മാരുതി സുസുക്കിയുടെ വാന്‍ ശ്രേണിയിലെ വാഹനമായ ഈക്കോയുടെ ബിഎസ്-6 എന്‍ജിന്‍ സിഎന്‍ജി പതിപ്പ് അവതരിപ്പിച്ചു. യാത്ര വാഹനമായും കാര്‍ഗോ വാനായും എത്തുന്ന ഈക്കോ സിഎന്‍ജിക്ക് 4.95 ലക്ഷം രൂപ മുതലാണ് ഡല്‍ഹിയിലെ എക്‌സ്‌ഷോറൂം വില. 

സ്വകാര്യ ഉപയോക്താക്കളെയും ടാക്‌സികളെയും ലക്ഷ്യമാക്കിയാണ് ഈക്കോയുടെ സിഎന്‍ജി പതിപ്പ് എത്തിയിട്ടുള്ളത്. ടാക്‌സി ഉപയോഗത്തിനായി വൈകാതെ ടൂര്‍-വി എന്ന അഞ്ച് സീറ്റര്‍ പതിപ്പും എത്തുന്നുണ്ട്. 4.94 ലക്ഷം രൂപയായിരിക്കും ടൂര്‍-വിയുടെ വിലയെന്നാണ് റിപ്പോര്‍ട്ട്.

ഇക്കോയുടെ കാര്‍ഗോ സിഎന്‍ജിന്‍ മോഡലിന്റെ എസി ഇല്ലാത്ത പതിപ്പ് 4.64 ലക്ഷം രൂപയും എസി നല്‍കിയിട്ടുള്ള മോഡലിന് 5.06 ലക്ഷം രൂപയുമാണ് വില. ഇത് വാണിജ്യ പെര്‍മിറ്റില്‍ മാത്രമായിരിക്കും നിരത്തിലെത്തുകയെന്നാണ് സൂചനകള്‍.

എസി അടിസ്ഥാന ഫീച്ചറായി പാസഞ്ചര്‍ ഇക്കോയില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. ഇതിനൊപ്പം സുരക്ഷ സന്നാഹങ്ങളായ ഡ്രൈവര്‍ സൈഡ് എയര്‍ബാഗ്, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍, എബിഎസ്, റിവേഴ്‌സ് പാര്‍ക്കിങ്ങ് സെന്‍സര്‍, സ്പീഡ് അലേര്‍ട്ട് സിസ്റ്റം എന്നിവയും ഇക്കോയിലുണ്ട്.

ബിഎസ്-6 നിലവാരത്തിലുള്ള എന്‍ജിനിലേക്ക് മാറുന്ന മാരുതിയുടെ നാലാമത്തെ സിഎന്‍ജി വാഹനമാണ് ഈക്കോ. ആള്‍ട്ടോ, വാഗണ്‍ആര്‍, എര്‍ട്ടിഗ എന്നിവയാണ് ഈക്കോയുടെ സിഎന്‍ജി മുന്‍ഗാമികള്‍.

ബിഎസ്-6 നിലവാരത്തിലുള്ള 1.2 ലിറ്റര്‍ സിഎന്‍ജി ഫോര്‍ സിലിണ്ടര്‍ എന്‍ജിനാണ് ഈ വാഹനത്തിന് കരുത്തേകുന്നത്. 1196 സിസിയില്‍ 73 ബിഎച്ച്പി പവറും 101 എന്‍എം ടോര്‍ക്കുമാണ് എന്‍ജിന്‍ ഉത്പാദിപ്പിക്കുന്നത്. അഞ്ച് സ്പീഡ് മാനുവലാണ് ട്രാന്‍സ്മിഷന്‍.

Source: Autocar India

Content Highlights; Maruti Suzuku Eeco CNG BS6 Engine Model Launched