മാരുതി സുസുക്കി ഇന്ത്യയില്‍ എത്തിച്ചിട്ടുള്ള ക്രോസ് ഓവര്‍ മോഡലായ എസ്-ക്രോസ് മുഖം മിനുക്കിയുള്ള വരവിനൊരുങ്ങുകയാണ്. നവംബര്‍ 25-ന് ആഗോള വിപണിയില്‍ പ്രദര്‍ശിപ്പിക്കാനൊരുങ്ങുന്ന വാഹനത്തിന്റെ ചിത്രങ്ങള്‍ ഇതിനോടകം സാമൂഹിക മാധ്യമങ്ങളില്‍ നിറയുകയാണ്. അടിമുടി മാറ്റങ്ങളുമായി ഒരു എസ്.യു.വി. പ്രൗഡിയോടെ എത്താനൊരുങ്ങുന്ന ഈ വാഹനം ഇന്ത്യയില്‍ നിരത്തുകളില്‍ ഹ്യുണ്ടായി ക്രെറ്റ, കിയ സെല്‍റ്റോസ് എന്നീ വാഹനങ്ങളോട് മത്സരിക്കുക.

അടിമുടി മാറ്റം എന്ന പ്രയോഗം അന്വര്‍ഥമാക്കി പ്ലാറ്റ്‌ഫോം മുതല്‍ വാഹനത്തിന്റെ അകത്തളത്തില്‍ വരെ പുതുമ നിറച്ചായിരിക്കും പുതിയ എസ്-ക്രോസ് അവതരിപ്പിക്കുക. നിലവില്‍ നിരത്തുകളിലുള്ള എസ്-ക്രോസില്‍ ഉപയോഗിച്ചിട്ടുള്ള സി പ്ലാറ്റ്‌ഫോമിന്റെ പുതുക്കിയ പതിപ്പിലായിരിക്കും മുഖം മിനുക്കുന്ന എസ്-ക്രോസ് ഒരുങ്ങുന്നത്. ആദ്യം യൂറോപ്യന്‍ വിപണിയില്‍ എത്തുന്ന ഈ വാഹനം ഇന്ത്യന്‍ നിരത്തുകളില്‍ 2022-ന്റെ ഒടുവിലേക്ക് പ്രതീക്ഷിച്ചാല്‍ മതിയാകുമെന്നാണ് വിവരം.

ഡിസൈനിലെ മാറ്റമാണ് എക്സ്റ്റീരിയറിലെ പ്രധാന പുതുമ. മുന്‍ മോഡലില്‍ നല്‍കിയിരുന്ന ക്രോമിയം ഗ്രില്ലിന് പകരം ഹണി കോംമ്പ് ഡിസൈനിലാണ് പുതിയ മോഡലിലെ ഗ്രില്ല്. സുസുക്കി ലോഗോയില്‍ നിന്ന് ഹെഡ്‌ലൈറ്റുകളിലേക്ക് നീളുന്ന സ്ട്രിപ്പാണ് മുന്നിലെ ക്രോമിയം സാന്നിധ്യം. എല്‍.ഇ.ഡിയിലാണ് ഹെഡ്‌ലൈറ്റ് ഒരുങ്ങിയിട്ടുള്ളത്. ഇന്റിക്കേറ്റര്‍ ബമ്പറിലേക്ക് മാറിയിട്ടുണ്ട്. സ്‌കിഡ് പ്ലേറ്റ് നല്‍കി പുതിയ ഡിസൈനിലാണ് ഈ വാഹനത്തിന്റെ ബമ്പര്‍ ഒരുങ്ങുന്നത്. ഇവയാണ് മുഖഭാവത്തിലെ പുതുമ.

Maruti S-Cross
എസ്-ക്രോസിന്റെ പുതുയ മോഡലും നിലവിലെ പതിപ്പും | Photo: Team BHP

ഇന്റീരിയര്‍ സംബന്ധിച്ച കാര്യമായി വെളിപ്പെടുത്തലുകള്‍ ഉണ്ടായിട്ടില്ല. എന്നാല്‍, വിദേശ വിപണിയില്‍ ആദ്യം എത്തുന്നതിനാല്‍ തന്നെ അകത്തളത്തിനും ആഗോള നിലവാരം നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പുതുതലമുറ ഫീച്ചറുകള്‍ നല്‍കിയിട്ടുള്ള വലിയ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍ തുടങ്ങിയ ഫീച്ചറുകള്‍ അകത്തളത്തില്‍ ഉറപ്പിക്കാം. ഇതിനുപുറമെ, കൂടുതല്‍ ഫീച്ചറുകള്‍ നല്‍കിയേക്കുമെന്നാണ് കരുതുന്നത്. 

നിലവിലെ എസ്-ക്രോസില്‍ പ്രവര്‍ത്തിക്കുന്ന 103 ബി.എച്ച്.പി. പവറും 138 എന്‍.എം. ടോര്‍ക്കുമേകുന്ന 1.5 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ പെട്രോള്‍ എന്‍ജിന്‍ തന്നെയായിരിക്കും പ്രവര്‍ത്തിക്കുക. മാരുതിയുടെ ഉയര്‍ന്ന മോഡലുകളിലെല്ലാം ഈ എന്‍ജിനാണ് നല്‍കിയിട്ടുള്ളത്. എന്നാല്‍, എസ്-ക്രോസിന്റെ യൂറോപ്യന്‍ പതിപ്പില്‍ 1.4 ലിറ്റര്‍ ടര്‍ബോ ചാര്‍ജ്ഡ് ബൂസ്റ്റര്‍ ജെറ്റ് പെട്രോള്‍ എന്‍ജിനായിരിക്കും പ്രവര്‍ത്തിക്കുക. ഇതിനൊപ്പം 48 വാട്ട് മൈല്‍ഡ് ഹൈബ്രിഡ് സാങ്കേതികവിദ്യയും നല്‍കുമെന്നാണ് വിവരം.

Content Highlights: Maruti Suzuki S-Cross Facelift Model, Maruti Crossover Vehicle S-Cross, Maruti S-Cross