പുതുതലമുറ മാരുതി വാഗണ്‍ ആര്‍ ഹാച്ച്ബാക്കിന്റെ പുതിയ സിഎന്‍ജി വകഭേദം പുറത്തിറങ്ങി. LXi, LXi ഓപ്ഷണല്‍ എന്നീ രണ്ട് വകഭേദങ്ങളിലാണ് സിഎന്‍ജി പതിപ്പ് ലഭ്യമാവുക. യഥാക്രമം 4.84 ലക്ഷം, 4.89 ലക്ഷം രൂപ എന്നിങ്ങനെയാണ് സിഎന്‍ജി വാഗണ്‍ ആറിന്റെ ഡല്‍ഹി എക്‌സ്‌ഷോറൂം വില. റഗുലര്‍ പെട്രോള്‍ വേരിയന്റിനെക്കാള്‍ 65,000 രൂപയോളം കൂടുതലാണിത്.

പെട്രോള്‍ പതിപ്പില്‍ 22.5 കിലോമീറ്റര്‍ മൈലേജ് ലഭിക്കുമ്പോള്‍ വാഗണ്‍ ആര്‍ സിഎന്‍ജിയില്‍ 33.54 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാന്‍ സാധിക്കുമെന്നാണ് കമ്പനി പറയുന്നത്. വാഗണ്‍ ആര്‍ നിരയിലെ എന്‍ട്രി ലെവല്‍ വേരിയന്റാണ് LXi. ഫ്രണ്ട് പവര്‍ വിന്‍ഡോ, 13 ഇഞ്ച് സ്റ്റീല്‍ വീല്‍, മാനുവല്‍ എസി യൂണിറ്റ്, 12V ചാര്‍ജിങ് സോക്കറ്റ്, എബിഎസ്, ഇബിഡി, റിയര്‍ പാര്‍ക്കിങ് സെന്‍സര്‍, സ്പീഡ് അലേര്‍ട്ട് സിസ്റ്റം, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍, സെന്‍ട്രല്‍ ലോക്കിങ് തുടങ്ങിയ നിരവധി സംവിധാനങ്ങള്‍ ബേസ് വേരിയന്റ് സിഎന്‍ജി വാഗണ്‍ ആറിലുണ്ട്. 

1.0 ലിറ്റര്‍ പെട്രോള്‍ എന്‍ജിനൊപ്പമാണ് സിഎന്‍ജി വകഭേദം. 68 പിഎസ് പവറും 90 എന്‍എം ടോര്‍ക്കുമേകും ഈ എന്‍ജിന്‍. 5 സ്പീഡ് മാനുവലാണ് ട്രാന്‍സ്മിഷന്‍. 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിനിലും വാഗണ്‍ ആര്‍ വിപണിയിലുണ്ട്. ഹ്യുണ്ടായ് സാന്‍ട്രോ സിഎന്‍ജിയാണ് വാഗണ്‍ ആര്‍ സിഎന്‍ജിയുടെ പ്രധാന എതിരാളി. വൈകാതെ വാഗണ്‍ ആറിന്റെ ഇലക്ട്രിക് വകഭേദവും മാരുതി പുറത്തിറക്കും. 

Content Highlights; Maruti Suzuki WagonR CNG Priced At Rs 4.84 Lakh