രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളായ മാരുതി സുസുക്കി വര്‍ഷം 10 ലക്ഷം കാറുകള്‍വരെ നിര്‍മിക്കാന്‍ ശേഷിയുള്ള പുതിയ ഫാക്ടറിക്കായി 18,000 കോടി രൂപയുടെ നിക്ഷേപത്തിനൊരുങ്ങുന്നു.

700 മുതല്‍ 1000 ഏക്കര്‍വരെ വിസ്തൃതിയില്‍ വര്‍ഷം ഏഴരലക്ഷം മുതല്‍ 10 ലക്ഷംവരെ കാറുകള്‍ നിര്‍മിക്കാന്‍ കഴിയുന്നതായിരിക്കും പുതിയ നിര്‍മാണശാലയെന്ന് കമ്പനി ചെയര്‍മാന്‍ ആര്‍.സി. ഭാര്‍ഗവ വെളിപ്പെടുത്തി. ഹരിയാണയിലെ ഗുരുഗ്രാമിലുള്ള കമ്പനിയുടെ ഏറ്റവും ആദ്യത്തേതും പഴയതുമായ ഫാക്ടറിക്കു പകരമായിട്ടാവും പുതിയ നിര്‍മാണശാല.

300 ഏക്കര്‍ വിസ്തൃതിയിലുള്ളതാണ് ഗുരുഗ്രാമിലെ ഫാക്ടറി. ഇവിടെ സ്ഥലപരിമിതി രൂക്ഷമാണ്. മാത്രമല്ല, ജനവാസമേഖലയിലായതിനാല്‍ ട്രക്കുകളുടെ നീക്കം പല ബുദ്ധിമുട്ടുകളും ഉണ്ടാക്കുന്നുണ്ട്. 

എത്രയും വേഗം പുതിയ സ്ഥലത്തേക്ക് ഉത്പാദനം മാറ്റുന്നതിനാണ് കമ്പനി ലക്ഷ്യമിടുന്നത്. കോവിഡ് വ്യാപനത്തെത്തുടര്‍ന്നാണ് പുതിയ പ്ലാന്റിനായുള്ള നടപടികള്‍ വൈകിയത്. ഹരിയാണയില്‍ത്തന്നെ നിക്ഷേപം നടത്തുന്നതിനാണ് മുന്‍ഗണന.

Content Highlights: Maruti Suzuki Invest 18000 Crore Rupees For New Car Plant