ന്ത്യയിലെ ഏറ്റവും വലിയ വാഹന നിര്‍മാതാക്കളായ മാരുതി സുസുക്കി ഏതാനും മോഡലുകളുടെ വില വര്‍ധിപ്പിച്ചു. മാരുതിയുടെ ജനപ്രിയ ഹാച്ച്ബാക്ക് മോഡലായ സ്വിഫ്റ്റിനും സി.എന്‍.ജി. ഫ്യുവല്‍ വാഹനങ്ങള്‍ക്കുമാണ് വില വര്‍ധിപ്പിച്ചിരിക്കുന്നത്. എക്‌സ്‌ഷോറൂം വിലയില്‍ 15,000 രൂപ വര്‍ധിപ്പിച്ചിട്ടുണ്ടെനന്നാണ് റിപ്പോര്‍ട്ട്. പുതുക്കിയ വില ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരുമെന്നും മാരുതി  സുസുക്കി അറിയിച്ചു. 

വാഹനങ്ങളുടെ നിര്‍മാണ ചെലവില്‍ കാര്യമായ വര്‍ധനവുണ്ടായിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് മാരുതി വില വര്‍ധനവ് പ്രഖ്യാപിച്ചിട്ടുള്ളത്. മാരുതിയുടെ മറ്റ് മോഡലുകള്‍ക്കും വില വര്‍ധിപ്പിക്കാനുള്ള നീക്കവും നടക്കുന്നുണ്ടെന്നാണ് സൂചന. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനവും വൈകാതെ ഉണ്ടായേക്കും. അതേസമയം, മറ്റ് മോഡലുകള്‍ക്ക് എത്ര രൂപയാണ് വര്‍ധിപ്പിക്കുകയെന്ന കാര്യത്തില്‍ വ്യക്തതയില്ല.

സ്വിഫ്റ്റിന്റെയും മറ്റ് സി.എന്‍.ജി. മോഡലുകളുടെയും വില വര്‍ധിപ്പിക്കുമെന്ന് ജൂണ്‍ 21-ന് മാരുതി സുസുക്കി പ്രഖ്യാപിച്ചിരുന്നു. മോഡലുകള്‍ അനുസരിച്ച് പരമാവധി 15,000 രൂപ വരെയാണ് വില വര്‍ധിപ്പിച്ചിട്ടുള്ളതെന്നാണ് മാരുതി അറിയിച്ചിരിക്കുന്നത്. വാഹന നിര്‍മാണത്തിന് ഉപയോഗിക്കുന്ന സാമഗ്രികളുടെ വിലയിലുണ്ടായ വര്‍ധനവാണ് കമ്പനിയെ ഈ നീക്കത്തിന് പ്രേരിപ്പിച്ചിരിക്കുന്നതെന്നാണ് നിര്‍മാതാക്കള്‍ അറിയിച്ചിരിക്കുന്നത്. 

വാഹനങ്ങളുടെ വില വര്‍ധിപ്പിക്കാന്‍ ഒരുങ്ങുന്നുവെന്ന് കഴിഞ്ഞ മാസം മാരുതി അറിയിച്ചിരുന്നു. എന്നാല്‍, ഏതെല്ലാം വാഹനങ്ങളെയാണ് വില വര്‍ധന ബാധിക്കുകയെന്നും എത്ര രൂപയാണ് ഉയര്‍ത്തുന്നതെന്നും വെളിപ്പെടുത്തിയിരുന്നില്ല. നിലവില്‍ ഏതാനും മോഡലുകളെ മാത്രമാണ് വില വര്‍ധനവ് ബാധിച്ചിട്ടുള്ളതെങ്കിലും മറ്റ് വാഹനങ്ങളുടെയും വില വര്‍ധിപ്പിക്കാന്‍ കമ്പനി നിര്‍ബന്ധിതമാകുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. 

ഈ വര്‍ഷം ഇത് മൂന്നാം തവണയാണ് മാരുതി വില വര്‍ധിപ്പിക്കുന്നത്. ജനുവരിയിലും ഏപ്രിലിലുമായിരുന്നു ആദ്യ രണ്ട് വില വര്‍ധനവുകള്‍. 34,000 രൂപ വരെയാണ് ജനുവരില്‍ മാരുതി വില വര്‍ധിപ്പിച്ചത്. ഇത്തവണ സ്വിഫ്റ്റിന് പുറമെ, സി.എന്‍.ജി. എന്‍ജിനിലെത്തുന്ന ആള്‍ട്ടോ, എസ്-പ്രെസോ, സെലേറിയോ, വാഗണ്‍ആര്‍, ഈക്കോ, എര്‍ട്ടിഗ എന്നീ വാഹനങ്ങള്‍ക്കാണ് വില വര്‍ധിപ്പിക്കുന്നത്.

Content Highlights: Maruti Suzuki Price Increased For Swift and Other CNG Models