മെഴ്സിഡസ് ബെന്‍സിന്റെ നക്ഷത്രവളയം സ്വപ്നം കാണാത്ത കാര്‍പ്രേമികളുണ്ടാവില്ല. ആഡംബരത്തിലേക്ക് കാലെടുത്തു വയ്ക്കുന്നവര്‍ക്ക് മെഴ്സിഡസിന്റെ സമ്മാനമാണ് സി.എല്‍.എ. മെഴ്സിഡസ് ബെന്‍സിന്റെ എന്‍ട്രി ലെവല്‍ കോംപാക്ട് ലക്ഷ്വറി സെഡാനാണ് ഇത്. രണ്ടു വര്‍ഷങ്ങള്‍ക്കിപ്പുറം പരിഷ്‌കരിച്ച ഫീച്ചറുകളുമായി സി.എല്‍.എ. ഫേസ് ലിഫ്റ്റ് എത്തി. കൂപ്പെ രൂപവും ഫ്രെയിമില്ലാത്ത ഡോറുകളുമാണ് സി.എല്‍.എ.യെ 'യങ് ആന്‍ഡ് സ്‌റ്റൈലിഷ്' ആക്കുന്നത്. 

എല്‍.ഇ.ഡി. ഹെഡ് ലാംപ്, ടെയില്‍ ലാംപ് എന്നിവയാണ് പുതിയ സി.എല്‍.എ.യിലെ മാറ്റങ്ങള്‍. ഉള്ളിലേക്ക് കയറുമ്പോള്‍ മാറ്റങ്ങള്‍ നിരവധി. മള്‍ട്ടിമീഡിയ സ്‌ക്രീനിന് വലിപ്പം ഒരല്പം കൂടിയിട്ടുണ്ട്. റിവേഴ്സ് ക്യാമറ ദൃശ്യങ്ങള്‍, നാവിഗേഷന്‍ എന്നിവ ഇതിലൂടെ കൂടുതല്‍ വ്യക്തതയോടെ കാണാം. സണ്‍റൂഫാണ് മറ്റൊരു സവിശേഷത. മുന്‍വശത്ത് ആവശ്യത്തിന് ലെഗ് സ്‌പേസുണ്ട്. സീറ്റുകള്‍ വളരെയധികം സുഖപ്രദമാണ്. മുന്‍ സീറ്റുകള്‍ ഇലക്ട്രിക്കലായി അഡ്ജസ്റ്റ് ചെയ്യാം. 

Benz CLA

ഡ്രൈവിങ് സീറ്റിലുള്ളയാളുടെ പൊക്കത്തിനനുസരിച്ച് സീറ്റ് ഉയര്‍ത്താനോ താഴ്ത്താനോ കഴിയും. ഡ്രൈവിങ്ങും യാത്രയും വളരെ സുഖകരമാണ്. സ്റ്റിയറിങ്ങും വളരെ കംഫര്‍ട്ടബിള്‍. കംഫര്‍ട്ട്, സ്‌പോര്‍ട്, ഇന്‍ഡിവിജ്വല്‍, ഇക്കോ എന്നീ ഡ്രൈവിങ് മോഡുകള്‍ തിരഞ്ഞെടുക്കാം. സിറ്റി ഓട്ടങ്ങള്‍ക്ക് കംഫര്‍ട്ട്, ഇക്കോ മോഡുകളാണ് ഫലപ്രദം. മെച്ചപ്പെട്ട മൈലേജ് കിട്ടാന്‍ ഇക്കോ മോഡിലെ ഓട്ടം സഹായിക്കുന്നു. 

സി.എല്‍.എ. 200ഡി എന്ന ഡീസല്‍ മോഡലിന് 2.2 ലിറ്റര്‍ ടര്‍ബോ ചാര്‍ജ്ഡ് നാല് സിലിന്‍ഡര്‍ ഡീസല്‍ എന്‍ജിനാണ് കരുത്ത് പകരുന്നത്. 134 ബി.എച്ച്.പി. കരുത്തും 300 എന്‍.എം. ടോര്‍ക്കും ഇത് പ്രദാനം ചെയ്യുന്നു. 2.0 ലിറ്റര്‍ പെട്രോള്‍ എന്‍ജിനിലും സി.എല്‍.എ. ലഭ്യമാണ്. മെഴ്സിഡസ് ബെന്‍സ് 'സി.എല്‍.എ.200 ഡി'യുടെ കൊച്ചിയിലെ ഷോറൂം വില 35.95 ലക്ഷം രൂപയാണ്. മെഴ്സിഡസ് ബെന്‍സിന്റെ നക്ഷത്രത്തിളക്കം ഈ വിലയ്ക്ക് സ്വന്തമാക്കാമെന്നത് ചെറിയ കാര്യമല്ല.