറ്റിക്ക് എന്ന് പേരിട്ടിട്ടുള്ള ഈ വാഹനത്തിന് 1.07 കോടി രൂപയാണ് ഇന്ത്യയിലെ എക്‌സ്‌ഷോറും വില. മെഴ്സിഡസിന്റെ മിഡ്-സൈസ് എസ്.യു.വിയായ ജി.എല്‍.സിയുടെ പ്ലാറ്റ്ഫോമിലാണ് ഈ വാഹനവുമെത്തുന്നത്. അതേസമയം, മെഴ്‌സിഡസ് റെഗുലര്‍ വാഹനങ്ങളുമായി യാതൊരു സാമ്യവും അവകാശപ്പെടാനില്ലാതെയാണ് ഇലക്ട്രിക് വാഹനം ഡിസൈന്‍ ചെയ്തിട്ടുള്ളത്. 

ക്രോമിയം ആവരണത്തില്‍ നല്‍കിയിട്ടുള്ള മള്‍ട്ടി സ്ലാറ്റ് ഗ്രില്ല്, എല്‍.ഇ.ഡി ഹെഡ്ലാമ്പും ഡിആര്‍എല്ലും, ഫെന്‍ഡറില്‍ EQ ബാഡ്ജിങ്ങും ഒന്നിക്കുന്നതാണ് മുന്നിലെ ഡിസൈന്‍. വലിയ അലോയി വീലുകളാണ് ഈ വാഹനത്തിന്റെ വശങ്ങളെ ആകര്‍ഷകമാക്കുന്നത്. പിന്‍വശത്ത് എല്‍.ഇ.ഡി ടെയ്ല്‍ലൈറ്റുകള്‍ നല്‍കിയിട്ടുണ്ട്. ഇതിനൊപ്പം രണ്ട് ലൈറ്റുകളെ ബന്ധിപ്പിക്കുന്ന എല്‍.ഇ.ഡി സ്ട്രിപ്പും പിന്‍വശത്തെ കൂടുതല്‍ സ്‌റ്റൈലിഷാക്കുന്നു. ടെയില്‍ ഗേറ്റിന്റെ സൈഡിലായി EQC 400 എന്ന ബാഡ്ജിങ്ങും നല്‍കിയിട്ടുണ്ട്.

ബെന്‍സിന്റെ റെഗുലര്‍ വാഹനങ്ങളുടെ മുഖമുദ്രയായ ആഡംബരം ഇലക്ട്രിക്ക് മോഡലിലേക്ക് പറിച്ച് നട്ടിട്ടുണ്ട്. സ്റ്റൈലിഷ് ഡിസൈനിനൊപ്പം പ്രീമിയം ഫീച്ചറുകളും അകത്തളത്തില്‍ സ്ഥാനം നേടിയിട്ടുണ്ട്. 12.3 ഇഞ്ച് വലിപ്പമുള്ള രണ്ട് സ്‌ക്രീനുകളാണ് അകത്തളത്തെ പ്രധാന പ്രത്യേകത. ഇതിലാണ് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്ററും നല്‍കിയിട്ടുള്ളത്. ഇതിനുപുറമെ, നിരവധി കണക്ടഡ് കാര്‍ ഫീച്ചറുകളും ഇതിന്റെ ഇന്റീരിയറിനെ സമ്പന്നമാക്കുന്നുണ്ട്.

റേഞ്ചിന്റെ കാര്യത്തിലും EQC കുറവ് വരുത്തിയിട്ടില്ല. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 470 കിലോമീറ്റര്‍ സഞ്ചരിക്കാനുള്ള ശേഷി ഈ വാഹനത്തിനുണ്ട്. 80 കിലോവാട്ട് ലിഥിയം അയേണ്‍ ബാറ്ററിയാണ് ഈ വാഹനത്തിലുള്ളത്. രണ്ട് ഇലക്ട്രിക് മോട്ടോറുകളാണ് EQC-യില്‍ കരുത്ത് പകരുന്നത്. ഇത് മുന്നിലെയും പിന്നിലെയും ആക്സിലുകളിലായി ഘടിപ്പിച്ചിരുക്കുന്നു. ഇവ 402 ബിഎച്ച്പി പവറും 765 എന്‍എം ടോര്‍ക്കുമേകും. 5.1 സെക്കന്റില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ കഴിയുന്ന ഈ വാഹനത്തിന്റെ പരമാവധി വേഗത 180 കിലോമീറ്ററാണ്.

Content Highlights: Mercedes-Benz EQC Second Batch Will Arrive In October