ബ്രെസയുടെ വരവ് ഇന്ത്യയിലെ കോംപാക്ട് എസ്.യു.വി. വിപണിയില്‍ പുതിയ ഉണര്വുമായിട്ടായിരുന്നു. ശരിക്കു പറഞ്ഞാല്‍ 'ബ്രെസ'യായിരുന്നു ഈ വിപണിയെ ഇത്രയും ജനകീയമാക്കിയത്. ഫോര്‍ഡ് എക്കോ സ്പോര്‍ട്ട് മാത്രം വിലസിയിരുന്ന ഈ മേഖലയില്‍ മത്സരം തുടങ്ങിയത് മാരുതി സുസുക്കി ഈ തുറുപ്പുഗുലാനെ ഇറക്കിയപ്പോഴാണ്. പിന്നീട് ഹോണ്ടയും ടാറ്റയുമൊക്കെ ഈ വിഭാഗത്തില്‍ പൂത്തുലഞ്ഞു. ഇപ്പോഴിതാ ബ്രെസയുടെ മൂത്ത ചേട്ടനെയുമിറക്കി കളിക്കാന്‍ ഒരുങ്ങുകയാണ് മാരുതി. ബ്രെസയ്ക്ക് മുകളിലുള്ള ശ്രേണിയിലാണ് 'വിറ്റാര' വരുന്നത്.
ഒറ്റനോട്ടത്തില്‍ ബ്രെസയേയും വിറ്റാരയേയും തിരിച്ചറിയാന്‍ പ്രയാസമായിരിക്കും. കുറച്ചുകാലങ്ങളായി ഇന്ത്യയിലേക്ക് വിറ്റാരയുടെ വരവ് പറഞ്ഞു കേള്‍ക്കുന്നു. ഇപ്പോള്‍ പലഭാഗങ്ങളിലും ഇതിന്റെ പരീക്ഷണ ഓട്ടം കണ്ടവരുണ്ട്. മാരുതി സുസുക്കിയുടെ യൂട്ടിലിറ്റി വാഹനനിര വികസിപ്പിക്കുകയാണ് വിറ്റാരയുടെ വരവോടെ കമ്പനി ലക്ഷ്യമിടുന്നത്. ഇപ്പോള്‍ മാരുതിയുടെ ഈ ലിസ്റ്റില്‍ എര്‍ട്ടിഗയും എസ്ക്രോസും ബ്രെസയുമാണുള്ളത്. ഹ്യുണ്ടായ് ക്രെറ്റ നേതൃതവം നല്‍കുന്നത എസ്.യു.വി. നിരയിലേക്കാണ് ഇപ്പോള്‍ വിറ്റാര വരുന്നത്.
ബ്രെസയെക്കാളും വലുപ്പക്കൂടുതലുള്ളതിനാല് നാലുമീറ്റര്‍ കണക്കിന് പുറത്തേക്ക് പോകും. രൂപത്തിലും ഭാവത്തിലും ബ്രെസയോട് സാമ്യം പുലര്‍ത്തുന്നുണ്ട്. ക്രോമില്‍ പൊതിഞ്ഞ ഗ്രില്‍, ഫോഗ്ലാമ്പുകള്‍, എല്‍.ഇ.ഡി. ഡെയ്ടൈം റണ്ണിങ് ലൈറ്റുകള്‍ എന്നിവ എസ്.യു.വി.യുടെ ലുക്ക് കൂട്ടുന്നുണ്ട്. അഞ്ചു സ്പോക് അലോയ് വീലുകളാണ് വിറ്റാരയില്‍. 116 ബി.എച്ച്.പി. കരുത്തേകുന്ന 1.6 ലിറ്റര്‍ ഡീസല്‍ എന്‍ജിനുമായിട്ടായിരിക്കും വരവെന്ന് കരുതുന്നു. 1.4 ലിറ്റര്‍ ബൂസ്റ്റര്‍ജെറ്റ് പെട്രോള്‍, ഫിയറ്റില്‍ നിന്നുള്ള 1.6 ലിറ്റര്‍ മള്‍ട്ടി ജെറ്റ് ടര്‍ബോ ചാര്‍ജ്ഡ് ഡീസല്‍ എന്ജിന് എന്നിവയുമായാണ് വിറ്റാര യൂറോപ്യന്‍ വിപണിയില്‍ കുതിക്കുന്നത്.
ആറു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സായിരിക്കും ഇവിടെ എത്തുക. 4,175 മില്ലിമീറ്റര്‍ നീളവും 1,755 മില്ലിമീറ്റര്‍ വീതിയും 1,610 മില്ലീമീറ്റര്‍ ഉയരവുമാണ് വിറ്റാരയുടേത്. 2,500 മില്ലിമീറ്ററാണ് വീല്‍ബേസ്. ക്രെറ്റയോട് മത്സരിക്കുന്ന വിറ്റാരയുടെ ഉള്‍വശം കൂടുതല്‍ ആഡംബരമായിരിക്കുമെന്നാണ് കരുതുന്നത്. 10 ലക്ഷം മുതല്‍ 15 ലക്ഷം രൂപ വരെയായിരിക്കും വിറ്റാരയ്ക്ക് മാരുതി സുസുക്കി വിലയിടുകയെന്നറിയുന്നു. ഹ്യുണ്ടായി ക്രെറ്റ, മഹീന്ദ്ര എക്സ്.യു.വി. 500 മോഡലുകളാകും പ്രധാന എതിരാളികള്‍.
Content Highlights; Maruti Suzuki Vitara SUV Coming Soon
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..