രാജ്യത്തെ മുന്‍നിര വാഹന നിര്‍മാതാക്കളായ മാരുതി സുസുക്കി നിരയിലെ എല്ലാ മോഡലുകളിലും നല്‍കിയിട്ടുള്ള 5 സ്പീഡ് ഗിയര്‍ബോക്‌സ് പരിഷ്‌കരിച്ച് 6 സ്പീഡിലേക്ക് മാറ്റും. MF30 എന്ന കോഡ് നാമത്തില്‍ അറിയപ്പെടുന്ന 6 സ്പീഡ് ഗിയര്‍ബോക്‌സിനുള്ള ഒരുക്കങ്ങള്‍ കമ്പനി ആരംഭിച്ചു കഴിഞ്ഞതായാണ് സൂചന. കൂടുതല്‍ പെര്‍ഫോമെന്‍സും ഇന്ധനക്ഷമതയും ലഭിക്കാന്‍ വരാനിരിക്കുന്ന പുതിയ സ്വിഫ്റ്റ് ഹാച്ച്ബാക്കിലായിരിക്കും 6 സ്പീഡ് ഗിയര്‍ബോക്‌സ് ആദ്യം ഉള്‍പ്പെടുത്തുക. ഇതിന് ശേഷം ഘട്ടംഘട്ടമായി മറ്റു മോഡലുകളിലും 5 സ്പീഡിന് പകരം 6 സ്പീഡ് ഗിയര്‍ബോക്‌സ് നല്‍കും. 

ചില മോഡലുകളില്‍ 6 സ്പീഡ് ഗിയര്‍ബോക്‌സുള്ള ഹ്യുണ്ടായി, റെനോ, ടാറ്റ എന്നീ കമ്പനികളോട് മികച്ച മത്സരത്തിന് കളം ഒരുക്കാനും ഇതോടെ മാരുതിക്ക് സാധിക്കും. ഡ്രൈവിങ്ങ് കൂടുതല്‍ സുഖമമാക്കാനും ഉയര്‍ന്ന വേഗത കൈവിരിക്കുമ്പോള്‍ പ്രതിഫലിക്കുന്ന ശബ്ദം ഇല്ലാതാക്കാനും 6 സ്പീഡ് ഗിയര്‍ബോക്‌സിന് സാധിക്കും. നേരത്തെ എസ്-ക്രോസ്‌ 1.6 ലിറ്റര്‍ ഡീസല്‍ മോഡലില്‍ 6 സ്പീഡ് ഗിയര്‍ബോക്‌സ് മാരുതി നല്‍കിയിരുന്നു. എന്നാല്‍ പിന്നീടെത്തിയ പുതിയ എസ്-ക്രോസ് 5 സ്പീഡ് ഗിയര്‍ബോക്‌സിലേക്ക് തന്നെ മാറി. പുതിയ ഗിയര്‍ ബോക്‌സില്‍ സ്വിഫ്റ്റ് ഹാച്ച്ബാക്ക് ഈ വര്‍ഷം അവസാനത്തോടെ ഇന്ത്യയിലെത്താനാണ് സാധ്യത.

Conteng Highlights; Maruti Suzuki Swift likely to be offered with a new six-speed gearbox