മെഴ്‌സിഡീസിന്റെ ബെന്‍സ് സി-ക്ലാസ് നിരയിലെ വമ്പനായി എഎംജി സി63 കൂപ്പെ മോഡല്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. സി- ക്ലാസിലെ ടോപ്പ് വേരിയന്റായ ഈ കൂപ്പെ മോഡലിന് 1.33 കോടി രൂപയാണ് ഇന്ത്യയിലെ എക്‌സ്‌ഷോറൂം വില. ഈ വാഹനത്തിനൊപ്പം തന്നെ എഎംജിയുടെ ജിടിആര്‍ പതിപ്പും മെഴ്‌സിഡീസ് അവതരിപ്പിച്ചിട്ടുണ്ട്.

കൊറോണ വൈറസ് ഭീഷണി നിലനില്‍ക്കുന്നത് പരിഗണിച്ച് ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമിലൂടെയുടെ ഈവന്റിലാണ് മെഴ്‌സിഡീസ് ഈ രണ്ട് വാഹനങ്ങളും ഇന്ത്യയില്‍ അവതരിപ്പിച്ചത്. കൊറോണ ലോക്ക്ഡൗണ്‍ കാലത്ത് മെഴ്‌സിഡീസ് ഇന്ത്യയില്‍ അവതരിപ്പിച്ച ആദ്യ മോഡലുകളാണ് എഎംജി സി63 കൂപ്പെയും എഎംജിയുടെ ജിടിആറും. 

ബെല്‍സ് സി-ക്ലാസിലെ ഫഌഗ്ഷിപ്പ് മോഡലായ എഎംജി സി63 കൂപ്പെയില്‍ പുതിയ ഫീച്ചറുകള്‍ക്ക് പുറമെ നവീന ഡിസൈന്‍ ശൈലികളും സ്ഥാനം പിടിച്ചിട്ടുണ്ട്. എഎംജി ജിടിയില്‍ നിന്ന് കടമെടുത്ത പാനമേരിക്കാന ഗ്രില്ല്, ബഗ്-ഐ ഹെഡ്‌ലാമ്പ്, എല്‍ഇഡി ഡിആര്‍എല്‍, മസ്‌കുലര്‍ ബോണറ്റ്, പുതിയ ബംമ്പര്‍, 18 ഇഞ്ച് അലോയി വീല്‍, ഡിഫ്യൂസര്‍ തുടങ്ങിയവ ഈ വാഹനത്തിന് സ്‌പോട്ടി ഭാവമൊരുക്കും.

അകത്തളത്തിലെ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍, ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം എന്നിവ മുന്‍ മോഡലില്‍നിന്ന് മാറ്റമില്ലാതെ ഈ പതിപ്പിലും നല്‍കി. ബ്ലാക്ക്-റെഡ് ഫിനീഷിങ്ങ് ലെതറില്‍ ഒരുങ്ങിയ ബക്കറ്റ് സീറ്റുകള്‍, ഫഌറ്റ് ബോട്ടം എഎംജി സ്റ്റിയറിങ്ങ് വീല്‍, ആറ് ഡ്രൈവ് മോഡ് എന്നിവ ഇന്റീരിയറിനെ കൂടുതല്‍ കരുത്തുള്ളതാക്കുന്നു.

ന്‌ല് ലിറ്റര്‍ ബൈ-ടര്‍ബോ വി8 എന്‍ജിനാണ് ഈ വാഹനത്തിന് കുതിപ്പേകുന്നത്. ഇത് 469 ബിഎച്ച്പി പവറും 650 എന്‍എം ടോര്‍ക്കുമേകും. എഎംജി സ്പീഡ് ഷിഫ്റ്റ് 9ജി ട്രോണിക്കാണ് ട്രാന്‍സ്മിഷന്‍. മണിക്കൂറില്‍ 250 കിലോമീറ്ററാണ് ഈ വാഹനത്തിന്റെ പരമാവധി വേഗം. സെക്കന്റുകള്‍ക്കുള്ളില്‍ തന്നെ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കും.

Content Highlights; Mercedes Benz AMG C63 Coupe Launched In India