ടെസ്‌ലയ്ക്കു പിന്നാലെ, ഇന്ത്യയിലേക്ക് ഇലക്ട്രിക് കാറുകള്‍ ഇറക്കുമതി ചെയ്യുന്നതിന് കേന്ദ്രം ഇളവുകള്‍ അനുവദിക്കണമെന്ന ആവശ്യവുമായി മെഴ്‌സിഡസ് ബെന്‍സ്. തദ്ദേശീയമായി വൈദ്യുത കാറുകള്‍ നിര്‍മിക്കുന്നതു വരെ ഇളവുകള്‍ അനുവദിക്കണമെന്നാണ് മെഴ്‌സിഡസ് ബെന്‍സ് ഇന്ത്യ മേധാവി റോളണ്ട് ഫോള്‍ഗര്‍ ആവശ്യപ്പെട്ടത്. 2030-ഓടെ രാജ്യത്ത് ഫോസില്‍ ഇന്ധനം ഉപയോഗിച്ചുള്ള ഗതാഗതം അവസാനിപ്പിക്കുന്നതിനുള്ള നടപടികളുമായി കേന്ദ്രം മുന്നോട്ടു പോകവേയാണ് ഈ നിര്‍ദേശം.

ഇലക്ട്രിക് വാഹന നിര്‍മാണ സാങ്കേതിക വിദ്യയില്‍ ബെന്‍സ് ആഗോളതലത്തില്‍ വന്‍തോതില്‍ നിക്ഷേപം നടത്തുന്നതായി റോളണ്ട് ഫോള്‍ഗര്‍ പറഞ്ഞു. കേന്ദ്രം പിന്തുണച്ചാല്‍ 2020-ഓടെ ഈ വാഹനങ്ങള്‍ ഇന്ത്യയിലുമെത്തും. ഇന്ത്യയില്‍ ഫാക്ടറി സ്ഥാപിക്കുന്നതു വരെ ഇറക്കുമതി തീരുവകള്‍ കേന്ദ്ര സര്‍ക്കാര്‍ താത്കാലികമായി ഒഴിവാക്കണമെന്ന് നേരത്തേ ടെസ്‌ല മേധാവി ഇലോണ്‍ മസ്‌ക് ആവശ്യപ്പെട്ടിരുന്നു. നിലവില്‍ ഇത്തരം തടസങ്ങളില്‍ത്തട്ടി ടെസ്‌ലയുടെ ഇന്ത്യന്‍ പ്രവേശനം നീണ്ടുപേവുകയാണ്.