മാരുതി വാക്കുപാലിക്കുന്നു. രണ്ടാം തലമുറ എര്‍ട്ടിഗ അവതരിപ്പിച്ചപ്പോള്‍ തന്നെ ഈ വാഹനത്തിന്റെ സ്‌പോര്‍ട്‌സ് മോഡല്‍ എത്തിക്കുമെന്ന് മാരുതി അറിയിച്ചിരുന്നു. പുതിയ എര്‍ട്ടിഗ എത്തി മാസങ്ങള്‍ പിന്നിടുന്നതോടെ ഇതിന്റെ സ്‌പോര്‍ട്‌സ് മോഡല്‍ എര്‍ട്ടിഗ ജിടിയുടെ അവതരിച്ചിരിക്കുകയാണ്. 

ആദ്യഘട്ടമെന്നോണം ഇന്തോനേഷ്യന്‍ നിരത്തുകളിലാണ് ആദ്യം എര്‍ട്ടിഗ ജിടി എത്തുന്നത്. മാര്‍ച്ച് 23-ന് ഈ വാഹനം അവതരിപ്പിക്കുമെന്നാണ്‌ റിപ്പോര്‍ട്ട്. എന്നാല്‍, വൈകാതെ തന്നെ എര്‍ട്ടിഗ ജിടി ഇന്ത്യ ഉള്‍പ്പെടെയുള്ള മറ്റ് രാജ്യങ്ങളിലേക്ക് എത്തുമെന്നാണ് സൂചന.

ബ്ലാക്ക് തീമാണ് എര്‍ട്ടിഗ ജിടി എഡീഷന്റെ പ്രധാന ആകര്‍ഷണം. ഗ്രില്ലുകള്‍ക്ക് കറുപ്പ് നിറം നല്‍കിയതിനൊപ്പം ഹെഡ് ലൈറ്റുകള്‍ക്കും ബ്ലാക്ക് ഷെയ്ഡ് നല്‍കുന്നുണ്ട്. ബമ്പറില്‍ ക്ലാഡിങ്ങിന്റെ സാന്നിധ്യം ഉയര്‍ത്തുകയും ഫോഗ് ലാമ്പുകള്‍ക്ക് സ്ഥാനമാറ്റവും വരുത്തിയിട്ടുണ്ട്. 

Ertiga GT
Image: AutoCar India

പുതിയ ഡിസൈന്‍ നല്‍കിയിട്ടുള്ള അലോയി വീലുകളാണ് എര്‍ട്ടിഗ ജിടിയില്‍ നല്‍കിയിട്ടുള്ളത്. സ്‌പോര്‍ട്ടി ഭാവം നല്‍കുന്നതില്‍ പ്രധാന പങ്കുവഹിച്ചിട്ടുള്ളതും അലോയി വീലാണ്. ടെയില്‍ ലാമ്പ് വരെ നീളുന്ന ഷോര്‍ഡര്‍ ലൈനിനൊപ്പം സൈഡ് മിററിലും രൂപമാറ്റം സംഭവിച്ചിട്ടുണ്ട്. ബാക്ക് സ്പോയിലര്‍ സ്പോര്‍ട്ടിയായിട്ടുണ്ടെന്നുള്ളതാണ് പിന്നിലെ മാറ്റം. 

നിലവിലെ ടോപ്പ് എന്‍ഡ് വേരിയന്റ് എര്‍ട്ടിഗയിലുള്ളതിന് സമാനമായിരിക്കും എര്‍ട്ടിഗ ജിടിയുടെയും ഇന്റീരിയര്‍. അതേസമയം, ബ്ലാക്ക് തീമിന്റെ സാന്നിധ്യം ഇന്റീരിയറിലും ഒരുക്കുമെന്നാണ് സൂചന.

1.5 ലിറ്റര്‍ കെ-സിരീസ് പെട്രോള്‍ എന്‍ജിനിലായിരിക്കും എര്‍ട്ടിഗ സ്പോര്‍ട്ട് നിരത്തിലെത്തുക. 106 ബിഎച്ച്പി പവറും 138 എന്‍എം ടോര്‍ക്കുമായിരിക്കും എര്‍ട്ടികയുടെ എന്‍ജിന്‍ കരുത്ത്. അഞ്ച് സ്പീഡ് മാനുവര്‍ ഗിയര്‍ബോക്സിലും നാല് സ്പീഡ് ഓട്ടോമാറ്റിക്കിലും എര്‍ട്ടിഗയില്‍ നല്‍കുമെന്നാണ് സൂചന.

Content Highlights: Maruti Suzuki Introduce New Sporty Ertiga GT