നിരത്തിലെത്തിയ നാള്‍ മുതല്‍ വിപണിയിലെ ജനപ്രീതിയില്‍ മുന്‍പന്തിയിലുണ്ട് മാരുതി സുസുക്കി സ്വിഫ്റ്റ്. ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിലും സ്ഥിതി മറിച്ചല്ല. ഓണ്‍ലൈന്‍ വാഹന വ്യാപാര മേഖലയിലെ ഡ്രൂം നടത്തിയ പഠനത്തില്‍ കാര്‍ ശ്രേണിയില്‍ തുടര്‍ച്ചയായ രണ്ടാം വര്‍ഷവും ഒന്നാം സ്ഥാനം മാരുതിയുടെ ഐക്കണ്‍ മോഡല്‍ സ്വന്തം കൈപ്പിടിയിലൊതുക്കി. തൊട്ടുപിന്നില്‍ ടൊയോട്ട ഇന്നോവയും മൂന്നാം സ്ഥാനത്ത് ഹോണ്ട സിറ്റിയുമാണ്.

bajaj pulsar

ഇരുചക്ര വാഹനങ്ങളില്‍ ബജാജ് ഓട്ടോയുടെ പള്‍സറാണ് ആദ്യ സ്ഥാനത്തുള്ളത്. ഹീറോ പാഷന്‍ പ്രോ, ബജാജ് ഡിസ്‌കവര്‍ എന്നിവ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളില്‍ ഇടംപിടിച്ചു. സുസുക്കി ആക്‌സസ്, ഹോണ്ട ഏവിയേറ്റര്‍ എന്നിവയെ കടത്തിവെട്ടി ഹോണ്ട ആക്ടീവ സ്‌കൂട്ടര്‍ ശ്രേണിയില്‍ ഒന്നാം സ്ഥാനത്തെത്തി. 2015-2016 കാലയളവിലെ ഓണ്‍ലൈന്‍ വിപണന ഡാറ്റയുടെ അടിസ്ഥാനത്തിലാണ് ഡ്രൂം പട്ടിക തയ്യാറാക്കിയത്.

ഇതില്‍ 59 ശതമാനം വില്‍പ്പനയും ഓണ്‍ലൈന്‍ അന്വേഷണങ്ങളും ഇരുചക്ര വാഹനങ്ങള്‍ക്കാണ്, 38 ശതമാനം  കാറുകള്‍ക്കും. 3 ശതമാനം വില്‍പന സൂപ്പര്‍ കാറുകള്‍ക്കും സൂപ്പര്‍ ബൈക്കുകള്‍ക്കുമാണ്. സൂപ്പര്‍ ബെക്കില്‍ കെടിഎം ഡ്യൂക്കും ഹാര്‍ലി ഡേവിഡ്‌സണും ആധിപത്യം നേടിയപ്പോള്‍ സൂപ്പര്‍ കാറുകളില്‍ ജനപ്രിയര്‍ ബിഎംഡബ്യു, ഔഡിയുമാണ്. 

പതിവില്‍നിന്ന് വ്യത്യസ്തമായി പെട്രോള്‍-സിഎന്‍ജി കാറുകളുടെ ഓണ്‍ലൈന്‍ വില്‍പ്പനയില്‍ ഗണ്യമായി കുറവ് രേഖപ്പെടുത്തിയപ്പോള്‍ ഡീസല്‍ കാര്‍ വില്‍പ്പന 34 ശതമാനത്തില്‍നിന്ന് 44 ശതമാനം ആയി ഉയര്‍ന്നു.