ന്ത്യയിലെ ഏറ്റവും വലിയ വാഹന നിര്‍മാതാക്കളായ മാരുതി സുസുക്കി പരിശോധനയ്ക്കായി വാഹനങ്ങള്‍ തിരിച്ച് വിളിക്കുന്നു. മാരുതിയുടെ ജനപ്രിയ മോഡലുകളായ സിയാസ്, എര്‍ട്ടിഗ, വിറ്റാര ബ്രെസ, എസ് ക്രോസ്, എക്‌സ്.എല്‍.6 എന്നീ മോഡലുകള്‍ ഉള്‍പ്പെടെ 1,80,754 യൂണിറ്റ് വാഹനങ്ങളാണ് തിരിച്ച് വിളിച്ചിട്ടുള്ളതെന്നാണ് മാരുതി സുസുക്കി അറിയിച്ചിട്ടുള്ളത്. 

2018 മേയ് നാലിനും 2020 ഒക്ടോബര്‍ 27-നും ഇടയില്‍ നിര്‍മിച്ച പെട്രോള്‍ എന്‍ജിനില്‍ വാഹനങ്ങളാണ് പരിശോധനയ്ക്ക് എത്തിക്കാന്‍ അറിയിച്ചിട്ടുള്ളത്. വാഹനങ്ങളുടെ മോട്ടോര്‍ ജനറേറ്റര്‍ യൂണിറ്റ് തകരാര്‍ കണ്ടെത്തിയ പശ്ചാത്തലത്തിലാണ് പരിശോധന നടത്താന്‍ തീരുമാനിച്ചിട്ടുള്ളതെന്നാണ് നിര്‍മാതാക്കള്‍ നല്‍കിയിട്ടുള്ള വിശദീകരണം. 

തകരാര്‍ സംഭവിച്ചിട്ടുള്ള വാഹനങ്ങളുടെ ഉടമകളെ കമ്പനിയുടെ പ്രതിനിധികള്‍ നേരിട്ട് ബന്ധപ്പെടുമെന്നാണ് മാരുതി അറിയിച്ചിരിക്കുന്നത്. ആഗോള തലത്തില്‍ തന്നെ ഈ തകരാറുകള്‍ സൗജന്യമായി പരിഹരിച്ച് നല്‍കുമെന്നാണും കമ്പനി ഉറപ്പുനല്‍കിയിട്ടുണ്ട്. വാഹന ഉടമയ്ക്ക് തൊട്ടടുത്തുള്ള അംഗീകൃത മാരുതി വര്‍ക്ക്‌ഷോപ്പില്‍ സര്‍വീസ് ഒരുക്കുമെന്നാണ് വിവരം.

വരുന്ന നവംബര്‍ മാസം മുതലായിരിക്കും ഈ വാഹനങ്ങള്‍ക്കുള്ള സര്‍വീസ് ആരംഭിക്കുക. അതുവരെയുള്ള കാലയളവില്‍ തകരാര്‍ കണ്ടെത്തിയിട്ടുള്ള വാഹനങ്ങള്‍ വെള്ളക്കെട്ടുകളിലൂടെ ഓടിക്കുന്നത് ഒഴിവാക്കാനും വാഹനങ്ങളിലെ ഇലക്ട്രിക്/ ഇലക്ട്രോണിക്‌സ് പാര്‍ട്‌സുകളിലേക്ക് നേരിട്ട് വെള്ളം സ്‌പ്രേ ചെയ്യുന്നതും ഒഴിവാക്കണമെന്നും കമ്പനി നിര്‍ദേശിച്ചിട്ടുണ്ട്.

Content Highlights: Maruti Suzuki Recalls 5 Models Due To Motor Generator Issue