കര്‍ണാടക-ആന്ധ്രാപ്രദേശ് അതിര്‍ത്തിയിലുള്ള ഒരു ഗ്രാമത്തില്‍ ഇന്ത്യന്‍ നിരത്ത് കീഴടക്കാനുള്ള ചുണക്കുട്ടമാരെ അണിയിച്ചൊരുക്കുകയാണ് കൊറിയന്‍ വാഹന നിര്‍മാതാക്കളായ കിയ മോട്ടോഴ്‌സ്.
2019 ഓഗസ്റ്റ്-സെപ്റ്റംബര്‍ മാസത്തില്‍ കിയയുടെ ചുണക്കുട്ടന്‍മാര്‍ നിരത്തിലെത്തുമെന്നാണ് അറിയിച്ചിരുന്നത്. എന്നാല്‍, ഇത് അല്‍പ്പം കൂടി നേരത്തേയാക്കാനുള്ള തയാറെടുപ്പാണ് ഇപ്പോള്‍ കമ്പനി നടത്തുന്നത്.
ആദ്യം നിരത്തിലിറക്കേണ്ട വാഹനങ്ങളുടെ നിര്‍മാണം അവസാന ഘട്ടത്തിലാണ്. ഏപ്രില്‍ മാസം കിയയുടെ പ്രവര്‍ത്തനം ആരംഭിച്ചാല്‍ മെയ് മാസത്തോടെ ആദ്യത്തെ വാഹനം ഉപയോക്താക്കളിലെത്തിക്കാന്‍ സാധിക്കുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.
ടാസര്‍ എന്ന് പേരിട്ടിരിക്കുന്ന കോംപാക്ട് എസ്‌യുവിയായിരിക്കും കിയയില്‍ നിന്ന് ഇന്ത്യന്‍ നിരത്തിലെത്തുന്ന ആദ്യ വാഹനം. ഹ്യുണ്ടായി ക്രെറ്റ, മാരുതി ബ്രെസ തുടങ്ങിയ വാഹനങ്ങള്‍ക്കുള്ള ജനപ്രീതി കണക്കിലെടുത്താണ് ഈ തീരുമാനം.
രാജ്യത്തുടനീളമുള്ള ചെറുതും വലുതുമായ നഗരങ്ങളിലേക്ക് ഡീലര്‍ഷിപ്പ് ശൃംഖല വ്യാപിപ്പിക്കുന്നതിനുള്ള നീക്കങ്ങളാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. പ്രഥമിക ഘട്ടത്തില്‍ നഗരപ്രദേശങ്ങളായിരിക്കും കിയയുടെ വിപണി.
ഏപ്രില്‍ മാസത്തിന് മുമ്പ് കിയയുടെ ഡീലര്‍ഷിപ്പുകളും സര്‍വീസ് കേന്ദ്രങ്ങളും 85-90 ശതമാനം നഗരങ്ങളില്‍ നഗരങ്ങളില്‍ പ്രവര്‍ത്തനം ആരംഭിക്കാന്‍ സാധിച്ചാല്‍ കിയയുടെ വാഹനങ്ങള്‍ നേരത്തെ നിരത്തിലെത്തിക്കാന്‍ കഴിയും.
രണ്ടാം ഘട്ടത്തില്‍ കോംപാക്ട് സെഡാന്‍, പ്രീമിയം ഹാച്ച്ബാക്ക് എന്നീ ശ്രേണികളില്‍ വാഹനങ്ങള്‍ നിരത്തിലെത്തിക്കാനാണ് കമ്പനി ഉദ്ദേശിക്കുന്നത്. റിയോ എന്ന് പേരുനല്‍കിയായിരിക്കും ഈ ശ്രേണിയിലെ രണ്ട് കാറുകളും പുറത്തെത്തിക്കുക.
ഇന്ത്യന്‍ നിരത്തിലെത്തിക്കാനായി കിയ പ്രദര്‍ശിപ്പിച്ച എസ്‌യുവി കണ്‍സെപ്റ്റ് കാര്‍ണിവലിന്റെ വരവ് നീട്ടിവയക്കുന്നതിനൊപ്പം ഏഴ് സീറ്റില്‍ എംപിവി ശ്രേണിയില്‍ ഒരു മോഡല്‍ അവതരിപ്പിക്കാനും കിയ ശ്രമിക്കുന്നുണ്ട്.