ന്ത്യന്‍ നിരത്തുകള്‍ക്കായി മാരുതിയുടെ ഇലക്ട്രിക് മോഡല്‍ ഒരുങ്ങുന്നത് രഹസ്യമല്ല. മാരുതിയുടെ ഹാച്ച്ബാക്ക് മോഡലായ വാഗണ്‍ആറിനെ അടിസ്ഥാനമാക്കി ഒരുങ്ങുന്ന ഈ വാഹനത്തിന്റെ പേര് XL5 എന്നായിരിക്കുമെന്ന് റിപ്പോര്‍ട്ട്. 2021-ന്റെ തുടക്കത്തില്‍ അവതരിപ്പിക്കാനൊരുങ്ങുന്ന ഈ വാഹനം പ്രീമിയം ഡീലര്‍ഷിപ്പായ നെക്‌സയിലൂടെയായിരിക്കും പുറത്തിറങ്ങുക. 

ഇ-വാഗണ്‍ആര്‍ എന്നായിരിക്കും ഈ വാഹനത്തിന് പേര് നല്‍കുകയെന്നായിരുന്നു ആദ്യ സൂചനകള്‍. എന്നാല്‍, XL5 എന്നായിരിക്കും മാരുതിയുടെ ആദ്യ ഇലക്ട്രിക് വാഹനത്തിന്റെ പേര് എന്നാണ് പുതിയ റിപ്പോര്‍ട്ട്. ഒരിടിവേളയ്ക്ക് ശേഷം ഈ വാഹനം വീണ്ടും പരീക്ഷണയോട്ടത്തിന് ഇറങ്ങിയതോടെയാണ് 2021 ആദ്യം തന്നെ ഈ വാഹനമെത്തുമെന്ന് പ്രതീക്ഷിക്കുന്നത്. 

പുതുതലമുറ വാഗണ്‍ആറിനും സുസുക്കി സോളിയോയ്ക്കും സമാനമായി ടാള്‍ബോയ് ഡിസൈനിലാണ് XL5-ഉം ഒരുങ്ങിയിട്ടുള്ളത്. റേഡിയേറ്റര്‍ ഗ്രില്ലും എല്‍ഇഡി ഹെഡ്‌ലാമ്പും ഡിആര്‍എല്ലും ഈ വാഹനത്തിന്റെ മുന്‍വശത്തെ വാഗണ്‍ആറില്‍ നിന്നും വ്യത്യസ്തമാക്കും. ഇടതുവശത്ത് മുന്നിലേയും പിന്നിലേയും ചക്രങ്ങള്‍ക്ക് മുകളിലായി രണ്ട് ചാര്‍ജിങ് പോയിന്റുകള്‍ വാഹനത്തിലുണ്ട്.

വശങ്ങളിലും വ്യത്യസ്തത നിഴലിക്കുന്നുണ്ട്. പുതുമയുള്ള ബി പില്ലറാണ് XL5-ലുള്ളത്. മുകളില്‍ കനം കുറഞ്ഞ് താഴേക്ക് വരുന്തോറും വീതി കൂടി വരുന്ന ബി പില്ലറാണിതിലുള്ളത്. ബി പില്ലറിന്റെ മുകള്‍ ഭാഗത്ത് കറുപ്പ് നിറവും ബോഡിയില്‍ ഗ്രാഫിക്‌സും നല്‍കുന്നുണ്ട്. സി പില്ലറിന് തൊട്ടുമുന്നിലായി കറുപ്പ് നിറത്തിലുള്ള മറ്റൊരു പില്ലറും XL5-നെ കൂടുതല്‍ സ്റ്റൈലിഷാക്കും.

ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 200 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ ശേഷിയുള്ള ബാറ്ററിയായിരിക്കും ഇതില്‍ നല്‍കുകയെന്നാണ് മാരുതി മുമ്പ് അറിയിച്ചിട്ടുള്ളത്. സ്റ്റാന്റേഡ്, ഡിസി ഫാസ്റ്റ് ചാര്‍ജിങ്ങ് സംവിധാനങ്ങള്‍ ഇതിലൊരുങ്ങും. സ്റ്റാന്റേഡ് ചാര്‍ജര്‍ ഉപയോഗിച്ച് ഏഴ് മണിക്കൂറില്‍ ബാറ്ററി പൂര്‍ണമായും ചാര്‍ജ് ചെയ്യാം.

Content Highlights; Maruti To Be Named XL5 For First Electric Model