മാരുതി സുസുക്കി ഫ്രോങ്ങ്‌സ് | Photo: Maruti Suzuki
20 വര്‍ഷം മുന്‍പ് മാരുതിയുടെ പൊതു ഓഹരി വില്‍പ്പന (ഐ.പി.ഒ.) യില്‍ 12,500 രൂപ മുടക്കി 100 ഓഹരികള്‍ സ്വന്തമാക്കിയിരുന്നെങ്കില്‍ ഇന്ന് അതിന്റെ മൂല്യം 9.33 ലക്ഷം രൂപയാകുമായിരുന്നു. 20 വര്‍ഷംകൊണ്ട് ഓഹരി വില 125 രൂപയില്‍നിന്ന് 9,330 രൂപയിലേക്കാണ് കുതിച്ചുയര്‍ന്നത്. അതായത് ഏതാണ്ട് 75 മടങ്ങ് വര്‍ധന. ഇന്ത്യയുടെ സ്വന്തം കാര്‍ കമ്പനിയായ മാരുതി സുസുകിയുടെ ഐ.പി.ഒ.യ്ക്ക് ഈ മാസം 20 വയസ്സ് തികയുകയാണ്.
2003 ജൂണിലായിരുന്നു മാരുതിയുടെ ഓഹരി വില്‍പ്പന. 25 ശതമാനം ഓഹരികളാണ് കേന്ദ്ര സര്‍ക്കാര്‍ ഐ.പി.ഒ.യിലൂടെ വില്‍പ്പനയ്ക്കു െവച്ചത്. അഞ്ച് രൂപ മുഖവിലയുള്ള ഓഹരികളുടെ ഐ.പി.ഒ.വില 115-125 രൂപയായിരുന്നു. ഇന്ത്യന്‍ കാര്‍ വിപണിയുടെ പകുതിയിലേറെയും കൈയാളുന്ന കമ്പനിയുടെ ഐ.പി.ഒ.യ്ക്ക് 13 മടങ്ങ് അധിക അപേക്ഷകളായിരുന്നു ലഭിച്ചത്.
ഐ.പി.ഒ. വിജയകരമായി പൂര്‍ത്തിയാക്കി 2003 ജൂലായില്‍ ഓഹരികള്‍ ബി.എസ്.ഇ.യിലും എന്‍.എസ്.ഇ.യിലും വ്യാപാരം തുടങ്ങിയപ്പോള്‍ വില 165 രൂപയിലെത്തി. പിന്നീട്, ഇന്ത്യന്‍ കാര്‍ വിപണിയുടെ വളര്‍ച്ചയ്‌ക്കൊപ്പം മാരുതിയുടെ ഓഹരി വിലയും പടിപടിയായി ഉയര്‍ന്നു. 2017 ഡിസംബറില്‍ ഓഹരി വില 10,000 രൂപയിലെത്തി റെക്കോഡിട്ടു.
പിന്നീട് ഓഹരി വില നേരിയ തോതില്‍ ഇടിഞ്ഞെങ്കിലും വീണ്ടും തിരിച്ചുകയറുകയാണ്. വ്യാഴാഴ്ച വ്യാപാരം അവസാനിക്കുമ്പോള്‍ ബി.എസ്.ഇ.യില്‍ 9,330.50 രൂപയാണ് ഓഹരി വില. വിപണിമൂല്യം ഏതാണ്ട് 2.82 ലക്ഷം കോടി രൂപയാണ്. ഇന്ത്യയിലെ ഏറ്റവുമധികം വിപണിമൂല്യമുള്ള 20 കമ്പനികളിലൊന്നാണ് മാരുതി സുസുകി.
ഓഹരി വിലയിലെ നേട്ടത്തിനു പുറമെ, കാലാകാലങ്ങളില്‍ ലാഭവിഹിതമായും നല്ലൊരു തുക ഓഹരിയുടമകള്‍ക്ക് കമ്പനി നല്‍കിയിട്ടുണ്ട്. തുടര്‍ച്ചയായി ഓഹരി കൈവശം െവച്ചിരുന്നെങ്കില്‍ ഓഹരിയൊന്നിന് 20 വര്‍ഷം കൊണ്ട് 520 രൂപ ലാഭവിഹിതമായി നേടാമായിരുന്നു. അതായത്, മുതല്‍മുടക്കിന്റെ (ഐ.പി.ഒ. വിലയുടെ) നാലു മടങ്ങിലേറെ ഇതുവരെയുള്ള ലാഭവിഹിതമായി തന്നെ ലഭിച്ചു.
Content Highlights: Maruti suzuki share price jumped from Rs 125 to Rs 9330, Maruti Suzuki IPO
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..