മാരുതി എക്സ്.എൽ.6 | ഫോട്ടോ: ശംഭു വി.എസ്.
'ബെലേനോ', 'എര്‍ട്ടിഗ', ഇപ്പോഴിതാ 'എക്സ്.എല്‍.6'... മാരുതിയുടെ കളികള്‍ കാണാനിരിക്കുന്നതേയുള്ളു. പുതിയ 'എക്സ്.എല്‍.6'-നെ മുന്നില്‍നിര്‍ത്തി എം.പി.വി. ശ്രേണിയില്‍ മത്സരം ശക്തമാക്കാനുള്ള ഒരുക്കത്തിലാണ് മാരുതി. 'എക്സ്.എല്‍.6'-ഉം 'എര്‍ട്ടിഗ'യും തമ്മില്‍ ഉയരത്തിലും നീളത്തിലും വീതിയിലുമെല്ലാം അന്തരമുണ്ടെങ്കിലും വീല്‍ബേസിന്റെ കാര്യത്തില്‍ സമന്മാരാണ്. 'ഇന്നോവ'യും 'എക്സ്.എല്‍.6'-ഉം തമ്മില്‍ വെറും പത്ത് മില്ലിമീറ്ററിന്റെ വ്യത്യാസം മാത്രമേയുള്ളു. ഈ പത്ത് മില്ലിമീറ്ററില്‍ വിലയുടെ വ്യത്യാസവും കണക്കിലെടുക്കണം. അവിടെയാണ് മാരുതി തങ്ങളുടെ കഴിവ് കാണിക്കുന്നത്. ശരിക്കും പ്രീമിയം എം.പി.വി.യായി മാറ്റിയിരിക്കുകയാണ് പുതിയ 'എക്സ്.എല്‍.6'-നെ. പുറത്തും അകത്തുമെല്ലാം നിരവധി മാറ്റങ്ങളുമായാണ് പുതിയ വാഹനമെത്തിയിരിക്കുന്നത്. ബെംഗളൂരുവില്‍ നടന്ന ടെസ്റ്റ്ഡ്രൈവില്‍ ശരിക്കും ഞെട്ടിച്ചുകളഞ്ഞു മാരുതി.
പുറമഴക്
എം.പി.വി. എന്നതിലുപരി എസ്.യു.വി.യുടെ കാഴ്ചയാണ് പുതിയ 'എക്സ്.എല്‍.6' നല്‍കുന്നത്. ഗ്രില്ലിന് നടുവിലൂടെ പോകുന്ന കടുത്ത ക്രോം ലൈനാണ് മുന്നിലെ ഹൈലൈറ്റ്. അതുകൊണ്ടുതന്നെ മുന്‍ഭാഗത്തെ പതിഞ്ഞ കാഴ്ചമാറി കരുത്തന് ലുക്ക് വന്നു. ഗ്രില്ലും എല്‍.ഇ.ഡി. ഹെഡ്ലൈറ്റ് ക്ലസ്റ്ററും ഡി.ആര്.എല്ലുമെല്ലാം ചേര്‍ത്ത് ഒരൊറ്റ ക്ലസ്റ്ററാക്കി മാറ്റി. താഴെയുള്ള ഫോഗ്ലാമ്പിനു ചുറ്റും കറുത്ത ക്ലാഡിങ്ങും വന്നു.
പതിനാറ് ഇഞ്ച് അലോയ് വീലുകളാണുള്ളത്. മുന്‍വശം മുതല്‍ ടെയില്‍ ലാമ്പ് വരെ നീണ്ടുകിടക്കുന്ന കടുത്ത ബോഡിലൈനും വശക്കാഴ്ചയ്ക്ക് കൂടുതല്‍ പ്രൗഢിനല്കുന്നുണ്ട്. റൂഫ് റെയിലും ഷാര്‍ക്ക്ഫിന്‍ ആന്റിനയും വന്നു. ചില്ലുകളില്‍ ഫിലിം ഒട്ടിക്കേണ്ട ആവശ്യമില്ല. ടിന്റഡ് ഗ്ലാസ് കമ്പനിതന്നെ നല്കി. മുന്നിലെയും പിന്നിലെയും ചില്ലുകള്‍ അള്‍ട്രാവയലറ്റ് രശ്മികളെ പ്രതിരോധിക്കുമെന്ന് കമ്പനി പറയുന്നു. അതിനാല്‍ ചുട്ടുപൊള്ളുന്ന വെയിലത്തിട്ടാലും അകം അത്രപെട്ടെന്ന് പൊള്ളില്ല... അത് അനുഭവസാക്ഷ്യം.
അകമഴക്
കറുപ്പുനിറമാണ് അകത്ത്. പ്രീമിയം കാഴ്ചയ്ക്ക് അത് ഗുണംചെയ്യുന്നുണ്ട്. സീറ്റുകള്‍ കൂടുതല്‍ ആകര്‍ഷകമായിട്ടുണ്ട്. മുന്നിലെ രണ്ട് സീറ്റുകള്‍ വെന്റിലേറ്റഡാക്കി. ഒറിജിനല്‍ തുകലിനെ വെല്ലുന്ന ഗുണനിലവാരം സീറ്റുകളില്‍ ഉറപ്പാക്കിയിട്ടുണ്ട്. ഡാഷ്ബോര്‍ഡും സുന്ദരമാണ്. കറുപ്പും വുഡന്‍ ഫിനിഷുമെല്ലാം സമംചേര്ത്തിരിക്കുന്നു. എ.സി. വെന്റുകള്‍ ഡാഷ്ബോര്‍ഡില്‍ നെടുനീളത്തില്‍ കിടക്കുന്നു. എന്നാല്‍, നാലു വെന്റുകളുടെ സ്ഥാനമൊഴിച്ച് ബാക്കിയൊക്കെ ഡമ്മിയാണ്.
ആവശ്യത്തിന് സ്റ്റോറേജ്സ്പേസെല്ലാം നല്‍കിയിട്ടുണ്ട്. ഏഴിഞ്ച് ടച്ച് സ്ക്രീനിലാണ് മാരുതിയുടെ പുതിയ സാങ്കേതികവിദ്യകളെല്ലാം ഒത്തുചേര്‍ന്ന സുസുക്കി കണക്ടുള്ളത്. കൂടാതെ അലക്സയെക്കൂടി മാരുതി കൂടെക്കൂട്ടിയിട്ടുണ്ട്. അലക്സയുമായി കണക്ട് ചെയ്താല്‍ വാഹനം സ്റ്റാര്‍ട്ടാക്കാനും എ.സി. പ്രവര്‍ത്തിപ്പിക്കാനുമെല്ലാം കഴിയും. അനലോഗ് മീറ്ററാണ് ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററില്‍. അതിനു നടുക്ക് ഡിജിറ്റല്‍ കളര്സ്ക്രീനുമുണ്ട്.
കരുത്ത്
പുതിയ കെ സീരീസ് 1.5 ലിറ്റര്‍ ഡ്യുവല്‍ ജെറ്റ് എന്‍ജിനാണ് 'എക്സ്.എല്‍.6'-ല്‍. മാനുവലിന് 21 കിലോമീറ്ററും ഓട്ടോമാറ്റിക്കിന് 20 കിലോമീറ്ററുമാണ് കമ്പനി പറയുന്ന ഇന്ധനക്ഷമത. ഓട്ടോമാറ്റിക്കില്‍ പാഡില്‍ ഷിഫ്റ്റുകൂടി വന്നപ്പോള്‍ ഡ്രൈവിങ് കുറേക്കൂടി ലളിതമായി. തുടക്കത്തിലുള്ള കുതിപ്പ് മാന്വല്‍ ഗിയര്ഷിഫ്റ്റിലാണ് ശരിക്കുമറിയുന്നത്. ഓട്ടോമാറ്റിക്കില്‍ തുടക്കത്തില്‍ ചെറിയൊരു ലാഗുണ്ട്. എന്നാല്‍, മുകളിലെ ഗിയറുകളിലേക്ക് കയറുമ്പോള്‍ കൂള്‍ ഡ്രൈവിങ്ങിലേക്ക് മാറും. സസ്പെന്‍ഷനിലാണ് മാരുതിയുടെ മറ്റൊരദ്ഭുതം. ഇതുവരെ മാരുതിയുടെ മറ്റ് വാഹനങ്ങളില്‍ കാണാത്ത സുഖപ്രദമായ യാത്രയാണ് 'എക്സ്.എല്‍.6' നല്‍കുന്നത്. 11.29 ലക്ഷം രൂപ മുതല്‍ 14.55 ലക്ഷം വരെയാണ് വാഹനത്തിന് വിലവരുന്നത്.
Content Highlights: Maruti XL6 premium MPV launched with high millage and high tech features, Maruti XL6
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..