രാജ്യത്തെ മുന്‍നിര കാര്‍ നിര്‍മാതാക്കളായ മാരുതി സുസുക്കിയുടെ ആദ്യ ഇലക്ട്രിക് വാഹനം അടുത്ത വര്‍ഷം വിപണിയില്‍ അവതരിക്കാന്‍ ഒരുങ്ങുന്നു. വാഗണ്‍ ആറിന്റെ ഇലക്ട്രിക് മോഡലാണ് മാരുതിയില്‍നിന്ന് ആദ്യമെത്തുന്നത്. 

2020-ല്‍ വാഹനം ലഭ്യമാക്കാന്‍ മാരുതി സജ്ജമാണ്. എന്നാല്‍ ഉപഭോക്താക്കളുടെ താത്പര്യം അനുസരിച്ചാവും പുറത്തിറക്കുക. നിലവില്‍ മാരുതി സുസുക്കിയുടെ 50 ഇലക്ട്രിക് വാഗണ്‍ ആറുകള്‍ പരീക്ഷണ ഘട്ടത്തിലാണ്. 

ചെറിയ കാറിന്റെ ഇലക്ട്രിക് പതിപ്പിന് 12 ലക്ഷം രൂപ വരെ വില വരും. അതേസമയം പുതിയ വാഗണ്‍ ആര്‍ പെട്രോള്‍ മോഡലിന് 4.20-5.70 ലക്ഷം രൂപയാണ് ഡല്‍ഹി എക്‌സ്‌ഷോറൂം വില. പരിസ്ഥിതി സൗഹൃദ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് 12 ശതമാനം നികുതി ഇളവ് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. 

റഗുലര്‍ വാഗണ്‍ ആര്‍ ഹാച്ച്ബാക്കില്‍നിന്ന് ചെറിയ ചില മാറ്റങ്ങള്‍ മാത്രമേ ഇലക്ട്രിക് പതിപ്പിനുള്ളു. ടോള്‍ ബോയ് സ്‌റ്റൈല്‍ അനുകരിച്ചാണ് ഇലക്ട്രിക് വാഗണ്‍ ആറും എത്തുന്നത്. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ ഏകദേശം 200 കിലോമീറ്റര്‍ ദൂരം പിന്നിടാന്‍ ഇലക്ട്രിക് വാഗണ്‍ ആറിന് സാധിക്കും. ബാറ്ററി ശേഷി സംബന്ധിച്ച കൂടുതല്‍ വിവരങ്ങളൊന്നും കമ്പനി വ്യക്തമാക്കിയിട്ടില്ല.

Content Highlights; Wagon R Electric, Maruti Wagon R Electric, Electric Cars