ഡീസല്‍ എന്‍ജിനുകളോട് പൂര്‍ണമായും വിട പറഞ്ഞ് പെട്രോള്‍ എന്‍ജിനുകളില്‍ മാത്രം വാഹനം എത്തിക്കുമെന്നുള്ളത് ഇന്ത്യയിലെ ഏറ്റവും വലിയ വാഹന നിര്‍മാതാക്കളായ മാരുതി സുസുക്കിയുടെ വിപ്ലവകരമായ തീരുമാനമായിരുന്നു. അതുകൊണ്ട് തന്നെ ബി.എസ്.4 നിലവാരത്തിലുണ്ടായിരുന്ന ഡീസല്‍ എന്‍ജിനുകളില്‍ ബി.എസ്.6-ലേക്ക് മാറ്റിയിരുന്നില്ല. 2020 ഏപ്രിലിന് ശേഷം പെട്രോള്‍ എന്‍ജിന്‍ വാഹനങ്ങള്‍ മാത്രമാണ് മാരുതി സുസുക്കി ഇന്ത്യന്‍ നിരത്തുകളില്‍ എത്തിച്ചിരുന്നത്. 

എന്നാല്‍, ഡീസല്‍ എന്‍ജിന്‍ ഉപേക്ഷിച്ച തീരുമാനം പുനഃപരിശോധിക്കാനുള്ള നീക്കത്തിലാണ് മാരുതി എന്നാണ് പുതിയ റിപ്പോര്‍ട്ട്. ഇതിന്റെ ഭാഗമായി ബി.എസ്.6 നിലവാരത്തിലുള്ള 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിനാണ് മാരുതി വികസിപ്പിക്കുന്നത്. മാരുതി സുസുക്കിയുടെ പ്രീമിയം എം.പി.വി. വാഹനമായ XL6-ല്‍ ആയിരിക്കും ഈ ഡീസല്‍ എന്‍ജിന്‍ ആദ്യം നല്‍കുകയെന്നാണ് സൂചന. 2022 ആദ്യം ഡീസല്‍ എന്‍ജിന്‍ XL6 നിരത്തുകളില്‍ എത്തുമെന്നും ദി ഹിന്ദു ബിസിനസ് ലൈന്‍ റിപ്പോര്‍ട്ട് ചെയ്തു.

മാരുതി XL6-ന് പിന്നാലെ കോംപാക്ട് എസ്.യു.വി. മോഡലായ വിത്താര ബ്രെസ, എം.പി.വി. മോഡല്‍ എര്‍ട്ടിഗ, പ്രീമിയം സെഡാന്‍ വാഹനമായ സിയാസ് എന്നിവയിലും ഡീസല്‍ എന്‍ജിന്‍ നല്‍കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മാരുതിയുടെ ഹരിയാനയിലെ മനേസര്‍ പ്ലാന്റില്‍ കഴിഞ്ഞ ഒരു വര്‍ഷത്തോളമായി ഡീസല്‍ എന്‍ജിന്റെ നിര്‍മാണം പുരോഗമിക്കുന്നതായും മാരുതി അറിയിച്ചിട്ടുണ്ട്. 2022 ഫെബ്രുവരിയില്‍ നടക്കുന്ന ഡല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ ബ്രെസ പ്രദര്‍ശനത്തിനെത്തിയേക്കും.

ഇത് ഒരു പുതിയ എന്‍ജിന്‍ ആയിരിക്കില്ലെന്നാണ് മാരുതി അറിയിച്ചിട്ടുള്ളത്. 2018-ല്‍ മാരുതി സിയാസ്, എര്‍ട്ടിഗ എന്നീ വാഹനങ്ങള്‍ക്കായി മാരുതി നിര്‍മിച്ച 1.5 ലിറ്റര്‍ എന്‍ജിന്‍ തന്നെയാണ്. എന്നാല്‍, ഇത് ബി.എസ്.6 നിലവാരത്തിലേക്ക് ഉയര്‍ത്തിയിട്ടുണ്ട്. ഡീസല്‍ എന്‍ജിനുകള്‍ ബി.എസ്.6 നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന്റെ ഭാരിച്ച് ചെലവ് പരിഗണിച്ചാണ് ഡീസല്‍ എന്‍ജിനുകളിലുള്ള വാഹനങ്ങളുടെ നിര്‍മാണം നിര്‍ത്താന്‍ മാരുതി തീരുമാനിച്ചതെന്നാണ് കമ്പനി അറിയിച്ചിരുന്നത്. 

എന്നാല്‍, വിപണിയിലെ സാധ്യതകള്‍ പരിഗണിച്ചാണ് വീണ്ടും ബി.എസ്.6 മാനദണ്ഡങ്ങള്‍ പാലിക്കുന്ന 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിനുകള്‍ തിരിച്ചെത്തിക്കുന്നതെന്നാണ് ഔദ്യോഗിക വിശദീകരണം. അതേസമയം, ബലേനൊ, ഡിസയര്‍ പോലെയുള്ള ചെറുകാറുകളില്‍ ഡീസല്‍ എന്‍ജിനുകള്‍ നല്‍കാനിടയില്ലെന്നുമാണ് വിലയിരുത്തലുകള്‍. സുസുക്കിയില്‍ നിന്ന് വികസിപ്പിച്ച 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിനാണ് മുമ്പ് എര്‍ട്ടിഗ, സിയാസ് വാഹനങ്ങള്‍ക്ക് കരുത്തേകിയിരുന്നത്. 

മാരുതി ഡീസല്‍ എന്‍ജിന്‍ തിരിച്ചെത്തിക്കാനൊരുങ്ങുന്നതായി മുമ്പും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. മുമ്പ് സിയാസ്, എര്‍ട്ടിഗ എന്നീ മോഡലുകളില്‍ നല്‍കിയിരുന്ന മാരുതിയുടെ 1.5 ലിറ്റര്‍ ബി.എസ്-4 ഡീസല്‍ എന്‍ജിന്‍ 104 ബി.എച്ച്.പി. പവറും 225 എന്‍.എം.ടോര്‍ക്കുമാണ് ഉത്പാദിപ്പിച്ചിരുന്നത്. ബി.എസ്-6 നിലവാരത്തിലൊരുങ്ങുന്ന എന്‍ജിനും ഇതേ കരുത്തായിരിക്കും ഉത്പാദിപ്പിക്കുകയെന്നാണ് നിഗമനം. ഇതിനൊപ്പം മൈല്‍ഡ് ഹൈബ്രിഡ് സാങ്കേതികവിദ്യയും ഒരുക്കുയേക്കുമെന്നും മുമ്പ് റിപ്പോര്‍ട്ടുണ്ടായിരുന്നു. 

Source: Business Line 

Content Highlights: Maruti Suzuki Reintroduce 1.5 Liter Diesel Engine With BS6 Standard