ഭാവിയുടെ വാഹനം എന്നത് ഇലക്ട്രിക് കാറുകളാണെന്ന് ഓട്ടോമൊബൈല്‍ മേഖല ഒന്നടങ്കം അംഗീകരിച്ച് കഴിഞ്ഞു. ഇതേതുടര്‍ന്ന് ഇലക്ട്രിക് കാറുകളുടെ പണിപ്പുരയിലാണ് എല്ലാ കമ്പനികളും. 2020-ല്‍ നിരത്തിലെത്തുമെന്ന് അറിയിച്ച മാരുതിയുടെ ഇ-കാറുകളുടെ പരീക്ഷണയോട്ടം ആരംഭിച്ചു. 

മാരുതിയുടെ ഹാച്ച്ബാക്ക് മോഡലായ വാഗണ്‍ആര്‍ ആണ് ഇലക്ട്രിക് കരുത്തില്‍ ഓടാന്‍ ഒരുങ്ങുന്നത്. പരീക്ഷണാടിസ്ഥാനത്തില്‍ 50 ഇലക്ട്രിക് വാഗണറാണ് പുറത്തിറക്കിയിരിക്കുന്നത്. ടൊയോട്ടയുടെ സഹായത്തോടെയാണ് പരീക്ഷണത്തിനുള്ള വാഹനങ്ങള്‍ പുറത്തെത്തിയത്. 

ഗുരുഗ്രാമിലുള്ള മാരുതിയുടെ പ്ലാന്റിലാണ് മാരുതിയുടെ ഇലക്ട്രിക് കാറുകളുടെ പരീക്ഷണയോട്ടം നടത്തിയത്. അടുത്ത മാസം മുതല്‍ വില്‍പ്പനയ്ക്കായുള്ള ഇലക്ട്രിക് കാറുകളുടെ നിര്‍മാണം ആരംഭിക്കുമെന്നാണ് മാരുതിയില്‍ നിന്നുള്ള ഔദ്യോഗിക അറിയിപ്പ്.

രാജ്യത്തെ എല്ലാ റോഡുകള്‍ക്കും എത് കാലവസ്ഥയോടും യോജിക്കുന്ന ഇലക്ട്രിക് കാറുകളാണ് മാരുതിയില്‍ നിന്ന് പുറത്തിറക്കുന്നത്. ഇത് തെളിയിക്കുന്നതിനായി ഈ 50 വാഹനങ്ങളും രാജ്യത്തുടനീളം പരീക്ഷണയോട്ടം നടത്തുമെന്നും മാരുതി സുസുക്കി അറിയിച്ചിട്ടുണ്ട്.

ഇലക്ട്രിക് കാറുകളില്‍ നല്‍കുന്ന ലിതിയം അയോണ്‍ ബാറ്ററിയുടെ നിര്‍മാണത്തിനായി മാരുതി സ്വന്തമായി പ്ലാന്റ് സ്ഥാപിക്കുമെന്ന് മുമ്പ് അറിയിച്ചിരുന്നു. 2020-ല്‍ ഗുജറാത്ത് മേഖലയില്‍ പ്ലാന്റ് സ്ഥാപിക്കുമെന്ന് അതുവഴി ബാറ്ററിയുടെ ലഭ്യത സംബന്ധിച്ച പ്രശ്‌നം മറികടക്കാന്‍ സാധിക്കുമെന്നും മാരുതി അറിയിച്ചിരുന്നു.