ന്ത്യയിലെ ജനപ്രിയ ഹാച്ച്ബാക്ക് മോഡലായ മാരുതി സുസുക്കി സ്വിഫ്റ്റിന്റെ 2021 പതിപ്പ് അവതരിപ്പിച്ചു. സുരക്ഷ ശക്തമാക്കിയും ന്യൂജനറേഷന്‍ ഫീച്ചറുകള്‍ ഒരുക്കിയും ആകര്‍ഷകമായ ഡിസൈന്‍ വരുത്തിയും മൂന്ന് ഡ്യുവല്‍ ടോണ്‍ നിറങ്ങളില്‍ എത്തിയിട്ടുള്ള പുതിയ സ്വിഫ്റ്റിന് 5.73 ലക്ഷം രൂപയിലാണ് ഡല്‍ഹിയിലെ എക്‌സ്‌ഷോറും വില ആരംഭിക്കുന്നത്. 

ആദ്യ കാഴ്ചയില്‍ തന്നെ തിരിച്ചറിയാന്‍ സാധിക്കുന്ന ഡിസൈന്‍ മാറ്റമാണ് 2021 സ്വിഫ്റ്റില്‍ വരുത്തിയിട്ടുള്ളത്. സില്‍വര്‍ ആവരണത്തിനൊപ്പം ക്രോമിയം സ്ട്രിപ്പും നല്‍കിയിട്ടുള്ള പുതിയ ഗ്രില്ലാണ് ഈ വാഹനത്തെ കൂടുതല്‍ സ്റ്റൈലിഷാക്കുന്നത്. ഹെഡ്‌ലൈറ്റ്, ഡി.ആര്‍.എല്‍, ഫോഗ്‌ലാമ്പ്, അലോയി വീല്‍, തുടങ്ങിയവ മുന്‍ മോഡലുകളില്‍ നിന്ന് കടംകൊണ്ടവയാണ്. 

ആപ്പിള്‍ കാര്‍പ്ലേ ആന്‍ഡ്രോയിഡ് ഓട്ടോ സംവിധാനങ്ങളുള്ള മാരുതിയുടെ സ്മാര്‍ട്ട്‌പ്ലേ സ്റ്റുഡിയോ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം ഇതിലും നല്‍കിയിട്ടുണ്ട്.  4.2 ഇഞ്ച് ടി.എഫ്.ടി.ഡിസ്‌പ്ലേ നല്‍കിയിട്ടുള്ള ട്വിന്‍ പോഡ് ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍, ക്രൂയിസ് കണ്‍ട്രോള്‍, താക്കോല്‍ ഉപയോഗിച്ച് മടക്കാന്‍ സാധിക്കുന്ന റിയര്‍വ്യൂ മിറര്‍ എന്നിവ ഫീച്ചറുകളുടെ ഉദാഹരണമാണ്.

കാര്യക്ഷമമായ സുരക്ഷയാണ് ഈ വരവിലെ സ്വിഫ്റ്റിന്റെ മറ്റൊരു പ്രത്യേകത. ഇലക്ട്രോണിക് സ്‌റ്റെബിലിറ്റി, ഹില്‍ ഹോള്‍ഡ് കണ്‍ട്രോള്‍, എ.ബി.എസ്, ഇ.ബി.ഡി, പ്രീ-ടെന്‍ഷനര്‍, ഫോഴ്‌സ് ലിമിറ്റര്‍, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍, ഐ.എസ്.ഒ.ഫിക്‌സ് ആങ്കേഴ്‌സ്, റിവേഴ്‌സ് പാര്‍ക്കിങ്ങ് സെന്‍സറുകള്‍, ക്യാമറ തുടങ്ങിയവയാണ് സുരക്ഷയില്‍ വരുത്തിയിട്ടുള്ള മാറ്റങ്ങള്‍.

ബൊലേനോയില്‍ നല്‍കിയിട്ടുള്ള മാരുതിയുടെ പുതുതലമുറ 1.2 ലിറ്റര്‍ ഡ്യുവല്‍ ജെറ്റ് വി.വി.ടി. പെട്രോള്‍ എന്‍ജിനാണ് സ്വിഫ്റ്റിലെ മറ്റൊരു പുതുമ. ഇത് 88 ബി.എച്ച്.പി. പവറും 113 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. ഇന്ധനക്ഷമത ഉയര്‍ത്തുന്നതിനായി ഐഡില്‍ സ്റ്റാര്‍ട്ട് സ്‌റ്റോപ്പ് സംവിധാനവും ഇതില്‍ നല്‍കിയിട്ടുണ്ട്. മാനുവല്‍, എ.എം.ടി. ഗിയര്‍ബോക്‌സുകളും ഇതിലുണ്ട്.

Content Highlights: Maruti Suzuki Launch 2021 Model Swift In India