കാത്തിരിപ്പ് വെറുതെയായില്ല, മാരുതി സുസുക്കി ജിമ്‌നി ഒരു ഒന്നൊന്നര എസ്.യു.വി


അജിത് ടോംഇന്ത്യയിലെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളായ മാരുതി സുസുക്കി 1985 മുതല്‍ ഇന്ത്യയില്‍ എത്തിച്ചിരുന്ന വാഹനമായിരുന്നു ജിപ്‌സി എന്ന എസ്.യു.വി.

Premium

മാരുതി സുസുക്കി ജിമ്‌നി | ഫോട്ടോ: മാതൃഭൂമി

ല്‍ഹി ഓട്ടോ എക്‌സ്‌പോ 2023-ന് വേദിയാകുന്ന ഇന്ത്യന്‍ എക്‌സ്‌പോ മാര്‍ട്ടിലെ ഒമ്പതാം നമ്പര്‍ ഗേറ്റിലെ മാരുതിയുടെ പവലിയനില്‍ രണ്ടാം ദിനം രാവിലെ മുതല്‍ തന്നെ വലിയ ആള്‍ക്കൂട്ടമായിരുന്നു. മാരുതി സുസുക്കി ജിമ്‌നി എന്ന വാഹനത്തെക്കുറിച്ച് കേട്ടിട്ടുള്ളവർ ഈ വാഹനം ആദ്യമായി കാണുന്നതിന്റെ ആകാംക്ഷയുടെ ആകെത്തുകയായിരുന്നു ഈ ആള്‍ക്കൂട്ടം. ഒടുവില്‍ ഇളം പച്ച നിറത്തിലുള്ള വാഹനം വേദിയില്‍ എത്തിയപ്പോള്‍ മുഴങ്ങിയ ആരവവും മിന്നിതെളിഞ്ഞ ഫ്‌ളാഷുകളും ക്യാമറ ക്ലിക്കുകളുടെ ശബ്ദവും ഒരു സൂപ്പര്‍ സ്റ്റാര്‍ വേദിയില്‍ എത്തിയ പ്രതീതിയാണ് സൃഷ്ടിച്ചത്. ഓട്ടോ എക്‌സ്‌പോയുടെ ഈ സീസണില്‍ ഏറ്റവും വലിയ വരവേല്‍പ്പ് ലഭിച്ച വാഹനമായിരുന്നു മാരുതി സുസുക്കി ജിമ്‌നി.

ജിമ്‌നിയുടെ വരവ്

ഇന്ത്യയിലെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളായ മാരുതി സുസുക്കി 1985 മുതല്‍ ഇന്ത്യയില്‍ എത്തിച്ചിരുന്ന വാഹനമായിരുന്നു ജിപ്‌സി എന്ന എസ്.യു.വി. ഫോര്‍ വീല്‍ ഡ്രൈവ് സംവിധാനം ഉള്‍പ്പെടെ നല്‍കി എത്തിയിരുന്ന ഈ വാഹനം സൈനിക സേനകളിലും സാഹസിക യാത്രകള്‍ ഇഷ്ടപ്പെടുന്നവരുടെയും പ്രിയവാഹനവുമായിരുന്നു. 1993-ലും 2000-ലും ശ്രദ്ധേയമായ മാറ്റങ്ങള്‍ വരുത്തി എത്തിയ ഈ വാഹനം 2010-ന് ശേഷം വിരമിക്കല്‍ സൂചനകള്‍ നല്‍കി തുടങ്ങിയിരുന്നു. ഏറ്റവുമൊടുവില്‍ ബി.എസ്.6 എന്ന നിബന്ധന കൂടി എത്തിയതോടെ 2018-ല്‍ ജിപ്‌സിയുടെ നിര്‍മാണം അവസാനിപ്പിക്കുകയായിരുന്നു. എന്നാല്‍, പകരക്കാരനായി ജിമ്‌നി എന്ന മോഡല്‍ നിര്‍ദേശിച്ചായിരുന്നു ജിപ്‌സി മടങ്ങിയത്.

കല്‍പ്പിച്ച് നല്‍കിയ ഉത്തരവാദിത്വം പോലെ എത്തിയിട്ടുള്ള ജിമ്‌നി എന്ന ലൈഫ് സ്റ്റൈല്‍ എസ്.യു.വി ജിപ്‌സിയുടെ എല്ലാ സ്വഭാവ സവിശേഷതകളും ഒത്തിണങ്ങിയ വാഹനം തന്നെയാണ്. സൗന്ദര്യത്തില്‍ ജിപ്‌സിയെക്കാള്‍ ഒരു പൊടിക്ക് മുന്നില്‍ നില്‍ക്കുകയും ചെയ്യും. 2018-ല്‍ നിരത്തൊഴിഞ്ഞ ജിപ്‌സിക്ക് പിന്നാലെ 2020-ല്‍ ജിപ്‌സിയുടെ മൂന്ന് ഡോര്‍ ജിമ്‌നി പ്രദര്‍ശനത്തിനെത്തിച്ചെങ്കിലും ഇന്ത്യയില്‍ നിര്‍മിച്ച് വിദേശ വിപണികള്‍ക്ക് വീതം വെച്ച് കൊടുക്കുകയാണ് ചെയ്തത്. എന്നാല്‍, ഒരു പൂ ചോദിച്ചപ്പോള്‍ പൂക്കാലം തന്നെ തന്നത് പോലെയാണ് മൂന്ന് ഡോര്‍ ജിമ്‌നി പ്രദീക്ഷിച്ചിരുന്ന ഇന്ത്യയിലെ മാരുതി പ്രേമികള്‍ക്കായി ജിമ്‌നിയുടെ അഞ്ച് ഡോര്‍ മോഡല്‍ വെച്ച് നീട്ടിയിരിക്കുന്നത്.

ജിപ്‌സിയെക്കാള്‍ സുന്ദരന്‍

സൗന്ദര്യത്തിന് വലിയ പ്രാധാന്യം നല്‍കിയിരുന്ന കാലത്തായിരുന്നില്ല ജിപ്‌സിയുടെ വരവ്. മത്സരിക്കാന്‍ പോലും വിപണിയില്‍ വാഹനങ്ങള്‍ ചുരുക്കമായിരുന്നു. എന്നാല്‍, ഇന്ന് അതല്ല സാഹചര്യം. മികച്ച സൗന്ദര്യവും അങ്ങേയറ്റം കരുത്തുമായി നിരവധി വാഹനങ്ങളാണ് നിരത്തുകളിലുള്ളത്. അതിനൊപ്പം കഴിഞ്ഞ ചില വര്‍ഷങ്ങളായി മാരുതി സുസുക്കി ഉണ്ടാക്കിയെടുത്ത ഹൈപ്പ് വെച്ച് ജിമ്‌നിയില്‍ ഏറ്റവും മികച്ച ഡിസൈനിങ്ങ് നല്‍കുകയെന്നതും നിര്‍മാതാക്കളുടെ ഉത്തരവാദിത്വങ്ങളിലൊന്നാണ്. അതുകൊണ്ടുതന്നെ പരമ്പരാഗത രൂപ സൗന്ദര്യത്തിനൊപ്പം പുതുതലമുറ ഡിസൈനുകള്‍ കൂടി സംയോജിപ്പിച്ചാണ് ജിമ്‌നി എന്ന വാഹനം എത്തിച്ചിരിക്കുന്നത്.

അഞ്ച് സ്ലാറ്റുകളായി നല്‍കിയിട്ടുള്ള വെര്‍ട്ടിക്കിള്‍ ഗ്രില്ലാണ് ജിമ്‌നിയുടെ മുഖത്തിന് അല്‍പ്പം പരുക്കന്‍ ഭാവം നല്‍കുന്നത്. പക്ഷെ, ഇവയ്ക്ക് രണ്ട് വശങ്ങളിലും നല്‍കിയിട്ടുള്ള ഹെഡ്‌ലാമ്പുകള്‍ വളരെ ക്യൂട്ടാണ്. എല്‍.ഇ.ഡിയില്‍ തീര്‍ത്തിട്ടുള്ള പ്രൊജക്ഷന്‍ ഹെഡ്‌ലൈറ്റ് ന്യൂജെന്‍ ഭാവം നല്‍കുന്നുണ്ട്. വൃത്താകൃതിയില്‍ ലളിതമായി ഒരുങ്ങിയിട്ടുള്ളതാണ് ടേണ്‍ ഇന്റിക്കേറ്ററുകള്‍. മുന്‍വശത്തെ മസ്‌കുലര്‍ ആക്കുന്നത് ബമ്പര്‍ തന്നെയാണ്. വലിയ എയര്‍ഡാം ഉള്‍പ്പെടെയാണ് ഇത് ഒരുങ്ങിയിട്ടുള്ളത്. ഓഫ് റോഡിനും ഇണങ്ങുന്നതിനാല്‍ ഉയര്‍ന്നാണ് ഇതിന്റെ സ്ഥാനം. വശങ്ങളിലെ ഫോഗ്‌ലാമ്പും ഫ്‌ളാറ്റ് ബോണറ്റും കൂടി ചേരുന്നതോടെ മുഖം പൂര്‍ണമാകും.

രണ്ട് ഡോറുകളാണ് ഈരണ്ട് വശങ്ങളിലുമുള്ളത്. 15 ഇഞ്ച് വലിപ്പത്തിലാണ് അലോയി വീലുകള്‍ തീര്‍ത്തിരിക്കുന്നത്. ബമ്പറില്‍ നിന്ന് ആരംഭിച്ച് വീല്‍ ആര്‍ച്ച് ആയും ക്ലാഡിങ്ങ് ആയും തീരുന്ന ബ്ലാക്ക് ഫൈബര്‍ പാനല്‍ ഓഫ് റോഡ് ഭാവത്തിന് മാറ്റ് കൂട്ടും. വശങ്ങളില്‍ ഏറ്റവും പിന്നിലായി ചെറിയ ഗ്ലാസാണ് നല്‍കിയിട്ടുള്ളത്. സ്‌പെയര്‍ വീല്‍ നല്‍കിയിട്ടുള്ള വലിയ ഡോറാണ് പിന്നിലുള്ളത്. പിന്നിലെ ബമ്പറിലാണ് ടെയ്ല്‍ലാമ്പിന്റെ സ്ഥാനം. ഓള്‍ ഗ്രിപ്പ് ബാഡ്ജിങ്ങും ജിമ്‌നി ബാഡ്ജിങ്ങും ഡോറില്‍ നല്‍കിയിട്ടുണ്ട്. ബ്ലാക്ക് റൂഫില്‍ വലത് വശത്തായി ആന്റിയും കൂടി ചേരുന്നതോടെ എക്‌സ്റ്റീരിയര്‍ പൂര്‍ണമാകും. ഫുട്ട് സ്റ്റെപ്പിന്റെ അഭാവം നേരിയ തോതില്‍ എങ്കിലും പോരായ്മയാണ്.

ആഡംബരം അകത്തളം

നാല് പേര്‍ക്ക് യാത്ര ചെയ്യാന്‍ സാധിക്കുന്ന ലേഔട്ടിലാണ് അകത്തളം ഒരുങ്ങിയിരിക്കുന്നത്. യാത്രക്കാരുടെ സൗകര്യം പരിഗണിച്ച് അധികം പുറത്തേക്ക് തള്ളാത്ത രീതിയിലാണ് ഡാഷ്‌ബോര്‍ഡിന്റെ സ്ഥാനം. ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റിറിന് ജിപ്‌സിയുടേതുമായി വിദൂര സാമ്യം തോന്നിക്കുന്നുണ്ട്. രണ്ട് അനലോഗ് മീറ്ററും ഒരു ഡ്രൈവര്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റവും ഉള്‍പ്പെടുന്നതാണിത്. മാരുതിയുടെ പുതുതലമുറ വാഹനങ്ങള്‍ നല്‍കിയിട്ടുള്ളതിന് സമാനമാണ് സ്റ്റിയറിങ്ങ് വീല്‍. ഇതില്‍ മള്‍ട്ടി ഫങ്ഷന്‍ സംവിധാനം നല്‍കിയിരിക്കുന്നു. സീറ്റുകള്‍ എല്ലാം ഫാബ്രിക് ഫിനീഷിങ്ങിലാണ് തീര്‍ത്തിരിക്കുന്നതും. ഡ്രൈവറുടെ വലത് വശത്തായി ഏതാനും കണ്‍ട്രോളിങ്ങ് സ്വീച്ചുകളുമുണ്ട്.

സെന്റര്‍ കണ്‍സോളില്‍ തലയുയര്‍ത്തിയാണ് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം നില്‍ക്കുന്നത്. മാരുതി സുസുക്കിയുടെ സ്മാര്‍ട്ട്‌പ്ലേ പ്രോ സിസ്റ്റമാണ്. പക്ഷെ, വേരിയന്റുകള്‍ക്ക് അനുസരിച്ച് വലിപ്പത്തില്‍ മാറ്റമുണ്ട്. ആന്‍ഡ്രോയിഡ് ഓട്ടോ ആപ്പിള്‍ കാര്‍പ്ലേ കണക്ടിവിറ്റി സൗകര്യവുമുണ്ട്. ഗൂഗിള്‍ മാപ്പ്, ഗൂഗിള്‍ സേര്‍ച്ച് ഉള്‍പ്പെടെയുള്ള സംവിധാനങ്ങളും ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റത്തിലുണ്ട്. ക്ലൈമറ്റ് കണ്‍ട്രോള്‍ നോബുകളിലാണ് ക്രമീകരിക്കുന്നത്. അതിന് താഴെയായി ഏതാനും സ്വിച്ചുകളും കാണാം. ഓള്‍ വീല്‍ ഡ്രൈവ് സംവിധാനത്തിനായി പ്രത്യേകം ഗിയര്‍ ലിവര്‍ നല്‍കിയിട്ടുള്ളതും ജിപ്‌സിയെ അനുസ്മരിപ്പിക്കും. സ്റ്റോറേജ് സ്‌പേസുകളും വിശാലമായ ബൂട്ട് സ്‌പേസും അകത്തളത്തില്‍ നല്‍കുന്നുണ്ട്.

എന്‍ജിന്‍

മാരുതി സുസുക്കിയുടെ തന്നെ നിര്‍മിതിയായ ഐഡില്‍ സ്റ്റാര്‍ട്ട് ആന്‍ഡ് സ്റ്റോപ്പ് സംവിധാനമുള്ള കെ15ബി 1.5 ലിറ്റര്‍ നാല് സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനാണ് ജിമ്‌നിയുടെ ഹൃദയം. 104.8 പി.എസ്. പവറും 134.2 എന്‍.എം. ടോര്‍ക്കുമാണ് ഈ 1462 സി.സി. എന്‍ജിന്‍ ഉത്പാദിപ്പിക്കുന്നത്. അഞ്ച് സ്പീഡ് മാനുവല്‍, നാല് സ്പീഡ് ഓട്ടോമാറ്റിക് എന്നിവയാണ് ഈ വാഹനത്തില്‍ ട്രാന്‍സ്മിഷന്‍ ഒരുക്കുന്നത്. ഫോര്‍ വീല്‍ ഡ്രൈവ് സംവിധാനത്തിനായി ഗ്രാന്റ് വിത്താരയില്‍ നല്‍കിയിട്ടുള്ള ഓള്‍ഗ്രിപ്പ് പ്രോ സംവിധാനവും ജിമ്‌നിയില്‍ നല്‍കിയിട്ടുണ്ട്. മള്‍ട്ടിപോയിന്റ് ഇഞ്ചക്ഷന്‍ ഫ്യുവല്‍ ഡിസ്ട്രിബ്യൂഷന്‍ സംവിധാനമാണ് ഈ എന്‍ജിനൊപ്പം ഒരുക്കിയിരിക്കുന്നത്.

അഴകളവുകള്‍

ലൈഫ് സ്റ്റൈല്‍ എസ്.യു.വിയുടെ ഭാവങ്ങള്‍ ഉള്ള വാഹനമാണ് മാരുതി സുസുക്കി ജിമ്‌നി. എന്നാല്‍, വലിപ്പത്തില്‍ കോംപാക്ട് എസ്.യു.വിയുമായും താരതമ്യം ആകാം. 3985 എം.എം. നീളം, 1645 എം.എം. വീതി, 1720 എം.എം. ഉയരം എന്നിവയ്‌ക്കൊപ്പം 2590 എം.എം. വീല്‍ബേസും 210 എം.എം. ഗ്രൗണ്ട് ക്ലിയറന്‍സുമാണ് ജിമ്‌നിക്കുള്ളത്. അപ്രോച്ച് ആംഗിള്‍ 36 ഡിഗ്രിയും ഡിപ്പാര്‍ച്ചര്‍ ആംഗിള്‍ 50 ഡിഗ്രിയുമാണുള്ളത്. 208 ലിറ്റര്‍ ബൂട്ട് സ്‌പേസാണ് സാധാരണ രീതിയില്‍ നല്‍കുന്നത്. എന്നാല്‍, പിന്‍നിരയിലെ സീറ്റുകള്‍ മടക്കി ഇത് 332 ലിറ്ററായി ഉയര്‍ത്താനും സാധിക്കും. മാനുവല്‍ മോഡലിന്റെ കെര്‍ബ് വെയിറ്റ് 1200 കിലോഗ്രാം വരെയും ഓട്ടോമാറ്റിക് മോഡലിന് 1210 കിലോഗ്രാം വരെയുമാണ്.

ഇവിടെ സേഫാണ്

ഏറ്റവും സുരക്ഷിതമായാണ് മാരുതി സുസുക്കി ജിമ്‌നി ഒരുക്കിയിട്ടുള്ളത് എന്നതാണ് പ്രധാന പ്രത്യേകത. സൈഡ് ആന്‍ഡ് കര്‍ട്ടണ്‍ എയര്‍ബാഗ്, ഡ്യുവല്‍ ഫ്രണ്ട് എയര്‍ബാഗ്, ബ്രേക്ക് ലിമിറ്റഡ് സ്ലിപ്പ് ഡിഫറന്‍ഷ്യല്‍, എ.ബി.എസ്, ഇ.ബി.ഡി, ഇ.എസ്.പി, ഹില്‍ ഹോള്‍ഡ് കണ്‍ട്രോള്‍, ഹില്‍ ഡിസെന്റ് കണ്‍ട്രോള്‍, ബ്രേക്ക് അസിസ്റ്റ് ഫങ്ഷന്‍, റിയര്‍വ്യൂ ക്യാമറ, സൈഡ് ഇംപാക്ട് ഡോര്‍ ബീമുകള്‍, സീറ്റ് ബെല്‍റ്റ് പ്രീ ടെന്‍ഷനര്‍/ ഫോഴ്‌സ് ലിമിറ്റര്‍, ഐസോഫിക്‌സ് സീറ്റ് ബെല്‍റ്റഅ ആങ്കറുകള്‍, ത്രീ പോയന്റ് എമര്‍ജന്‍സി ലോക്കിങ്ങ് സീറ്റ് ബെല്‍റ്റുകള്‍, എന്‍ജിന്‍ ഇമ്മൊബിലൈസര്‍ തുടങ്ങിയവയാണ് ജിമ്‌നിക്ക് സുരക്ഷയൊരുക്കുന്ന ഫീച്ചറുകള്‍.

Content Highlights: Maruti suzuki Jimny launched in delhi auto expo, maruti lifestyle SUV, Maruti Jipsy


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
adani

2 min

നഷ്ടം കോടികള്‍: നിയമനടപടിയെന്ന് അദാനി; ഭീഷണിയല്ലാതെ ചോദ്യങ്ങള്‍ക്കുത്തരമുണ്ടോയെന്ന് ഹിന്‍ഡെന്‍ബര്‍ഗ്

Jan 27, 2023


wedding

1 min

താലികെട്ടിനു തൊട്ടുമുമ്പ് വിവാഹത്തില്‍നിന്ന് പിന്മാറി വധു; പിറ്റേന്ന് പഴയ സുഹൃത്തുമായി വിവാഹം

Jan 28, 2023


temple

1 min

ഓസ്‌ട്രേലിയയില്‍ ഹിന്ദു ക്ഷേത്രങ്ങള്‍ക്കുനേരെ ആക്രമണം; പ്രതിഷേധമറിയിച്ച് ഇന്ത്യ

Jan 26, 2023

Most Commented