നാളിതുവരെ കൈവെച്ചിട്ടില്ലാത്ത ഒരു ശ്രേണിയിലേക്ക് ടൊയോട്ടയുമായി കൂട്ടുച്ചേര്‍ന്ന് പുതിയ വാഹനമെത്തിക്കാനുള്ള നീക്കത്തിലാണ് ഇന്ത്യന്‍ വാഹനനിര്‍മാതാക്കളായ മാരുതി. ഇന്ത്യയിലെ മിഡ് സൈസ് എസ്‌യുവി ശ്രേണിയിലേക്കാണ് ടൊയോട്ട റെയ്‌സിനെ അടിസ്ഥാനമാക്കിയുള്ള പുതിയ മോഡല്‍ അവതരിപ്പിക്കാന്‍ മാരുതി ആലോചിക്കുന്നത്.
ആഗോള നിരത്തില്‍ സുസുക്കി എത്തിച്ചിട്ടുള്ള വിറ്റാര ബ്രെസയുടെ പ്ലാറ്റ്‌ഫോമില്‍ മിഡ്-സൈസ് എത്തുമെന്നായിരുന്നു ആദ്യ സൂചനകള്‍. എന്നാല്‍, ടൊയോട്ട ജാപ്പനീസ് നിരത്തിലെത്തിച്ചിട്ടുള്ള റെയ്‌സ് എസ്‌യുവിയുടെ ഡിഎന്‍ജിഎ പ്ലാറ്റ്‌ഫോമിലായിരിക്കും മാരുതി സുസുക്കിയുടെ മിഡ് സൈസ് എസ്‌യുവി എത്തുകയെന്ന് ഓട്ടോകാര്‍ റിപ്പോര്‍ട്ട് ചെയ്തു.
അടിസ്ഥാനം ഒന്നാണെങ്കിലും ഡിസൈനിലും മറ്റും റെയ്‌സും മാരുതിയുടെ എസ്‌യുവിയും തികച്ചും വ്യത്യസ്തമായിരിക്കുമെന്നാണ് വിവരം. ടൊയോട്ടയില്‍ നിന്നും ഈ ശ്രേണിയിലേക്ക് പുതിയ വാഹനം പ്രതീക്ഷിക്കാം. ഇന്ത്യയില്‍ ഹ്യുണ്ടായി ക്രെറ്റ, കിയ സെല്‍റ്റോസ്, എംജി ഹെക്ടര്‍ തുടങ്ങിയ വാഹനങ്ങളുമായി എറ്റുമുട്ടാനാണ് ഈ മിഡ് സൈസ് എസ്‌യുവി എത്തുന്നത്.
മാരുതി സുസുക്കി-ടൊയോട്ട സഹകരണത്തില്‍ ബി 560 എന്ന കോഡ് നമ്പറില്‍ ഒരു എംപിവി ഒരുങ്ങുന്നുണ്ട്. മാരുതി എര്‍ട്ടിഗയുടെയും ടൊയോട്ട ഇന്നോവയുടെയും ഇടയിലായിരിക്കും പുതുതായി ഒരുങ്ങുന്ന ഈ വാഹനത്തിന്റെ സ്ഥാനം. മഹീന്ദ്ര മരാസോ, ഹ്യുണ്ടായിയില്‍ നിന്നും കിയയില്‍ നിന്നും വരാനിരിക്കുന്ന എംപിവികളുമായി ഈ വാഹനം ഏറ്റുമുട്ടും.
മാരുതിയില്‍ നിന്നെത്തുന്ന മിഡ് സൈസ് എസ്‌യുവിയുടെ മെക്കാനിക്കലായ വിവരങ്ങള്‍ കമ്പനി പുറത്തുവിട്ടിട്ടില്ല. 2022-ഓടെ ആയിരിക്കും ഈ വാഹനം എത്തുകയെന്നാണ് വിവരം. ജിമ്‌നിയാണ് ഇനി മാരുതി സുസുക്കിയില്‍ നിന്ന് നിരത്തുകളിലെത്താനിരിക്കുന്ന പുതിയ വാഹനം. ഇത് 2021-ല്‍ തന്നെ എത്തിയേക്കുമെന്നാണ് വിവരം.
Source: AutoCar Inida
Content Highlights: Maruti-Suzuki To Develop Mid Size SUV In Toyota Raize Platform