മാരുതി XL6 | Photo: Nexa Experience
മാരുതിയുടെ എര്‍ട്ടിഗയുടെ പുതിയ പതിപ്പ് വിപണിയിലെത്തി ദിവസങ്ങള്‍ക്കുള്ളില്‍ ഈ വാഹനത്തിന്റെ കൂടെപ്പിറപ്പായ പ്രീമിയം എം.പി.വി. മോഡല്‍ XL6-ഉം മുഖം മിനുക്കി എത്തിയിരിക്കുകയാണ്. പുറംമോടിയിലെ മിനുക്കുപണികള്‍ക്കൊപ്പം അകത്തളത്തില്‍ പുതുപുത്തന്‍ ഫീച്ചറുകളുമായാണ് XL6-ന്റെ 2022 പതിപ്പ് എത്തിയിട്ടുള്ളത്. മൂന്ന് വേരിയന്റുകളില്‍ എത്തിയിട്ടുള്ള ഈ പ്രിമിയം എം.പി.വി. വാഹനത്തിന് 11.29 ലക്ഷം രൂപ മുതല്‍ 14.55 ലക്ഷം രൂപ വരെയാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില.
ലുക്കിലും ഫീച്ചറുകളിലും എണ്ണം പറഞ്ഞ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ടെങ്കിലും എടുത്ത് പറയേണ്ട മാറ്റം എന്‍ജിനിലും ട്രാന്സ്മിഷനിലുമാണെന്നാണ് നിര്‍മാതാക്കള്‍ പറയുന്നത്. കിയ കാരന്‍സ്, റെനോ ട്രൈബര്‍, മഹീന്ദ്ര മരാസോ തുടങ്ങിയ വാഹനങ്ങളാണ് എക്സ്.എല്‍.6-ന്റെ പ്രധാന എതിരാളികള്‍. എന്നാല്‍, സെഗ്മെന്റ് അടിസ്ഥാനത്തില്‍ പരിഗണിച്ചാല്‍ ടൊയോട്ട ഇന്നോവ ക്രിസ്റ്റയും മാരുതിയുടെ ഈ പ്രീമിയം എം.പി.വിയുടെ എതിര് സ്ഥാനത്താണ് വരുന്നത്.
സെറ്റ, ആല്‍ഫ, ആല്‍ഫ പ്ലസ് എന്നീ മൂന്ന് വേരിയന്റുകള്‍ക്കൊപ്പം ആല്‍ഫ പ്ലസിന്റെ ഡ്യുവല്‍ ടോണിലുമാണ് XL6 എത്തുന്നത്. നെക്സയുടെ ക്രാഫ്റ്റഡ് ഫ്യൂച്ചറിസം ഡിസൈന്‍ ശൈലിയിലാണ് പുതിയ XL6- ഒരുങ്ങിയിരിക്കുന്നത്. മുന്‍ മോഡലിനെക്കാള്‍ പ്രീമിയമായതാണ് ഡിസൈന്‍ സവിശേഷത. ക്രോമിയം ഗാര്‍ണിഷുകള്‍ നല്കി അലങ്കരിച്ച പുതിയ ഗ്രില്ല്, എല്‍.ഇ.ഡിയില്‍ ഒരുങ്ങിയിട്ടുള്ള പുതിയ ഹെഡ്ലാമ്പ് എന്നിവയാണ് മുഖഭാവത്തില്‍ വരുത്തിയിട്ടുള്ള മാറ്റങ്ങള്‍.
മുഖഭാവത്തില്‍ അവസാനിക്കുന്നതല്ല എക്സ്റ്റീരിയറിലെ മാറ്റം. 16 ഇഞ്ച് വലിപ്പത്തില്‍ പുതിയ അലോയി വീല്‍, ഗ്ലോസി ബ്ലാക്ക് നിറത്തില്‍ ഒരുങ്ങിയിട്ടുള്ള ബി,സി പില്ലറുകള്‍, ഡോറിന്റെ താഴായായി നല്‍കിയിട്ടുള്ള ക്രോമിയം പാനല്‍, വീതിയുള്ള പ്ലാസ്റ്റിക് വീല്‍ ആര്‍ച്ച്. ത്രീഡി എഫക്ടില്‍ ഒരുങ്ങിയിട്ടുള്ള ടെയില്‍ ലൈറ്റുകളും പുതിയ ഡിസൈനില്‍ ഒരുങ്ങിയിട്ടുള്ള ബമ്പറുമാണ് ഈ എം.പി.വിയുടെ പിന്‍ഭാഗത്തിന് പുതുമയേകുന്നത്. മൂന്ന് നിറങ്ങളില്‍ ഡ്യുവല്‍ ടോണ്‍ പതിപ്പും എത്തുന്നുണ്ട്.
ഏറ്റവും പുതിയ എര്‍ട്ടിഗയില്‍ നല്‍കിയിട്ടുള്ള ഫീച്ചറുകള്‍ XL6-ലുമുണ്ട്. സാങ്കേതികവിദ്യയിലെ പുതുമയാണ് അകത്തളത്തില്‍ എടുത്ത് പറയേണ്ടത്. ഏഴ് ഇഞ്ച് വലിപ്പമുള്ള സ്മാര്‍ട്ട്പ്ലേ സ്റ്റുഡിയോ പ്രോ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റമാണുള്ളത്. ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍ മുന്‍ മോഡലിലേതാണ്. 40 കണക്ടഡ് കാര്‍ ഫീച്ചറുകളാണ് XL6-ലുമുള്ളത്. സോഫ്റ്റ് ടച്ച് ആംറെസ്റ്റും ടെലിസ്കോപിക് ആയി അഡ്ജസ്റ്റ് ചെയ്യാന്‍ സാധിക്കുന്ന സ്റ്റിയറിങ്ങ് വീലും പുതുമായണ്.
മെക്കാനിക്കലായി വലിയ മാറ്റമാണ് ഈ വാഹനത്തില്‍ നല്‍കിയിരിക്കുന്നത്. 1.5 ലിറ്റര്‍ കെ15സി സീരീസ് ഡ്യുവല്‍ ജെറ്റ് വി.വി.ടി. പെട്രോള്‍ എന്‍ജിനാണ് ഈ വാഹനത്തിലുള്ളത്. ഇതിനൊപ്പം മാരുതിയുടെ സ്മാര്‍ട്ട് ഹൈബ്രിഡ് സാങ്കേതികവിദ്യയും നല്‍കുന്നുണ്ട്. 103 ബി.എച്ച്.പി. പവറും 136.8 എന്‍.എം. ടോര്‍ക്കുമാണ് എന്‍ജിന്റെ കരുത്ത്. ആറ് സ്പീഡ് ടോര്‍ക്ക് കണ്‍വേര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്സാണ് ട്രാന്‍സ്മിഷനിലെ പുതുമ. ഇതിനൊപ്പം പാഡില്‍ ഷിഫ്റ്റും നല്‍കുന്നുണ്ട്. മാനുവല്‍ ട്രാന്സ്മിഷന് മുന്‍ മോഡലിലേത് തന്നെയാണ്.
Content Highlights: Maruti Suzuki XL6 Facelift Model Launched In India; Prices Begin At 11.29 Lakh Rupees
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..