ദ്യമായി സ്വന്തമാക്കുന്ന വാഹനം, വീട് എന്നിവയോട് ആളുകള്‍ക്ക് ഒരു വൈകാരിക ബന്ധമുണ്ടാകുന്നത് സ്വാഭാവികമാണ്. അതുകൊണ്ട് തന്നെ ഇത് വിറ്റ് ഒഴിവാക്കുക എന്നത് പലര്‍ക്കും ഏറ്റവും വിഷമമുള്ള ഒന്നാണ്. ഇത്തരത്തില്‍ ആദ്യമായി സ്വന്തമാക്കിയ വാഹനം വില്‍ക്കാന്‍ മനസ് അനുവദിക്കാത്തതിനെ തുടര്‍ന്ന് കാറിനെ കിടക്കയാക്കി രൂപമാറ്റം വരുത്തിയതിന്റെ വീഡിയോയാണ് ഇപ്പോള്‍ റോഷന്‍ സൂദ് എന്ന യൂട്യൂബ് ചാനലില്‍ തരംഗമായി മാറുന്നത്.

1998 മോഡല്‍ മാരുതി സെന്‍ കാറാണ് കിടക്കയുടെ രൂപത്തിലേക്ക് മാറിയിരിക്കുന്നത്. വാഹനത്തിന് കാലപ്പഴക്കം നേരിട്ടതിനെ തുടര്‍ന്ന് നിയമപരമായി ഇത് നിരത്തുകളില്‍ ഇറക്കാന്‍ കഴിയാതെ വന്നതോടെയാണ് ഈ ആശയം ഉടലെടുത്തത്. മലിനീകരണം കുറയ്ക്കുന്നതിന്റെ ഭാഗമായി 15 വര്‍ഷത്തില്‍ അധികം പഴക്കമുള്ള വാഹനങ്ങള്‍ക്ക് ഡല്‍ഹിയില്‍ നിരോധനം ഏര്‍പ്പെടുത്തിയതോടെയാണ് ഈ സെന്‍ കാര്‍ നിരത്തില്‍ നിന്ന് നീക്കുന്നത്. എന്നാല്‍, ഇത് വില്‍ക്കാനും ഉടമയുടെ മനസ് അനുവദിച്ചിരുന്നില്ല.

ഒടുവില്‍ ഉപയോഗിക്കാന്‍ കഴിയുന്ന രീതിയില്‍ ഈ വാഹനത്തിന്റെ രൂപം മാറ്റാന്‍ ഉടമ തീരുമാനിക്കുകയായിരുന്നു. നീണ്ട ആലോചനകള്‍ക്ക് ശേഷമാണ് കാറിനെ കിടക്കയാക്കി മാറ്റാന്‍ തീരുമാനിച്ചത്. ഇതേതുടര്‍ന്ന് ആദ്യം വാഹനത്തിന്റെ എന്‍ജിന്‍ നീക്കം ചെയ്യുകയായിരുന്നു. പിന്നീട് സീറ്റ്, സ്റ്റിയറിങ്ങ്, വയറിങ്ങുകള്‍, പെട്രോള്‍ ടാങ്ക് തുടങ്ങി അകത്തളത്തിലെ ഫീച്ചറുകളും നീക്കം ചെയ്യുകയായിരുന്നു. ഒടുവില്‍ വാഹനത്തിന്റെ റൂഫും മുറിച്ച് മാറ്റി.

ഇതിനുശേഷം. വാഹനത്തിന്റെ കൂര്‍ത്ത ഭാഗങ്ങള്‍ സ്മൂത്താക്കുകയും പിന്നീട് ഇവിടെ സ്‌പോഞ്ച് ഉപയോഗിച്ച് വരമ്പ് ഒരുക്കുകയും ചെയ്തു. പിന്നീട് ഇതിന് മുകളില്‍ പ്ലൈവുഡ് നല്‍കി കിടക്കയൊരുക്കുകയായിരുന്നു. ബെഡിന് താഴെയായി വലിയ സ്‌റ്റോറേജ് സ്‌പേസ് ഒരുക്കുകയും ചെയ്തു. ബെഡില്‍ നല്‍കിയിട്ടുള്ള പ്ലൈവുഡ് മടക്കിയും വശങ്ങളിലെ ഡോറുകള്‍ തുറന്നും ബെഡിന് താഴെ നല്‍കിയിട്ടുള്ള സ്‌റ്റോറേജ് സ്‌പേസ് ഉപയോഗിക്കാന്‍ സാധിക്കും.

വാഹനത്തിന്റെ എന്‍ജിന്‍ കംപാര്‍ട്ട്‌മെന്റിന്റെ ഭാഗം വേണ്ടപോലെ ഉപയോഗിക്കാന്‍ ഉടമയ്ക്ക് സാധിച്ചിട്ടില്ല. അതുകൊണ്ട് തന്നെ ഈ ഭാഗത്ത് ബ്ലൂടൂത്ത് സ്പീക്കര്‍ നല്‍കാനാണ് വാഹനത്തിന്റെ ഉടമയുടെ പദ്ധതി. ഈ വാഹനത്തില്‍ നല്‍കിയിരുന്ന ഹെഡ്‌ലാമ്പും ടെയ്ല്‍ലാമ്പും അതുപോലെ തന്നെ നിലനിര്‍ത്തിയിട്ടുണ്ട്. കാര്‍ കിടക്കയ്ക്ക് വാഹനത്തിന്റെ ലുക്ക് നിലനിര്‍ത്തുന്നതിനായാണ് ഇവ നിലനിര്‍ത്തിയിട്ടുള്ളതെന്നാണ് വിലയിരുത്തലുകള്‍.

Source: Cartoq

Content Highlights: Maruti Zen Converts In To Bed; Old Car, 1998 Maruti Zen