പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി
ഇന്ത്യയിലേയും ലോകത്തിലേയും ഭൂരിഭാഗം വാഹന നിര്‍മാതാക്കളും ഇലക്ട്രിക് വാഹനങ്ങളുടെ നിര്‍മാണത്തിലേക്ക് തിരിഞ്ഞിരിക്കുകയാണ്. ഇവിടെ മറ്റ് കമ്പനികളില്‍ നിന്നും ഇന്ത്യയിലെ ഏറ്റവും വലിയ വാഹന നിര്‍മാതാക്കളായ മാരുതി വ്യത്യസ്തമാകുന്നത്. ഫോസില്‍ ഇന്ധനങ്ങളെ മാറ്റി നിര്‍ത്താന്‍ ഇലക്ട്രിക് വാഹനങ്ങള്‍ ഒഴികെയുള്ള ബദല്‍ മാര്‍ഗങ്ങളാണ് മാരുതി സുസുക്കി തേടുന്നത്. ഇതില്‍ പ്രഥമ പരിഗണന നല്‍കുന്ന ഫ്‌ളെക്‌സ് ഫ്യുവല്‍ എഥനോള്‍ എന്‍ജിന്‍ വാഹനങ്ങള്‍ക്കാണ്.
85 ശതമാനവും എഥനോളില്‍ പ്രവര്‍ത്തിക്കുന്ന ഇ85 എന്‍ജിനുകളുടെ നിര്‍മാണത്തിലാണ് മാരുതി സുസുക്കി എന്ന് കമ്പനിയുടെ ചീഫ് ടെക്‌നോളജി ഓഫീസര്‍ സി.വി. രാമനെ ഉദ്ധരിച്ച് ഓട്ടോകാര്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍, ഈ എന്‍ജിനുകള്‍ എപ്പോള്‍ യാഥാര്‍ഥ്യമാകുമെന്നത് അദ്ദേഹം വെളിപ്പെടുത്തിയിട്ടില്ല. അതേസമയം, 2023 ഏപ്രില്‍ മാസത്തോടെ മാരുതിയുടെ മുഴുവന്‍ വാഹനങ്ങളിലും ഇ20 അനുസൃതമായ എന്‍ജിനുകള്‍ നല്‍കുന്ന കാര്യവും കമ്പനിയുടെ പരിഗണനയിലാണ്.
ഇന്ധനക്ഷമതയ്ക്ക് പ്രാധാന്യം നല്‍കുന്ന വാഹനങ്ങളാണ് മാരുതി സുസുക്കി ഏതാനും വര്‍ഷങ്ങളായി ഇറക്കുന്നത്. ഇ20 എന്‍ജിനുകള്‍ നല്‍കുന്നതോടെ ഇത് ഒരിക്കല്‍ കൂടി ഉറപ്പിക്കാന്‍ സാധിക്കും. ഇതിനുപുറമെ, ബി.എസ്.6 സംവിധാനത്തില്‍ ഇ85 എന്‍ജിന്‍ വാഹനങ്ങള്‍ ലോകത്ത് ആദ്യമായി എത്തുന്നത് ഇന്ത്യന്‍ വാഹന വിപണിയില്‍ ആയിരിക്കുമെന്നും സി.വി. രാമന്‍ അഭിപ്രായപ്പെട്ടു. ഒന്നിലധികം ഇന്ധനങ്ങള്‍ ഉപയോഗിക്കാന്‍ കഴിയുന്ന വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കണമെന്ന സര്‍ക്കാര്‍ നിലപാടിന് പിന്നാലെയാണ് മാരുതിയുടെ തീരുമാനം.
പെട്രോളും എഥനോളും ഒരുമിച്ച് ഉപയോഗിക്കാന്‍ സാധിക്കുന്നതാണ് ഫ്ളെക്സ് ഫ്യുവല്‍ എന്‍ജിന്റെ സവിശേഷത. പെട്രോളില്‍ പ്രവര്‍ത്തിക്കുന്ന എന്‍ജിനുകളെക്കാള്‍ എമിഷനുകള്‍ കുറവാണെന്നതാണ് ഫ്ളെക്സ് ഫ്യുവല്‍ എന്‍ജിനുകളുടെ പ്രത്യേകത. ഈ എന്‍ജിനിലെ സുപ്രധാന ഘടകമായ എഥനോള്‍ പുറപ്പെടുവിക്കുന്ന കാര്‍ബണിന്റെ അളവ് കുറവാണെന്നതാണ് ഇതിന് കാരണം. സാധാരണ ഇന്റേണല്‍ കംമ്പസ്റ്റിന്‍ എന്‍ജിനുകള്‍ തന്നെയാണ് രണ്ട് ഇന്ധനം ഉപയോഗിക്കാന്‍ സാധിക്കുന്ന രീതിയില്‍ മാറ്റുന്നത്.
എഥനോള്‍ ഉപയോഗിക്കുന്ന വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുമെന്ന് മന്ത്രി നിതിന്‍ ഗഡ്കരി അറിയിച്ചിരുന്നു. ഇതിനായി ഒന്നിലധികം ഇന്ധനങ്ങള്‍ ഉപയോഗിക്കാന്‍ സാധിക്കുന്ന ഫ്ളെക്സ് ഫ്യുവല്‍ എന്‍ജിന്‍ വാഹനങ്ങളുടെ നിര്‍മാണം നിര്‍ബന്ധമാക്കുമെന്നും അദ്ദേഹം അടുത്തിടെ വ്യക്തമാക്കിയിരുന്നു. ഫ്ളെക്സ് ഫ്യുവല്‍ എന്‍ജിന്‍ വാഹനങ്ങള്‍ എപ്പോള്‍ മുതല്‍ വില്‍പ്പനയ്ക്ക് എത്തിക്കാന്‍ സാധിക്കുമെന്നത് സംബന്ധിച്ച് വിശദീകരണം നല്‍കാന്‍ വാഹന നിര്‍മാതാക്കളോട് ആവശ്യപ്പെടുമെന്നും റിപ്പോര്‍ട്ടുണ്ട്.
Source: Autocar India
Content Highlights: Maruti suzuki will bring Flex Fuel vehicle by 2023, Flex Fuel vehicle, Maruti Suzuki


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..