മാരുതി സ്വിഫ്റ്റ് | Photo: Maruti Suzuki
മാരുതി സുസുക്കിയെ ഇന്ത്യയിലെ ഏറ്റവും വലിയ വാഹന നിര്മാതാക്കളാക്കിയതില് മാരുതി 800 മുതല്‍ എക്സ്.എല്‍.6 വരെയുള്ള വാഹനങ്ങള്‍ക്ക് വ്യക്തമായ പങ്കുണ്ട്. എന്നാല്‍, മാരുതിയുടെ വളര്‍ച്ചയ്ക്ക് വേഗം നല്കിയ രണ്ട് ഹാച്ച്ബാക്കുകളാണെന്നത് പരസ്യമായ രഹസ്യമാണ്. ഇതില്‍ ഒന്ന് കുഞ്ഞന്‍ ഹാച്ച്ബാക്ക് വാഹനമായ ആള്‍ട്ടോ ആണെങ്കില്‍ രണ്ടാമന് മാരുതിയുടെ സ്വിഫ്റ്റ് എന്ന ജനപ്രിയ ഹാച്ച്ബാക്കാണ്. ജനവിശ്വാസം നേടി കുതിക്കുന്ന ഈ വാഹനം ഇപ്പോള്‍ പൂതിയ ഒരു നേട്ടത്തിന്റെ നിറവിലാണ്.
നിരത്തുകളിലെത്തി 15 വര്‍ഷം പിന്നിടുന്ന ഈ വാഹനം കഴിഞ്ഞ ഒന്നര പതിറ്റാണ്ടിനുള്ളില്‍ നിരത്തുകളില്‍ എത്തിച്ചത് 25 ലക്ഷം യൂണിറ്റാണ്. 2005-ലാണ് സ്വിഫ്റ്റ് എന്ന ബാച്ച്ബാക്ക് ഇന്ത്യയില്‍ പിറവിയെടുത്തത്. ജനപ്രിയ വാഹനമായി പേരെടുത്ത സ്വിഫ്റ്റ് ചുരുങ്ങിയ നാളുകള്‍ കൊണ്ടാണ് വളര്‍ച്ചയുടെ പടവുകള്‍ താണ്ടിയത്. ആള്‍ട്ടോ കഴിഞ്ഞാല്‍ മാരുതിയില്‍നിന്ന് ഏറ്റവുമധികം വിറ്റഴിക്കുന്ന വാഹനം ഒരു പക്ഷെ സ്വിഫ്റ്റ് ആയിരിക്കുമെന്നാണ് വിലയിരുത്തല്‍.
ഈ വര്‍ഷം ജനുവരിയിലെ കണക്ക് അനുസരിച്ച് 23 ലക്ഷം സ്വിഫ്റ്റുകളാണ് വിറ്റഴിച്ചിട്ടുള്ളതെന്നായിരുന്നു മാരുതി അറിയിച്ചിരുന്നത്. എന്നാല്‍, കേവലം എട്ട് മാസത്തിനുള്ളില്‍ രണ്ട് ലക്ഷം യൂണിറ്റുകള്‍ വിറ്റഴിച്ച് 25 ലക്ഷം എന്ന മാജിക്കല്‍ നമ്പറിലെത്തുകയായിരുന്നു. ഇന്ത്യയിലെ വാഹന നിര്‍മാതാക്കളെയെല്ലാം പ്രതികൂലമായി ബാധിച്ചിരുന്ന 2020-ല്‍ പോലും ഭേദപ്പെട്ട വില്‍പ്പന സ്വന്തമാക്കി സ്വിഫ്റ്റ് ഉള്‍പ്പെടുന്ന ശ്രേണിയിലെ ടോപ്പ് സെല്ലിങ്ങ് മോഡല്‍ എന്ന ഖ്യാതി ഈ വാഹനം നേടിയിട്ടുണ്ട്.
2005-ലാണ് മാരുതിയുടെ സ്വിഫ്റ്റ് ഇന്ത്യയില്‍ അവതരിപ്പിക്കുന്നത്. വേറിട്ട രൂപം കൊണ്ട് ഈ വാഹനം ശ്രദ്ധേയമായെങ്കിലും അഞ്ച് വര്‍ഷമെടുത്ത് 2010-ലാണ് ഈ വാഹനം അഞ്ച് ലക്ഷം എന്ന നാഴികക്കല്ല് താണ്ടുന്നത്. പിന്നീടുള്ള വളര്‍ച്ച അതിവേഗത്തിലായിരുന്നു. 2013-ല്‍ വില്‍പ്പന പത്ത് ലക്ഷത്തിലെത്തി. 2016-ല്‍ 15 ലക്ഷം കടക്കുകയായിരുന്നു. പിന്നീടുള്ള അഞ്ച് വര്‍ഷത്തിനുള്ളില്‍ പത്ത് ലക്ഷം വാഹനങ്ങള്‍ കൂടി നിരത്തുകളില്‍ എത്തിച്ച് കാല് കോടി എന്ന വലിയ നേട്ടത്തിലാണ് സ്വിഫ്റ്റ്.
1.2 ലിറ്റര്‍ പെട്രോള്‍, 1.3 ലിറ്റര്‍ ഡീസല്‍ എന്ജിനുകളിലായിരുന്നു സ്വിഫ്റ്റ് ആദ്യമെത്തിയിരുന്നത്. എന്നാല്‍, ബി.എസ്-6 മാനദണ്ഡത്തിലുള്ള എന്‍ജിന്റെ വരവോടെ ഡീസല്‍ എന്ജിന് മോഡല്‍ നിരത്തൊഴിയുകയായിരുന്നു. നിലവില്‍ 83 പി.എസ്.പവറും 113 എന്‍.എം.ടോര്‍ക്കുമേകുന്ന 1.2 ലിറ്റര്‍ നാച്വറലി ആസ്പിരേറ്റഡ് പെട്രോള്‍ എന്‍ജിനാണ് ഈ വാഹനത്തില്‍ പ്രവര്‍ത്തിക്കുന്നത്. അഞ്ച് സ്പീഡ് മാനുവല്‍ എ.എം.ടി ഗിയര്‍ബോക്സുകള്‍ ഇതില്‍ ട്രാന്സ്മിഷന് ഒരുക്കുന്നുണ്ട്.
LXi, VXi, ZXi, ZXi+ എന്നീ നാല് വേരിയന്റുകളിലാണ് സ്വിഫ്റ്റ് വിപണിയില്‍ എത്തിയിട്ടുള്ളത്. 5.85 ലക്ഷം രൂപ മുതല്‍ 8.53 ലക്ഷം രൂപ വരെയാണ് സ്വിഫ്റ്റിന്റെ എക്സ്ഷോറും വില. ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്ട്രോള്, മള്‍ട്ടി ഫങ്ഷന് സ്റ്റിയറിങ്ങ് വീല്‍, സ്മാര്‍ട്ട് കീ, പുഷ് ബട്ടണ്‍ സ്റ്റാര്‍ട്ട്-സ്റ്റോപ്പ്, എല്‍.ഇ.ഡി.പ്രൊജക്ഷന് ഹെഡ്ലാമ്പ്, എല്‍.ഇ.ഡി.ടെയ്ല്‍ലാമ്പ്, സ്മാര്‍ട്ട്പ്ലേ സ്റ്റുഡിയോ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം തുടങ്ങിയ ഫീച്ചറുകള്‍ സ്വിഫിറ്റില്‍ ഒരുങ്ങുന്നുണ്ട്.
Content Highlights: Maruti Suzuki Swift Achieve 25 Lakhs Units Sales Milestone
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..