മാരുതി സുസുക്കി ഫ്രോങ്‌സ് | Photo: Maruti Suzuki
കഴിഞ്ഞ ഓട്ടോ എക്‌സ്‌പോയിലെ സര്‍പ്രൈസ് എന്‍ട്രിയായിരുന്നു മാരുതി സുസുക്കിയുടെ കോംപാക്ട് ക്രോസ് ഓവറായ ഫ്രോങ്‌സ്. ആദ്യ കാഴ്ചയില്‍ തന്നെ ഏറെ ആരാധകരെ സൃഷ്ടിച്ച ഈ വാഹനം ബുക്കിങ്ങിലും വന്‍ കുതിപ്പാണ് നടത്തുന്നത്. വില സംബന്ധിച്ച് പ്രവചനങ്ങള്‍ മാത്രം നിലനില്‍ക്കുമ്പോഴും ഫ്രോങ്‌സിന്റെ ബുക്കിങ്ങ് 5500 പിന്നിട്ടിരിക്കുകയാണ്. ഏറെ വൈകാതെ തന്നെ വില പ്രഖ്യാപിച്ചേക്കുമെങ്കിലും ഏപ്രില്‍ മാസത്തോടെ മാത്രമായിരിക്കും ഈ വാഹനം നിരത്തുകളില്‍ എത്തുക.
മാരുതിയുടെ മിഡ് സൈസ് എസ്.യു.വിയായ ഗ്രാന്റ് വിത്താരയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടെത്തിയ വാഹനമാണ് ഫ്രോങ്‌സ് എന്ന ക്രോസ് ഓവര്‍. ഗ്രില്ല്, ഗ്രില്ലില്‍ നല്‍കിയ ക്രോമിയം സ്ട്രിപ്പിന് ചേര്‍ന്ന് നില്‍ക്കുന്ന ഡി.ആര്‍.എല്‍, ബോണറ്റ് എന്നിവ ഗ്രാന്റ് വിത്താരയില്‍ നിന്ന് കടം കൊണ്ടതാണ്. മൂന്ന് ലൈറ്റുകള്‍ നല്‍കിയിട്ടുള്ള ഹെഡ്ലാമ്പ് ക്ലെസ്റ്റര്‍ മാരുതിയില്‍ പുതുമയാണ്. ബമ്പറിന്റെ ഉള്‍പ്പെടെയുള്ള ഡിസൈന്‍ മാരുതിയുടെ മറ്റ് വാഹനങ്ങള്‍ കണ്ടിട്ടുള്ളതിന് സമാനമാണ്.
മുന്നില്‍ നിന്ന് നോക്കിയാല്‍ ഗ്രാന്റ് വിത്താര ആണെങ്കില്‍ വശങ്ങളില്‍ ഈ വാഹനം ബലേനൊയെ പോലെയാണ്. അലോയി വീല്‍, റിയര്‍ വ്യൂ മിറര്‍ എന്നിവ ബലേനൊയില്‍ നിന്ന് കടം കൊണ്ടവയാണ്. കോംപാക്ട് ക്രോസ് ഓവര്‍ ശ്രേണിയില്‍ എത്തുന്നതിനാല്‍ തന്നെ പിന്‍നിരയില്‍ അതിനിണങ്ങുന്ന മാറ്റങ്ങള്‍ പ്രകടമാണ്. മാരുതിയുടെ ജനപ്രിയ വാഹനങ്ങളുടെ ഡിസൈനുകള്‍ കോര്‍ത്തിണങ്ങി ഒരുങ്ങിയിട്ടുള്ള ഈ വാഹനം ലുക്കില്‍ സ്റ്റൈലിഷും സ്പോര്‍ട്ടിയുമാണ്.
ഇന്റീരിയറിനെ ഫീച്ചര്‍ സമ്പന്നമാക്കുന്നതില്‍ മാരുതി പരമാവധി ശ്രമിച്ചിട്ടുണ്ട്. ഫ്ളോട്ടിങ്ങ് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഫ്ളാറ്റ് ബോട്ടം സ്റ്റിയറിങ്ങ് വീലുകള്‍, ക്രൂയിസ് കണ്‍ട്രോള്‍ സംവിധാനം എന്നിവ അകത്തളത്തിലെ ഹൈലൈറ്റാണ്. ഇതിനൊപ്പം സുരക്ഷ ഉറപ്പാക്കുന്നതിനുള്ള 360 ഡിഗ്രി ക്യാമറ, ആറ് എയര്‍ബാഗ് തുടങ്ങിയവയാണ് ഇതില്‍ നല്‍കിയിട്ടുള്ളത്. അഞ്ച് പേര്‍ക്ക് യാത്രയൊരുക്കുന്ന വിശാലമായ സീറ്റുകളും ഇതില്‍ ഒരുക്കിയിട്ടുണ്ട്.
മികച്ച ഇന്ധനക്ഷമത ഉറപ്പാക്കുന്നതിനുള്ള ഐഡില്‍ സ്റ്റാര്‍ട്ട് സ്റ്റോപ്പ് സംവിധാത്തിനൊപ്പം 1.2 ലിറ്റര്‍ ഡ്യുവല്‍ ജെറ്റ് ഡ്യുവല്‍ വി.വി.ടി. പെട്രോള്‍ എന്‍ജിനും 1.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് ബൂസ്റ്റര്‍ജെറ്റ് പെട്രോള്‍ എന്‍ജിനുമാണ് ഈ വാഹനത്തിന് കരുത്തേകുന്നത്. ഹാര്‍ടെക്ട് പ്ലാറ്റ്ഫോമിലാണ് ഈ വാഹനം നിര്‍മിച്ചിരിക്കുന്നത്. മാരുതി സുസുക്കിയുടെ ഡീലര്‍ഷിപ്പുകളില്‍ ഇന്ന് മുതല്‍ ഈ വാഹനത്തിന്റെ ബുക്കിങ്ങ് ആരംഭിക്കുമെന്നാണ് മാരുതി അറിയിച്ചിരിക്കുന്നത്.
Content Highlights: Maruti Suzuki Fronx booking cross 5500, Maruti Fronx Compact Crossover
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..