മാരുതിയുടെ ടോപ്പ് സെല്ലിങ് ഹാച്ച്ബാക്ക് മോഡലായ സ്വിഫ്റ്റ് നേട്ടങ്ങളുടെ നിറവില്‍. പുറത്തിറങ്ങി 13 വര്‍ഷത്തിനുള്ളില്‍ 20 ലക്ഷം സ്വിഫ്റ്റ് നിരത്തിലെത്തിച്ചതാണ് റെക്കോഡുകളുടെ നിരയില്‍ ഏറ്റവും ഒടുവിലേത്.

ആദ്യം അഞ്ച് വര്‍ഷം കൊണ്ടാണ് അഞ്ച് ലക്ഷം സ്വിഫ്റ്റ് പുറത്തിറങ്ങിയതെങ്കില്‍ പിന്നീടുള്ള മൂന്നു വര്‍ഷത്തിനുള്ളില്‍ അഞ്ച് ലക്ഷം കാറുകള്‍ വിറ്റ് എട്ട് വര്‍ഷത്തിനുള്ളില്‍ 10 ലക്ഷം കാറുകള്‍ നിരത്തിലെത്തിച്ചു. 2016 മാര്‍ച്ചില്‍ 15 ലക്ഷത്തില്‍ സ്പര്‍ശിച്ച വില്‍പ്പന 2018 അവസാനമെത്തിയപ്പോഴേക്കും 20 ലക്ഷം എന്ന സംഖ്യ പിന്നിട്ടിരിക്കുകയാണ്. 

സ്വിഫ്റ്റിന്റെ മൂന്നാം തലമുറ വാഹനമാണ് ഇപ്പോള്‍ നിരത്തിലുള്ളത്. ഈ വര്‍ഷത്തിന്റെ തുടക്കത്തിലെത്തിയ പുതിയ സ്വിഫ്റ്റ് വില്‍പ്പനയ്ക്ക് മുതല്‍കൂട്ടായിട്ടുണ്ട്. കൂടുതല്‍ ഇന്ധന ക്ഷമതയും ദൃഢതയും ഉറപ്പ് നല്‍കിയാണ് ഹെര്‍ടെക്ട് പ്ലാറ്റ്‌ഫോമില്‍ പുതിയ സ്വിഫ്റ്റ് എത്തിച്ചിരിക്കുന്നത്. 

ഏറ്റവും വേഗത്തില്‍ ഒരുലക്ഷം ബുക്കിങ് സ്വന്തമാക്കിയ വാഹനം എന്ന റെക്കോഡ് പുതിയ സ്വിഫ്റ്റിനൊപ്പമാണ്. പുറത്തിറങ്ങി 10 ആഴ്ച പിന്നിട്ടപ്പോഴേക്കും ഒരു ലക്ഷം ആളുകള്‍ ഈ വാഹനം ബുക്കുചെയ്തിരുന്നു.

ബുക്കിങ് ഉയര്‍ന്നതിനെ തുടര്‍ന്ന് മാര്‍ച്ച്-ഒക്ടോബര്‍ പാദത്തില്‍ സ്വിഫ്റ്റിന്റെ ഉത്പാദനം 45 ശതമാനം ഉയര്‍ത്തിയിരുന്നു. ബുക്ക് ചെയ്തതില്‍ 20 ശതമാനവും എഎംടി വാഹനങ്ങള്‍ക്കായിരുന്നു.

Content Highlights: Maruti Suzuki Swift Achieves 2 Million Sales Milestone In India