ജിപ്‌സി നിരത്തൊഴിഞ്ഞപ്പോള്‍ മാരുതി സുസുക്കി ഇന്ത്യക്കാര്‍ക്ക് ഒരു ഉറപ്പുനല്‍കിയിരുന്നു. ജിപ്‌സിയെക്കാള്‍ കരുത്തന്‍ ഒരു മോഡല്‍ ഇന്ത്യയിലെത്തിക്കുമെന്ന്. സുസുക്കി ആഗോള നിരത്തുകളില്‍ എത്തിച്ചിട്ടുള്ള ജിമ്‌നി ആയിരിക്കും ഈ പകരക്കാരനെന്ന് അറിയിക്കാന്‍ കഴിഞ്ഞ ഡല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ ഈ വാഹനം പ്രദര്‍ശിപ്പിക്കുകയും ചെയ്തിരുന്നു. 

ഈ വാഹനത്തിന്റെ വരവ് വൈകാതെയുണ്ടാകുമെന്ന് സൂചന നല്‍കി പരീക്ഷണയോട്ടം നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. മാരുതിയുടെ ഹരിയാനയിലെ മനേസര്‍ പ്ലാന്റിന് സമീപം ഈ വാഹനം പരീക്ഷണയോട്ടം നടത്തുന്നതിന്റെ ചിത്രങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. കാര്‍ ഡൈ എന്ന യൂട്യൂബ് ചാനലാണ് ജിമ്‌നിയുടെ പരീക്ഷണയോട്ട ദൃശ്യം പുറത്തുവിട്ടത്. 

ജിംനിയുടെ അഞ്ച് ഡോര്‍ മോഡലായിരിക്കും ഇന്ത്യയില്‍ എത്തിക്കുക എന്നാണ് നിര്‍മാതാക്കള്‍ അറിയിച്ചിട്ടുള്ളതെങ്കിലും മൂന്ന് ഡോര്‍ സിയേറ മോഡലാണ് പരീക്ഷണയോട്ടത്തിനിറങ്ങിയത്. ഓട്ടോ എക്‌സ്‌പോയില്‍ പ്രദര്‍ശിച്ച വാഹനത്തില്‍ നിന്ന് മാറ്റം വരുത്താതെയുള്ള മോഡലാണ് പരീക്ഷണയോട്ടത്തിന് ഇറങ്ങിയിട്ടുള്ളത്. 

പരമ്പരാഗത ബോക്‌സി രൂപത്തിലാണ് ജിമ്‌നി ഒരുങ്ങിയിട്ടുള്ളത്. റൗണ്ട് ഷേപ്പിലുള്ള ഹെഡ്‌ലാമ്പ്, അഞ്ച് സ്ലാറ്റ് ബ്ലാക്ക് ഗ്രില്ല്, ലോ സെറ്റ് ഫോഗ്‌ലാമ്പ്, വീതിയുള്ള വീല്‍ ആര്‍ച്ച്, അലോയി വീല്‍, ഹാച്ച്‌ഡോറില്‍ നല്‍കിയിട്ടുള്ള സ്‌റ്റെപ്പിനി ടയര്‍, സ്റ്റൈലിഷായ റിയര്‍ ബംമ്പര്‍ എന്നിവയാണ് ഈ വാഹനത്തിനെ സ്റ്റൈലിഷാക്കുന്നത്. 

ഇന്ത്യയിലെത്തുന്ന സിയേറയുടെ അകത്തളം സംബന്ധിച്ച സൂചനകള്‍ ലഭ്യമായിട്ടില്ല. എന്നാല്‍. ത്രീ സ്‌പോക്ക് സ്റ്റിയറിങ്ങ് വീല്‍, ട്വിന്‍ ഡയല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ഏഴ് ഇഞ്ച് സെന്‍ട്രല്‍ ഇന്‍ഫോടെയ്‌മെന്റ് സിസ്റ്റം, മള്‍ട്ടി ഫങ്ഷന്‍ സ്റ്റിയറിങ് വീല്‍, ലെതര്‍ ഫിനീഷിങ്ങിലുള്ള സീറ്റുകള്‍ എന്നിവ ഇന്റീരിയറിനെ ആകര്‍ഷകമാക്കുമെന്നാണ് സൂചന.

103 ബി.എച്ച്.പി പവറും 138 എന്‍എം ടോര്‍ക്കുമേകുന്ന 1.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിനായിരിക്കും ഇന്ത്യയിലെത്തുന്ന ജിമ്‌നിക്ക് കരുത്തേകുകയെന്നാണ് റിപ്പോര്‍ട്ട്. ഫോര്‍ വീല്‍ ഡ്രൈവ് സംവിധാനത്തിലെത്തുന്ന ഈ വാഹനത്തില്‍ അഞ്ച് സ്പീഡ് മാനുവല്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുകള്‍ ട്രാന്‍സ്മിഷന്‍ ഒരുക്കും.

Source: MotorBeam

Content Highlights: Maruti Suzuki Jimny Spied On Test Run In India