ഇലക്ട്രിക് കരുത്തിലോടുന്ന മാരുതിയുടെ ആദ്യ മോഡലായ വാഗണ്‍ ആര്‍ ഇലക്ട്രിക് അടുത്ത വര്‍ഷം വിപണിയിലെത്തുകയാണ്. പുറത്തുവരുന്ന പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഏഴ് ലക്ഷം രൂപയില്‍ താഴെയാകും ഇലക്ട്രിക് വാഗണ്‍ ആറിന്റെ വിലയെന്നാണ് സൂചന. വൈദ്യുത, ഹൈബ്രിഡ് വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കാനുള്ള ഫാസ്റ്റര്‍ അഡോപ്ഷന്‍ ആന്‍ഡ് മാനുഫാക്ചറിങ് ഓഫ് ഹൈബ്രിഡ് ആന്‍ഡ് ഇലക്ട്രിക് വെഹിക്കിള്‍സ് (FAME) പദ്ധതിയില്‍ ലഭിക്കുന്ന സബ്‌സിഡി അടക്കമായിരിക്കും ഇ-വാഗണ്‍ ആര്‍ ഈ വിലയില്‍ ലഭ്യമാവുക.
നിലവിലെ സബ്‌സിഡി ഘടന പ്രകാരം എല്ലാ ഇളവുകളും കഴിഞ്ഞ് വാഹനത്തിന്റെ ഓണ്‍റോഡ് വില ഏഴര ലക്ഷത്തിനുള്ളില്‍ ഒതുങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഫെയിം ഇന്ത്യ പദ്ധതിയുടെ രണ്ടാം ഘട്ടത്തിലുണ്ടാകുന്ന ഇളവുകള്‍ക്കും ആനുകൂല്യങ്ങള്‍ക്കും അനുസരിച്ച് ഈ കണക്കുകളില്‍ മാറ്റത്തിനും സാധ്യതയുണ്ട്.
ഇലക്ട്രിക് വാഗണ്‍ ആറിന്റെ പരീക്ഷണ ഓട്ടം തകൃതിയായി നടത്തിവരുകയാണിപ്പോള്‍ മാരുതി. റഗുലര്‍ വാഗണ്‍ ഹാച്ച്ബാക്കില്‍ നിന്ന് രൂപത്തില്‍ ചെറിയ ചില മാറ്റങ്ങള്‍ മാത്രമേ ഇലക്ട്രിക് പതിപ്പിനുള്ളു. ടോള്‍ ബോയ് സ്റ്റൈല്‍ അനുകരിച്ചാണ് ഇ-വാഗണ്‍ ആറും എത്തുന്നത്. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ ഏകദേശം 200 കിലോമീറ്റര്‍ ദൂരം പിന്നിടാന്‍ ഇലക്ട്രിക് വാഗണ്‍ ആറിന് സാധിക്കും. ബാറ്ററി ശേഷി സംബന്ധിച്ച കൂടുതല്‍ വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല. രാജ്യം ഇലക്ട്രിക് വാഹനങ്ങള്‍ക്ക് പ്രധാന്യം നല്‍കുന്ന സാഹചര്യത്തില്‍ മാരുതിക്ക് പുറമേ മഹീന്ദ്രയുടെ KUV 100 - XUV 300, ഹ്യുണ്ടായ് കോന എന്നിവയുടെ ഇലക്ട്രിക് പതിപ്പുകളും അധികം വൈകാതെ ഇന്ത്യയിലെത്തും.
Content Highlights; Maruti Suzuki Wagon R EV likely to cost under Rs 7 lakh