ട്രെയിനിൽ നിന്ന് മാരുതിയുടെ കാർ പുറത്തിറക്കുന്നു | Photo: Car and Bike
പുതിയ കാറുകള്‍ ഡീലര്‍ഷിപ്പുകളില്‍ എത്തിക്കുന്നതിനുള്ള പ്രധാന ഗതാഗത മാര്‍ഗമായി ട്രെയിന്‍ മാറുകയാണ്. കോവിഡ്-19 ലോക്ക്ഡൗണ്‍ കഴിഞ്ഞതോടെ കൂടുതല്‍ വാഹന നിര്‍മാതാക്കള്‍ ഈ മാര്‍ഗം സ്വീകരിച്ച് കഴിഞ്ഞു. എന്നാല്‍, വാഹനങ്ങള്‍ ട്രെയിനില്‍ കയറ്റി എത്തിക്കുന്ന സംവിധാനത്തിന്റെ ഇന്ത്യയിലെ തുടക്കക്കാരായ മാരുതി ഈ മാര്‍ഗം സ്വീകരിച്ചിട്ട് അഞ്ച് വര്‍ഷം പിന്നിട്ടിരിക്കുകയാണ്. ഈ കാലയളവില്‍ 7.2 ലക്ഷം വാഹനങ്ങളാണ് ട്രെയിന്‍ കയറി ഡീലര്‍ഷിപ്പുകളില്‍ എത്തിയിട്ടുള്ളത്.
വാഹനങ്ങളുടെ ട്രെയിന്‍ യാത്ര റെക്കോഡിട്ടത് കഴിഞ്ഞ വര്‍ഷമാണ്. 2020-21 സാമ്പത്തിക വര്‍ഷത്തില്‍ 1.8 ലക്ഷം വാഹാനങ്ങളാണ് മാരുതി ട്രെയിന്‍ മാര്‍ഗം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ എത്തിച്ചിട്ടുള്ളത്. ഈ സംവിധാനത്തിന്റെ തുടക്ക കാലമായ 2016-17 വര്‍ഷത്തില്‍ 88,000 വാഹനങ്ങളാണ് ട്രെയിനില്‍ പല സംസ്ഥാനങ്ങളില്‍ എത്തിച്ചത്. സാധാരണ ഗതിയില്‍ കണ്ടെയ്നര്‍ ലോറികളെ ആശ്രയിച്ചാണ് വാഹനങ്ങള്‍ പല സ്ഥലങ്ങളിലും എത്തിക്കുന്നത്. എന്നാല്‍, ഇത് കൂടുതല്‍ ലാഭമാണെന്നാണ് സൂചന.
ഈ വര്‍ഷം ട്രെയിനില്‍ എത്തിച്ച 1.8 ലക്ഷം വാഹനങ്ങള്‍ മാരുതിയുടെ ഈ കാലയളവിലെ മൊത്ത വില്‍പ്പനയുടെ 13 ശതമാനത്തോളം വരുമെന്നാണ് നിര്‍മാതാക്കള്‍ അറിയിച്ചിരിക്കുന്നത്. ട്രെയിന്‍ മാര്‍ഗം വാഹനങ്ങള്‍ പല സ്ഥലങ്ങളില്‍ എത്തിക്കുന്നത് കൂടുതല്‍ പ്രകൃതി സൗഹാര്ദമാണെന്നാണ് മാരുതി അഭിപ്രായപ്പെടുന്നു. ഈ മാര്‍ഗം സ്വീകരിച്ചതിലൂടെ കഴിഞ്ഞ അഞ്ച് വര്‍ഷത്തില്‍ 3200 ടണ്‍ കാര്‍ബണ്‍ ഡയോക്സൈഡ് മാലിന്യം കുറയ്ക്കാന്‍ സാധിച്ചെന്നും മാരുതി അവകാശപ്പെടുന്നു.
വാഹന നിര്‍മാതാക്കളെ സംബന്ധിച്ച് ട്രെയിന്‍ മാര്‍ഗം വാഹനമെത്തിക്കുന്നതാണ് മെച്ചമെന്ന് മാരുതി സുസുക്കി ഇന്ത്യയുടെ മേധാവി അഭിപ്രായപ്പെട്ടു. കൂടുതല്‍ വാഹനങ്ങള്‍ അയക്കാന്‍ സാധിക്കുക, നിരത്തുകളിലെ ട്രാഫിക് കുറയ്ക്കാന്‍ സഹായിക്കുക, കൂടുതല്‍ വേഗത്തിലും സുരക്ഷയിലും വാഹനം ലക്ഷ്യസ്ഥാനത്തെത്തുക, ഇന്ധനത്തിന്റെ ഉപയോഗം കുറയ്ക്കുക എന്നതിന് പുറമെ, മലിനീകരണത്തിന്റെ തോതും കുറയ്ക്കാന്‍ ഈ സംവിധാനം സഹായിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പഴയ പാസഞ്ചര്‍ കോച്ചുകളാണ് വാഹനങ്ങള്‍ കൊണ്ടുപോകുന്നതിനുള്ള വാഗണുകളാകുന്നത്. ആദ്യ ഘട്ടത്തില്‍ സിംഗിള്‍ റാക്ക് വാഗണുകളില്‍ 125 വാഹനങ്ങളാണ് കൊണ്ടുപോയിരുന്നത്. പിന്നീട് ഇത് 265 വാഹനങ്ങള്‍ കൊണ്ടുപോകാന്‍ കഴിയുന്ന വിധം വികസിപ്പിച്ചിട്ടുണ്ട്. ഏറ്റവും പുതിയ സംവിധാനം അനുസരിച്ച് 318 കാറുകള്‍ വരെ വഹിക്കാന്‍ സാധിക്കും. മാരുതിക്ക് പിന്നാലെ മഹീന്ദ്ര, ടാറ്റ മോട്ടോഴ്സ്, കിയ മോട്ടോഴ്സ് തുടങ്ങിയ കമ്പനികളും ഈ സംവിധാനം സ്വീകരിക്കുന്നുണ്ട്.
Content Highlights: Maruti Suzuki Transports Over 7.2 Lakh Cars Through Railways
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..