ലക്ട്രിക് കാറുകള്‍ക്ക് ലോകത്താകമാനം പ്രചാരം ഏറിവരുന്ന സാഹചര്യത്തില്‍ ഈ മേഖലയിലേക്കും ചുവട് വയ്ക്കാന്‍ ഒരുങ്ങുകയാണ് ഇന്ത്യന്‍ വാഹന നിര്‍മാതാക്കളായ മാരുതിയും. ഇതിന്റെ ഭാഗമായി പരീക്ഷണാടിസ്ഥാനത്തില്‍ മാരുതി സുസുക്കിയുടെ 50 ഇലക്ട്രിക് കാറുകള്‍ അടുത്തമാസം നിരത്തിലെത്തും.

എന്നാല്‍, 2020 ഓടെ പെട്രോള്‍-ഡീസല്‍ എന്നിവയ്ക്ക് പുറമെ മാരുതി സുസുക്കിയുടെ ഇലക്ട്രിക് കാറുകള്‍ കൂടി നിരത്തിലെത്തും. മാരുതിയുടെയും ടൊയോട്ടയുടെയും കൂട്ടുകെട്ടിലായിരിക്കും ഇ-കാറുകള്‍ പുറത്തിറക്കുക. 2020-ല്‍ മാരുതി ഇലക്ട്രിക് കാറുകളില്‍ ഉപയോഗിക്കുന്ന ബാറ്ററിയുടെ നിര്‍മാണം ആരംഭിക്കുമെന്ന് മുമ്പ് അറിയിച്ചിരുന്നു.

മാരുതിയുടെ ജനപ്രിയ ഹാച്ച്ബാക്ക് മോഡലായ വാഗണ്‍ആറിന്റെ മാതൃകയിലായിരിക്കും പരീക്ഷണാടിസ്ഥാനത്തിലുള്ള ഇലക്ട്രിക് കാറുകള്‍ നിരത്തിലിറക്കുന്നത്. 1.0 ലിറ്റര്‍ കെ10 മോട്ടറായിരിക്കും ഇലക്ട്രിക് വാഗണ്‍ ആറില്‍ നല്‍കുക.

E-WagonR
Image: Car and Bike

ഇന്ത്യന്‍ വിപണിയില്‍ മാരുതിക്ക് ഏറ്റവുമധികം നേട്ടങ്ങള്‍ സമ്മാനിച്ച ഹാച്ച്ബാക്ക് മോഡലായ സ്വിഫ്റ്റിന്റെയും ഇലക്ട്രിക് കാര്‍ പുറത്തെത്തിക്കാന്‍ കമ്പനിക്ക് പദ്ധതിയുണ്ടെന്നാണ് ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ നല്‍കുന്ന സൂചന.  

മാരുതിയുടെ കൂട്ടാളികളായ സുസുക്കി വിദേശ രാജ്യങ്ങളില്‍ നിരവധി ഹൈബ്രിഡ് കാറുകള്‍ നിരത്തിലെത്തിച്ചിട്ടുണ്ടെങ്കിലും മാരുതിയും സുസുക്കിയും ഇലക്ട്രിക് കാറുകള്‍ പുറത്തിറക്കുന്നത് ഇത് ആദ്യമായാണ്.