ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളായ മാരുതി സുസുകിയുടെ ആദ്യത്തെ ഇലക്ട്രിക് കാര്‍ 2020-ഓടെ പുറത്തിറങ്ങും. കമ്പനിയുടെ ചെയര്‍മാന്‍ ആര്‍.സി. ഭാര്‍ഗവ ഇക്കാര്യം സ്ഥിരീകരിച്ചു. നേരത്തെ 2020-ഓടെ ഇലക്ട്രിക് വാഹന നിര്‍മാണത്തിനായി ഒന്നിച്ച് നീങ്ങാന്‍ ടൊയോട്ടയും സുസുക്കിയും ധാരണയിലെത്തിയിരുന്നു.

ഇലക്ട്രിക് വാഹന രംഗത്തേക്ക് കടക്കുന്നതിന് മുന്നോടിയായി വിപണിപഠനം നടത്തും. ഉപഭോക്താക്കളുടെ താത്പര്യങ്ങളും അഭിപ്രായങ്ങളും അറിയുകയാണ് ലക്ഷ്യം. ഇലക്ട്രിക് വാഹനങ്ങളുടെ ചെലവ് ചുരുക്കാന്‍ ബാറ്ററികളുടെയും മറ്റു ഘടകങ്ങളുടെയും നിര്‍മാണം ഇവിടെത്തന്നെ നിര്‍വഹിക്കേണ്ടി വരും. ഇതിനായി സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് പിന്തുണ ആവശ്യമാണെന്നും ആര്‍.സി. ഭാര്‍ഗവ വ്യക്തമാക്കി. 

സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചാല്‍ മാത്രമേ കുറഞ്ഞ വിലയ്ക്ക് വൈദ്യുതി വാഹനങ്ങള്‍ നിരത്തിലിറക്കാന്‍ കഴിയുകയുള്ളൂ. മാരുതിക്ക് പുറമേ മറ്റു മുന്‍നിര വാഹന നിര്‍മാതാക്കളും ഇലക്ട്രിക്ക് വാഹനങ്ങള്‍ ഉടന്‍ പുറത്തിറക്കാനുള്ള ശ്രമത്തിലാണ്. 2030-ഓടെ ഇന്ത്യയില്‍ പുതുതായി ഇറക്കുന്ന വാഹനങ്ങളില്‍ 40 ശതമാനവും ഇലക്ട്രിക് ആക്കുമെന്നും 2047-ഓടെ പൂര്‍ണമായും ഇലക്ട്രിക്കിലേക്ക് മാറാന്‍ സാധിക്കുമെന്നും കാണിച്ച് സിയാം കഴിഞ്ഞ ദിവസം സര്‍ക്കാറിന് കത്ത് നല്‍കിയിരുന്നു.

Content Highlights: Maruti Suzuki First Electric Car Launch Around 2020