കോവിഡ് വ്യാപനത്തിലും ലോക്ഡൗണിലും വലയുന്ന ഉപയോക്താക്കള്‍ക്ക് പിന്തുണയുമായി ഇന്ത്യയുടെ സ്വന്തം വാഹന നിര്‍മാതാക്കളായ മാരുതി. വൈറസ് വ്യാപനം തടയുന്നതിനായി പ്രഖ്യാപിച്ചിട്ടുള്ള ലോക്ഡൗണിനെ തുടര്‍ന്ന് സര്‍വീസ് മുടങ്ങുകയും വാറണ്ടി കാലാവധി അവസാനിക്കുകയും ചെയ്യുന്ന വാഹനങ്ങള്‍ക്ക് ഇതിനായി കൂടുതല്‍ സമയം അനുവദിക്കുമെന്നാണ് മാരുതി അറിയിച്ചിരിക്കുന്നത്. 

മാര്‍ച്ച് 15 മുതല്‍ മേയ് 31 വരെയുള്ള കാലയളവില്‍ ലോക്ഡൗണിനെ തുടര്‍ന്ന് സര്‍വീസ് മുടങ്ങുകയോ വാറണ്ടി കാലാവധി അവസാനിക്കുകയോ ചെയ്ത വാഹനങ്ങള്‍ക്ക് ജൂണ്‍ 30 വരെ വാറണ്ടി പുതുക്കുന്നതിനും സര്‍വീസ് ചെയ്യുന്നതിനുമുള്ള അവസരം ഒരുക്കിയിട്ടുണ്ടെന്ന് മാരുതി അറിയിച്ചു. സാഹചര്യം വിലയിരുത്തിയ ശേഷം ഇത് നീട്ടി നല്‍കുന്ന കാര്യവും കമ്പനി പരിഗണിച്ചേക്കും.

വൈറസ് വ്യാപനം ഒഴിവാക്കുന്നതിനായി വിവിധ സംസ്ഥാനങ്ങളില്‍ കര്‍ശന ലോക്ഡൗണ്‍ നടപ്പാക്കിയിട്ടുണ്ട്. ഈ സഹചര്യത്തില്‍ ഉപയോക്താക്കള്‍ക്ക് ഷോറൂമില്‍ എത്തുന്നതിന് ബുദ്ധിമുട്ടാണ്. ഇത് കണക്കിലെടുത്താണ് മാരുതി പിരിയോഡിക്കല്‍ സര്‍വീസിനും വാറണ്ടിക്കും കൂടുതല്‍ സമയം അനുവദിക്കുന്നതെന്ന് മാരുതി സുസുക്കിയുടെ സര്‍വീസ് വിഭാഗം മേധാവി അറിയിച്ചു.

കോവിഡ്-19 ലോക്ഡൗണിന്റെ പശ്ചാത്തലത്തിലും ഇന്ത്യയിലെ വാഹന നിര്‍മാതാക്കള്‍ ഈ കാലയളവിലെ സര്‍വീസിനും വാരണ്ടിക്കും കൂടുതല്‍ സമയം അനുവദിച്ചിരുന്നു. ഇത്തവണയും സമാനമായ സ്ഥിതിയിലാണ് വാഹനമേഖല കടന്ന് പോകുന്നത്. മാരുതിക്ക് പുറമെ, ഇന്ത്യയിലെ മുന്‍നിര വാഹന നിര്‍മാതാക്കളായ ടാറ്റ മോട്ടോഴ്‌സ് ഉള്‍പ്പെടെയുള്ള കമ്പനികള്‍ ഈ ആനുകൂല്യം പ്രഖ്യാപിച്ചിട്ടുണ്ട്.

Content Highlights: Maruti Suzuki Extend Service And Warranty Due To Covid-19 Lockdown