മാരുതി സുസുക്കി ബലേനൊ | Photo: Maruti Suzuki
ഇന്ത്യയിലെ വാഹനങ്ങളുടെ ചരിത്രം എഴുതിയാല്‍ അതില്‍ ഏറ്റവും പ്രാധാന്യം അര്‍ഹിക്കുന്ന ഒരു കമ്പനിയാകും മാരുതി സുസുക്കി. 1983 മുതല്‍ ഇന്നുവരെയുള്ള 40 വര്‍ഷത്തില്‍ മാരുതി 800 മുതല്‍ ഗ്രാന്റ് വിത്താര വരെയുള്ള വാഹനങ്ങള്‍ നിരത്തുകളില്‍ ഉണ്ടാക്കിയ ഓളമൊന്നും രാജ്യത്ത് മറ്റൊരു കാര്‍ നിര്‍മാതാക്കള്‍ക്കും അവകാശപ്പെടാന്‍ സാധിക്കാത്തതാണ്. 40-ാം വയസിന്റെ നിറവില്‍ നില്‍ക്കുന്ന മാരുതി ഇപ്പോള്‍ വില്‍പ്പനയില്‍ പുതിയ നാഴികക്കല്ല് താണ്ടിയതിന്റെ ആഘോഷങ്ങളിലുമാണ്.
1983 ഡിസംബര്‍ മുതല്‍ 2023 വരെയുള്ള കാലയളവില്‍ 25 മില്ല്യണ്‍ (2.5 കോടി) വാഹനങ്ങളാണ് സുസുക്കി മോട്ടോര്‍ കോര്‍പറേഷന്റെ ഇന്ത്യന്‍ പതിപ്പായ മാരുതി സുസുക്കി നിരത്തുകളില്‍ എത്തിച്ചിരിക്കുന്നത്. ഇതോടെ ഇന്ത്യയില്‍ ഏറ്റവുമധികം കാറുകള്‍ വിറ്റ കമ്പനിയെന്ന ബഹുമതിയും മാരുതി സുസുക്കി സ്വന്തം പേരില്‍ എഴുതി ചേര്‍ത്തിരിക്കുകയാണ്. 2023 ജനുവരി ഒമ്പതിനാണ് മാരുതി സുസുക്കി 2.5 കോടി എന്ന മാജിക് നമ്പര്‍ മറികടന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

മാരുതിയുടെ വില്‍പ്പന നേട്ടത്തിലെ തന്നെ ഏറ്റവും കൗതുകം സി.എന്‍.ജി, ഹൈബ്രിഡ് വാഹനങ്ങളുടെ വില്‍പ്പനയിലാണ്. ചുരുങ്ങിയ വര്‍ഷത്തിനുള്ളില്‍ 2.1 മില്ല്യണ്‍ (21 ലക്ഷം) വാഹനങ്ങളാണ് വിറ്റഴിച്ചിരിക്കുന്നത്. മാരുതി 800-ല്‍ ആരംഭിച്ച മാരുതിയുടെ വാഹന നിരയില്‍ ഇപ്പോള്‍ പെട്രോള്‍, സി.എന്‍.ജി, ഹൈബ്രിഡ് കാറുകള്‍ ഉള്‍പ്പെടെ 17 വാഹനങ്ങളാണുള്ളത്. 2022-ലെ കണക്കുകള്‍ അനുസരിച്ച് ഇന്ത്യയിലെ പാസഞ്ചര്‍ കാര്‍ വിപണിയുടെ 42 ശതമാനവും കൈയാളുന്നത് മാരുതി സുസുക്കിയാണ്.
മാരുതി പുറത്തുവിട്ട കണക്കുകള്‍ അനുസരിച്ച് 15 ലക്ഷത്തില്‍ അധികം വാഹനങ്ങളാണ് 2022-ല്‍ കമ്പനി ഇന്ത്യയില്‍ വിറ്റഴിച്ചിരിക്കുന്നത്. 15 ശതമാനത്തിന്റെ വില്‍പ്പന വളര്‍ച്ചയും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മാരുതിയുടെ വില്‍പ്പന നേട്ടത്തിന്റെ പ്രധാന ക്രെഡിറ്റ് സെലേറിയോ, വാഗണ്‍ആര്‍, ഇഗ്നീസ്, സ്വിഫ്റ്റ്, ബലേനൊ എന്നീ മോഡലുകള്‍ അടങ്ങുന്ന ചെറുകാര്‍ ശ്രേണിയാണ്. മൊത്തവില്‍പ്പനയുടെ 55 ശതമാനവും ഇവരുടെ സംഭാവനയാണ്. എന്‍ട്രി ലെവല്‍ വാഹനങ്ങളായ ആള്‍ട്ടോയുടെയും എസ്-പ്രെസോയുടെയും 2,27,824 യൂണിറ്റും 2022-ല്‍ വിപണിയില്‍ എത്തി.

മാരുതിയുടെ വളര്‍ച്ചയില്‍ ആള്‍ട്ടോ മുതല്‍ ബലേനൊ വരെയുള്ള ചെറുകാറുകള്‍ക്ക് വലിയ പങ്കാണുള്ളത്. 1983-ല്‍ ആദ്യ വാഹനം എത്തിച്ച് തുടങ്ങിയ മാരുതി 50 ലക്ഷം എന്ന സംഖ്യയില്‍ എത്തുന്നത് 2006-ഓടെയാണ്. ഇതിനുപിന്നാലെയാണ് വാഗണ്‍ആര്‍ പോലുള്ള വാഹനങ്ങള്‍ മാറ്റത്തിന് വിധേയമാകുന്നതും സ്വിഫ്റ്റ് പോലുള്ള മോഡലുകള്‍ ഉദയം ചെയ്യുന്നതും. ഇതിനുശേഷമുള്ള 17 വര്‍ഷത്തിനുള്ളിലാണ് 50 ലക്ഷത്തില്‍ നിന്ന് 2.5 കോടിയിലേക്കുള്ള വളര്‍ച്ച കൈവരിക്കുന്നത്.
ചെറുകാറുകള്‍ക്ക് പുറമെ, എസ്.യു.വി. എന്ന അതിവേഗം വളരുന്ന വാഹന ശ്രേണിയിലാണ് മാരുതി ഇപ്പോള്‍ കണ്ണുവെച്ചിരിക്കുന്നത്. മാരുതി ബ്രെസ, ഗ്രാന്റ് വിത്താര എന്നീ മോഡലുകള്‍ വിപണിയില്‍ സ്വന്തമായി ഇടംനേടിയതോടെ കൂടുതല്‍ വാഹനങ്ങള്‍ അണിയറയില്‍ ഒരുങ്ങുന്നുണ്ട്. ലൈഫ് സ്റ്റൈല്‍ എസ്.യു.വി. മോഡലായ ജിമ്‌നി, ചെറു എസ്.യു.വി. വാഹനമായ ഫ്രോങ്‌സ് എന്നീ മോഡലുകളാണ് മാരുതി സുസുക്കിയുടെ എസ്.യു.വി. നിരയില്‍ വരവിനൊരുങ്ങിയിട്ടുള്ള വാഹനങ്ങള്‍.

Content Highlights: Maruti Suzuki sell 2.5 crore cars in India, Maruti Suzuki sales, 40 Year of Maruti Suzuki
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..