കാഴ്ചയില്‍ കുഞ്ഞനായിരുന്നെങ്കിലും വലിയ വാഹനങ്ങളെ വെല്ലുവിളിച്ചായിരുന്നു മാരുതിയുടെ എര്‍ട്ടിഗ നിരത്തിലെത്തിയത്. കുറഞ്ഞ വിലയില്‍ വലിയ വാഹനം എന്നതാണ് എര്‍ട്ടിഗയെ ആകര്‍ഷകമാക്കിയത്. 2012-ല്‍ പുറത്തിറക്കിയ എര്‍ട്ടിഗ ഒരിക്കല്‍ മുഖം മിനുക്കി എത്തിയതിന് പിന്നാലെ സ്‌പോര്‍ട്ട് എഡീഷന്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് കമ്പനി.

സ്‌പോര്‍ട്ട് എഡീഷനിലേക്ക് എത്തുമ്പോഴേക്കും മുന്‍വശം കൂടുതല്‍ സ്‌റ്റൈലിഷ് ആയിട്ടുണ്ട്. ഗ്രില്ലുകള്‍ക്ക് കറുപ്പ് നിറം നല്‍കിയതിനൊപ്പം ഹെഡ്‌ലൈറ്റുകള്‍ക്കും ബ്ലാക്ക് ഷെയ്ഡ് നല്‍കുന്നുണ്ട്. ബമ്പറില്‍ ക്ലാഡിങ്ങിന്റെ സാന്നിധ്യം ഉയര്‍ത്തുകയും ഫോഗ് ലാമ്പുകള്‍ക്ക് സ്ഥാനമാറ്റവും വരുത്തിയിട്ടുണ്ട്. 

എര്‍ട്ടിഗയില്‍ നല്‍കിയിരിക്കുന്ന അലോയി വീലുകള്‍ വാഹനത്തിന് സ്‌പോര്‍ട്ടി ഭാവം നല്‍കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നുണ്ട്. ടെയില്‍ ലാമ്പ് വരെ നീളുന്ന ഷോര്‍ഡര്‍ ലൈനിനൊപ്പം സൈഡ് മിററിലും രൂപമാറ്റം സംഭവിച്ചിട്ടുണ്ട്. ബാക്ക് സ്‌പോയിലര്‍ സ്‌പോര്‍ട്ടിയായിട്ടുണ്ടെന്നുള്ളതാണ് പിന്നിലെ മാറ്റം. 

1.5 ലിറ്റര്‍ കെ-സിരീസ് എന്‍ജിനിലായിരിക്കും എര്‍ട്ടിഗ സ്‌പോര്‍ട്ട് നിരത്തിലെത്തുക. 106 ബിഎച്ച്പി പവറും 138 എന്‍എം ടോര്‍ക്കുമായിരിക്കും എര്‍ട്ടികയുടെ എന്‍ജിന്‍ കരുത്ത്. അഞ്ച് സ്പീഡ് മാനുവര്‍ ഗിയര്‍ബോക്‌സിലും നാല് സ്പീഡ് ഓട്ടോമാറ്റിക്കിലും എര്‍ട്ടിഗയില്‍ നല്‍കുമെന്നാണ് സൂചന. 

ഇന്തോനേഷ്യന്‍ ഓട്ടോഷോയിലാണ് എര്‍ട്ടിഗ സ്‌പോര്‍ട്ട് പ്രദര്‍ശിപ്പിച്ചത്. 2012-ല്‍ ഇന്ത്യയിലും ഇന്തോനേഷ്യയിലും ഒരുമിച്ചായിരുന്നു എര്‍ട്ടിഗ പ്രദര്‍ശിപ്പിച്ചത്. അതുകൊണ്ട് തന്നെ സ്‌പോര്‍ട്ടും ഉടന്‍ ഇന്ത്യന്‍ നിരത്തിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.