മാരുതി സുസുക്കി ജിമ്‌നി | Photo: Maruti Suzuki
മാരുതിയില്‍നിന്ന് ഇന്ത്യയിലെ വാഹനപ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വാഹനമാണ് ജിമ്‌നി എന്ന ഒഫ് റോഡ് എസ്.യു.വി. 2023 ഡല്‍ഹി ഓട്ടോ എക്‌സ്‌പോയുടെ ഭാഗമായി ജനുവരി 12-ന് അവതരിപ്പിച്ച ഈ വാഹനം മെയ് മാസത്തോടെ വിപണിയില്‍ എത്തുമെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍. വരവിന് മുന്നോടിയായി ഏപ്രില്‍ മാസത്തോടെ ഈ വാഹനത്തിന്റെ നിര്‍മാണം ആരംഭിക്കാനാണ് മാരുതി സുസുക്കി പദ്ധതി ഒരുക്കിയിരിക്കുന്നതെന്നുമാണ് സൂചന.
ഇന്ത്യന്‍ വിപണികള്‍ക്കായി പ്രതിമാസം ജിമ്‌നിയുടെ 7000 യൂണിറ്റായിരിക്കും നല്‍കുക. പ്രതിവര്‍ഷം ഇന്ത്യയില്‍ ഒരു ലക്ഷം യൂണിറ്റിന്റെ ഉത്പാദനമാണ് മാരുതി സുസുക്കി ലക്ഷ്യമിടുന്നത്. എന്നാല്‍, ഇന്ത്യയില്‍ നിര്‍മിക്കുന്ന ജിമ്‌നിയുടെ 66 ശതമാനം ആഭ്യന്തര വിപണിയില്‍ വിറ്റഴിക്കാന്‍ പദ്ധതിയുണ്ടെന്നും സൂചനയുണ്ട്. അവതരണത്തിന് പിന്നാലെ ബുക്കിങ്ങ് ആരംഭിച്ച ജിമ്‌നിക്ക് ഇതിനോടകം 18,000 ആളുകള്‍ ബുക്ക് ചെയ്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
ജിമ്‌നിയുടെ ത്രീ ഡോര്‍ മോഡലുകള്‍ വിദേശ നിരത്തുകളില്‍ എത്തിയിട്ടുണ്ടെങ്കിലും അഞ്ച് ഡോര്‍ പതിപ്പ് ആദ്യമായി പ്രദര്‍ശിപ്പിക്കുന്നത്. ഇന്ത്യയിലാണ്. അതുകൊണ്ടുതന്നെ വിദേശ വിപണികളിലേക്കുള്ള ജിമ്‌നിയും ഇന്ത്യയില്‍ നിര്‍മിച്ച് കയറ്റുമതി ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. സീറ്റ, ആല്‍ഫ എന്നീ രണ്ട് വേരിയന്റുകളിലായിരിക്കും ജിമ്‌നി വിപണിയില്‍ എത്തുന്നതെന്നാണ് നിര്‍മാതാക്കള്‍ അറിയിച്ചിരിക്കുന്നത്. പ്രീമിയം ഡിലര്‍ഷിപ്പായ നെക്‌സയിലൂടെയായിരിക്കും വില്‍പ്പന.
മാരുതി സുസുക്കിയുടെ ഐഡില്‍ സ്റ്റാര്‍ട്ട് ആന്‍ഡ് സ്റ്റോപ്പ് സംവിധാനമുള്ള കെ15ബി 1.5 ലിറ്റര്‍ നാല് സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനാണ് ജിമ്‌നിയുടെ ഹൃദയം. 104.8 പി.എസ്. പവറും 134.2 എന്‍.എം. ടോര്‍ക്കുമാണ് ഈ 1462 സി.സി. എന്‍ജിന്‍ ഉത്പാദിപ്പിക്കുന്നത്. അഞ്ച് സ്പീഡ് മാനുവല്‍, നാല് സ്പീഡ് ഓട്ടോമാറ്റിക് എന്നിവയാണ് ഈ വാഹനത്തില്‍ ട്രാന്‍സ്മിഷന്‍ ഒരുക്കുന്നത്. ഫോര്‍ വീല്‍ ഡ്രൈവ് സംവിധാനത്തിനായി ഗ്രാന്റ് വിത്താരയില്‍ നല്‍കിയിട്ടുള്ള ഓള്‍ഗ്രിപ്പ് പ്രോ സംവിധാനവും ജിമ്‌നിയില്‍ നല്‍കിയിട്ടുണ്ട്.
ഓള്‍ ടെറെയ്ന്‍ കോംപാക്ട് ലൈഫ്‌സ്റ്റൈല്‍ എസ്.യു.വി എന്നാണ് നിര്‍മാതാക്കളായ മാരുതി ഈ വാഹനത്തെ വിശേഷിപ്പിക്കുന്നത്. 3985 എം.എം. നീളം, 1645 എം.എം. വീതി, 1720 എം.എം. ഉയരം എന്നിവയ്‌ക്കൊപ്പം 2590 എം.എം. വീല്‍ബേസും 210 എം.എം. ഗ്രൗണ്ട് ക്ലിയറന്‍സുമാണ് ജിമ്‌നിക്കുള്ളത്. ത്രീ ലിങ്ക് റിജിഡ് ആക്‌സില്‍ സസ്‌പെന്‍ഷനാണ് ഇതില്‍ നല്‍കിയിട്ടുള്ളത്. സുസുക്കി ടെക്ട് പ്ലാറ്റ്‌ഫോമാണ് ഈ വാഹനത്തിന് അടിസ്ഥാനമൊരുക്കുന്നത്.
നാല് പേര്‍ക്ക് യാത്ര ചെയ്യാന്‍ സാധിക്കുന്ന ലേഔട്ടിലാണ് അകത്തളം ഒരുങ്ങിയിരിക്കുന്നത്. മുന്‍ഗാമി ആയിരുന്ന ജിപ്‌സിയോട് സാമ്യമുള്ള ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍, സ്മാര്‍ട്ട്പ്ലേ പ്രോ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, നോബുകളില്‍ നല്‍കിയിട്ടുള്ള ക്ലൈമറ്റ് കണ്‍ട്രോള്‍, മള്‍ട്ടി ഫങ്ഷന്‍ സംവിധാനമുള്ള പുതുമയുള്ള സ്റ്റിയറിങ്ങ് വീല്‍, ഫാബ്രിക് ഫിനീഷിങ്ങില്‍ ഒരുങ്ങിയ സീറ്റുകള്‍, ഫോര്‍ വീല്‍ സംവിധാനത്തിലേക്ക് മാറ്റാനുള്ള പ്രത്യേകം ഗിയര്‍ ലിവര്‍ എന്നിവയാണ് അകത്തളത്തിലുള്ളത്.
അഞ്ച് സ്ലാറ്റുകളായി നല്‍കിയിട്ടുള്ള വെര്‍ട്ടിക്കിള്‍ ഗ്രില്‍, എല്‍.ഇ.ഡിയില്‍ തീര്‍ത്തിട്ടുള്ള പ്രൊജക്ഷന്‍ ഹെഡ്ലൈറ്റ്, വൃത്താകൃതിയിലുള്ള ഇന്റിക്കേറ്ററുകള്‍, വലിയ എയര്‍ഡാം നല്‍കിയിട്ടുള്ള ബമ്പര്‍ എന്നിവയാണ് മുഖത്തിന് അഴകേകുന്നത്. 15 ഇഞ്ച് വലിപ്പത്തിലുള്ള അലോയി വീല്‍, വീല്‍ ആര്‍ച്ച് ആയും ക്ലാഡിങ്ങ് ആയും തീരുന്ന ബ്ലാക്ക് ഫൈബര്‍ പാനല്‍ എന്നിവ വശങ്ങളുടെ അഴകാണ്. ഡോറില്‍ നല്‍കിയിട്ടുള്ള സ്‌പെയര്‍ വീലും ജിമ്‌നി ഉള്‍പ്പെടെയുള്ള ബാഡ്ജിങ്ങുമാണ് പിന്‍ഭാഗത്തെ സ്റ്റൈലിഷാക്കുന്നത്.
Content Highlights: Maruti suzuki to start Jimny production from April onward, sales begins from may first
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..