ഡീസല്‍ എന്‍ജിനില്‍ മാത്രം പുറത്തിറങ്ങിയിരുന്ന മാരുതിയുടെ കോംപാക്ട് എസ്‌യുവി മോഡലായ ബ്രെസയുടെ പെട്രോള്‍ മോഡല്‍ എത്തിക്കുമെന്ന് മാരുതി മുമ്പ് തന്നെ അറിയിച്ചിരുന്നു. എന്നാല്‍, എന്‍ജിന്റെ കരുത്ത് കരുത്ത് സംബന്ധിച്ച് ഏതാനും വിവരങ്ങള്‍ ഇപ്പോള്‍ പുറത്തായിരിക്കുകയാണ്.

മാരുതിയുടെ വിവിധ മോഡലുകള്‍ക്കായി വികസിപ്പിക്കുന്ന ബിഎസ്-6 നിലവാരത്തിലുള്ള 1.2 ലിറ്റര്‍ ഡ്യുവല്‍ജെറ്റ് എന്‍ജിനിലായിരിക്കും ബ്രെസയുടെ പെട്രോള്‍ മോഡല്‍ ഒരുങ്ങുകയെന്നാണ് സൂചന. ആദ്യഘട്ടത്തില്‍ മാരുതിയുടെ ബലേനൊയിലാണ് ഈ എന്‍ജിന്‍ നല്‍കുക.

കെ12സി ഡ്യുവല്‍ജെറ്റ് എന്നാണ് പെട്രോള്‍ എന്‍ജിന് പേര് നല്‍കിയിരിക്കുന്നത്. ഇത് 90 ബിഎച്ച്പി പവറും 120 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കും. ഇതിനൊപ്പം നല്‍കാന്‍ അഞ്ച് സ്പീഡ് ഗിയര്‍ബോക്‌സും മാരുതി പുതുതായി വികസിപ്പിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.

നിലവില്‍ മാരുതിയുടെ വാഹനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന കെ12ബി 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിനുകളെക്കാള്‍ എഴ് ബിച്ച്പി കൂടുതല്‍ കരുത്തും അഞ്ച് എന്‍എം കൂടുതല്‍ ടോര്‍ക്കും പുതിയ എന്‍ജിന്‍ ഉത്പാദിപ്പിക്കുമെന്നാണ് മാരുതി അവകാശപ്പെടുന്നത്. 

പെട്രോള്‍ മോഡല്‍ അവതരിപ്പിക്കുന്നതിന് പുറമെ പുതിയ 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിനും ബ്രെസയില്‍ നല്‍കുന്നുണ്ട്. മുമ്പുണ്ടായിരുന്ന 1.3 ലിറ്റര്‍ ഡിഡിഐഎസ് എന്‍ജിന് പകരമാണ് പുതിയ എന്‍ജിന്‍ നല്‍കുന്നത്. 2020-ല്‍ മുതലാണ് പുതിയ കരുത്തിലുള്ള ബ്രെസ എത്തുന്നത്.

Content Highlights: Maruti Vitara Brezza Petrol likely to get 90bhp, 1.2L DualJet Engine