പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി
കഴിഞ്ഞ നാല് വര്‍ഷം കൊണ്ട് ഇന്ത്യയിലെ ഇലക്ട്രിക് വാഹന വിപണിയുടെ 84 ശതമാനവും ടാറ്റ മോട്ടോഴ്‌സ് കൈയേറിയപ്പോഴും ഈ ശ്രേണിയിലേക്ക് ഒരു വാഹനം പോലും പ്രഖ്യാപിക്കാതെ തുടരുകയായിരുന്നു രാജ്യത്തെ ഏറ്റവും വലിയ വാഹന നിര്‍മാതാക്കളായ മാരുതി സുസുക്കി. എന്നാല്‍, 2023 ജനുവരിയില്‍ നടക്കാനിരിക്കുന്ന ഓട്ടോ എക്‌സ്‌പോയില്‍ മാരുതി സുസുക്കിയുടെ ആദ്യ ഇലക്ട്രിക് വാഹനത്തിന്റെ കണ്‍സെപ്റ്റുമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഒരു നിസാരക്കാരനുമായല്ല മാരുതി ഇലക്ട്രിക് വാഹന മേഖലയിലേക്ക് ചുവടുവയ്ക്കുന്നതെന്നാണ് വിവരം. ടൊയോട്ടയുമായി ചേര്‍ന്ന് നിര്‍മിക്കുന്ന മിഡ് സൈസ് എസ്.യു.വിയുമായാണ് മാരുതി എത്തുന്നത്. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 500 കിലോമീറ്റര്‍ സഞ്ചരിക്കാനുള്ള ശേഷിയാണ് ഈ വാഹനത്തില്‍ നല്‍കുന്നതെന്നാണ് വിവരം. മാരുതി സുസുക്കി വൈ.വൈ.8 എന്ന കോഡ്‌നെയിമില്‍ നിര്‍മിക്കുന്ന ഈ വാഹനം രാജ്യാന്തര വിപണികളെയും ലക്ഷ്യമിട്ടാണെത്തുന്നത്.
ടൊയോട്ടയുടെ ഗ്ലോബല്‍ പ്ലാറ്റ്‌ഫോമായ 40 പി.എല്ലിന്റെ മറ്റൊരു രൂപമായ 27 പി.എല്‍ അടിസ്ഥാനമാക്കിയാണ് മാരുതിയുടെ ഇലക്ട്രിക് വാഹനം ഒരുങ്ങുന്നത്. ക്രെറ്റ, എം.ജി. ZS ഇ.വി. എന്നീ മോഡലുകളെക്കാള്‍ വലിപ്പത്തിലായിരിക്കും വൈ.വൈ8 ഒരുങ്ങുക. 2700 എം.എം. ആയിരിക്കും വൈ.വൈ8-ന്റെ വീല്‍ബേസ്. ഇത് ബാറ്ററിക്കായി ഉയര്‍ന്ന സ്‌പേസും വിശാലയമായ ക്യാബിനും ഒരുക്കും. 4.2 മീറ്ററായിരിക്കും ഈ വാഹനത്തിന്റെ നീളമെന്നാണ് പ്രതീക്ഷിക്കുന്നത്.
ചൈനീസ് ബാറ്ററി നിര്‍മാതാക്കളായ ബി.വൈ.ഡിയായിരിക്കും മാരുതിക്കായി ബാറ്ററികള്‍ വിതരണം ചെയ്യുന്നത്. 48 kWh, 59kWh എന്നീ രണ്ട് എല്‍.എഫ്.പി. ബ്ലേഡ് സെല്‍ ബാറ്ററി ഓപ്ഷനുകളില്‍ എത്തുന്ന മാരുതിയുടെ ഇലക്ട്രിക് വാഹനത്തിന് 400 കിലോമീറ്റര്‍ മുതല്‍ 500 കിലോമീറ്റര്‍ റേഞ്ച് ഉറപ്പാക്കും. ടൂ വീല്‍ ഡ്രൈവ്, ഓള്‍ വീല്‍ ഡ്രൈവ് സംവിധാനത്തില്‍ എത്തുന്ന ഈ വാഹനം ഉത്പാദിപ്പിക്കുന്ന പവര്‍ 138 എച്ച്.പിക്കും 170 എച്ച്.പിക്കും ഇടയിലായിരിക്കുമെന്നാണ് സൂചന.
വിലയില്‍ ഞെട്ടിക്കുക എന്നതാണ് മാരുതിയുടെ മറ്റൊരു ലക്ഷ്യം. ഇന്ന് ഇലക്ട്രിക് എസ്.യു.വികളില്‍ ഏറ്റവും കുറഞ്ഞ വിലയില്‍ ലഭിക്കുന്ന നെക്‌സോണ്‍ ഇ.വിയാണ്. എന്നാല്‍, ഇതിലും കുറഞ്ഞ വിലയില്‍ എത്തിക്കുകയാണ് മാരുതിയുടെ ലക്ഷ്യം. ഏകദേശം 13 ലക്ഷം രൂപ മുതല്‍ 15 ലക്ഷം രൂപ വരെ വിലയില്‍ ഇലക്ട്രിക് എസ്.യു.വി. എത്തിക്കുകയാണ് മാരുതിയുടെ ലക്ഷ്യം. ഈ ഓട്ടോ എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിക്കുമെങ്കിലും 2025-ഓടെ മാത്രമേ ഇത് വിപണിയില്‍ എത്തിക്കൂ.
Source: Autocar India
Content Highlights: Maruti Suzuki to showcase all electric suv concept in delhi auto expo, Maruti Electric SUV
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..