മാരുതിയിടെ ക്രോസ്-ഓവര്‍ വാഹനമായ എസ്-ക്രോസിന്റെ പെട്രോള്‍ മോഡല്‍ ഏപ്രില്‍ അവസാനത്തോടെയോ മേയ് ആദ്യവാരമോ എത്തുമെന്ന് റിപ്പോര്‍ട്ട്. കൊറോണ ലോക്ക്ഡൗണ്‍ നീങ്ങിയാലുടന്‍ ഈ വാഹനം നിരത്തുകളിലെത്തുമെന്നായിരുന്നു മുമ്പ് അറിയിച്ചിരുന്നു. പെട്രോള്‍ എസ്-ക്രോസിന്റെ വിവരങ്ങള്‍ നെക്‌സ വെബ് സൈറ്റിലെത്തിയിട്ടുണ്ട്.

മലിനീകരണ നിയന്ത്രണത്തിനായി രാജ്യത്ത് ബിഎസ്-6 നിലവാരത്തിലുള്ള എന്‍ജിന്‍ നിര്‍ബന്ധമാക്കിയതോടെ എസ്-ക്രോസിന്റെ ഡീസല്‍ മോഡലുകള്‍ നിരത്തൊഴിഞ്ഞിരുന്നു. ഈ സ്ഥാനത്തേക്കാണ് മാരുതി സ്വന്തമായി വികസിപ്പിച്ച ബിഎസ്-6 നിലവാരത്തിലുള്ള പെട്രോള്‍ എന്‍ജിനില്‍ എസ്-ക്രോസ് നിരത്തുകളിലെത്താനൊരുങ്ങുന്നത്. 

മാരുതിയുടെ സിയാസ്, എര്‍ട്ടിഗ, എക്‌സ്എല്‍6, ബ്രെസ എന്നീ മോഡലുകള്‍ക്ക് കരുത്തേകുന്ന 1.5 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ എന്‍ജിനാണ് എസ്‌ക്രോസിലും നല്‍കുന്നത്. ഇത് 103 ബിഎച്ച്പി പവറും 138 എന്‍എം ടോര്‍ക്കുമേകും. ഇന്ധന ക്ഷമത ഉറപ്പാക്കാന്‍ സുസുക്കി ഡ്യുവല്‍ ബാറ്ററി സിസ്റ്റം മൈല്‍ഡ് ഹൈബ്രിഡ് സംവിധാനവും ഇതില്‍ നല്‍കും.

പുതിയ എന്‍ജിനുപുറമെ, കൂടുതല്‍ ഫീച്ചറുകളും ഈ വാഹനത്തില്‍ സ്ഥാനം പിടിക്കുന്നുണ്ട്. ഇന്റീരിയറില്‍ സ്മാര്‍ട്ട്‌പ്ലേ സ്റ്റുഡിയോ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം നല്‍കിയപ്പോള്‍, എക്സ്റ്റീരിയറില്‍ പുതിയ റിയര്‍ വ്യൂ മിറര്‍, പുതിയ ഇന്റിക്കേറ്റര്‍ ലൈറ്റ്, സ്‌പോര്‍ട്ടി അലോയി വീല്‍ എന്നിവയും നല്‍കിയിട്ടുണ്ട്. 

2017ലാണ് എസ്‌ക്രോസിന്റെ മുഖം മിനിക്കിയ പതിപ്പ് അവതരിപ്പിച്ചത്. പ്രൊജക്ഷന്‍ ഹെഡ്‌ലാമ്പ്, എല്‍ഇഡി ഡിആര്‍എല്‍, ഇന്റിക്കേറ്ററുകളുള്ള റിയര്‍വ്യൂ മിറര്‍, എല്‍ഇഡി ടെയ്ല്‍ലാമ്പ്, എന്നിവ എക്സ്റ്റീരിയറിലും ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, സ്റ്റാര്‍ട്ട്‌സ്‌റ്റോപ്പ് ബട്ടണ്‍, ഓട്ടോമാറ്റിക് എയര്‍ കണ്ടീഷന്‍ എന്നിവ ഈ വരവിലാണ് എസ്‌ക്രോസില്‍ സ്ഥാനം പിടിച്ചത്.

Content Highlights: Maruti Suzuki SCross Pterol Model  To Launch On May