മാരുതി സുസുക്കിയുടെ പ്രീമിയം വാഹന വില്‍പ്പന ശൃംഖലയായ നെക്‌സ ആറാം വയസിലേക്ക്. ഇതിനോടകം 14 ലക്ഷത്തിലധികം വാഹനങ്ങള്‍ നെക്‌സയിലൂടെ ഇന്ത്യന്‍ നിരത്തുകളില്‍ എത്തിയിട്ടുണ്ടെന്നാണ് മാരുതി സുസുക്കി അവകാശപ്പെടുന്നത്. 2020-ല്‍ മാരുതിയുടെ മൊത്ത വില്‍പ്പനയുടെ 20 ശതമാനം നെക്‌സയിലൂടെയാണെന്നും മാരുതി സുസുക്കി വെളിപ്പെടുത്തിയിരുന്നു.

പ്രീമിയം വാഹനങ്ങള്‍ മാത്രം വില്‍ക്കുന്നതിനായി 2015 ജൂലൈയിലാണ് മാരുതി സുസുക്കി പ്രത്യേകം വില്‍പ്പന ശൃംഖല ആരംഭിച്ചത്. എസ്-ക്രോസ് എന്ന ക്രോസ്-ഓവര്‍ മോഡലാണ് ആദ്യമായി നെക്‌സ്‌യിലൂടെ വില്‍പ്പനയ്ക്ക് എത്തിയത്. പിന്നീട് ബൊലേനോ, ഇഗ്നീസ്, സിയാസ്, എക്‌സ്.എല്‍.6 തുടങ്ങിയ വാഹനങ്ങളും നെക്‌സയില്‍ വില്‍പ്പനയ്ക്ക് എത്തുകയായിരുന്നു. 

നെക്‌സ എന്ന വില്‍പ്പന ശൃംഖലയിലൂടെ ഉപയോക്താക്കള്‍ക്ക് പുതിയ വാങ്ങല്‍ അനുഭവം ഉറപ്പാക്കാന്‍ മാരുതിക്ക് കഴിഞ്ഞിട്ടുണ്ടെന്നാണ് മാരുതി സുസുക്കി ഇന്ത്യ അവകാശപ്പെടുന്നത്. മാരുതിയുടെ വാഹനം പരിഗണിക്കാതിരുന്നവര്‍ പോലും നെക്‌സ ഡീലര്‍ഷിപ്പ് എത്തിയതോടെ മാരുതിയുടെ ഉപയോക്താക്കളായെന്നും മാരുതി സുസുക്കി മേധാവി ഷഷാങ്ക് ശ്രീവാസ്തവ അഭിപ്രായപ്പെട്ടു. 

ഇന്ത്യയിലെ 234 നഗരങ്ങളിലായി 380 ഔട്ട്‌ലെറ്റുകളാണ് നെക്‌സയ്ക്കുള്ളത്. 2015-ല്‍ പ്രവര്‍ത്തനം ആരംഭിച്ച ഈ പ്രീമിയം ഡീലര്‍ഷിപ്പ് 2016-ല്‍ 100 എണ്ണമായി ഉയര്‍ത്തിയിരുന്നു. 2017-ല്‍ 200 ഡീലര്‍ഷിപ്പുകളാണ് നെക്‌സയ്ക്ക് ഉണ്ടായിരുന്നത്. ഡീലര്‍ഷിപ്പുകള്‍ക്ക് പുറമെ, നെക്‌സ എക്‌സ്‌ക്ലൂസീവ് സര്‍വീസ് ടച്ച്‌പോയന്റ്‌സ് ഒരുക്കാനുള്ള നീക്കത്തിലാണ് കമ്പനി എന്നാണ് റിപ്പോര്‍ട്ടുകള്‍.

മാരുതിയുടെ ക്രോസ് ഓവര്‍ മോഡലായ എസ്-ക്രോസാണ് നെക്സയിലൂടെ വില്‍പ്പനയ്ക്കെത്തിയ ആദ്യ വാഹനം. ഇതിനുപിന്നാലെ മാരുതിയുടെ ബലേനൊയുമെത്തുകയായിരുന്നു. ഈ രണ്ട് മോഡലുകളും 2015-ല്‍ തന്നെ എത്തിയിരുന്നു. തുടര്‍ന്ന് 2017-ല്‍ ഇഗ്‌നീസ്, സിയാസ് മോഡലുകള്‍ നെക്സയിലെത്തി. ഏറ്റവുമൊടുവില്‍ 2019-ല്‍ മാരുതിയുടെ എംപിവിയായ എക്സ്എല്‍6 ആണ് ഇതിലെത്തിയത്.

Content Highlights: Maruti Suzuku Nexa Complete Six Years In India, Sells 14 Lakhs Cars