കാറുകള്‍ വാങ്ങാതെ തന്നെ ഉപയോഗിക്കാന്‍ കഴിയുന്ന സബ്‌സ്‌ക്രിപ്ഷന്‍ പദ്ധതികള്‍ ഇപ്പോള്‍ കൂടുതല്‍ ജനപ്രീതി നേടുകയാണ്. ഹ്രസ്വകാല ഉപയോഗങ്ങള്‍ക്ക് വാഹനം വാങ്ങാതെ തന്നെ ഉപയോഗിക്കാന്‍ സാധിക്കുന്ന ഈ പദ്ധതി പ്രവാസികള്‍ക്കിടയിലും മറ്റും വലിയ പ്രചാരമാണ് നേടിയിട്ടുള്ളതാണ്‌. ഈ പശ്ചാത്തലത്തില്‍ ഈ സബ്‌സ്‌ക്രിപ്ഷന്‍ പദ്ധതി കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കുകയാണ് ഇന്ത്യയിലെ ഏറ്റവും വലിയ വാഹന നിര്‍മാതാക്കളായ മാരുതി സുസുക്കി.

മാരുതി സുസുക്കി സബ്‌സ്‌ക്രിപ്ഷന്‍ പദ്ധതി എന്ന് പേരിട്ടിരിക്കുന്ന ഈ ഉദ്യമം നാല് നഗരങ്ങളില്‍ കൂടി പുതുതായി ആരംഭിക്കുകയാണെന്നാണ് മാരുതി സുസുക്കി അറിയിച്ചിട്ടുള്ളത്. ജയ്പുര്‍, ഇന്‍ഡോര്‍, മംഗലാപുരം, മൈസൂര്‍ എന്നിവിടങ്ങളിലാണ് പുതുതായി സബ്‌സ്‌ക്രിപ്ഷന്‍ പദ്ധതി ആരംഭിച്ചിരിക്കുന്നത്. ഇതോടെ ഇന്ത്യയിലെ 19 നഗരങ്ങളില്‍ വ്യാപിച്ച് കിടക്കുന്ന സേവനമായി മാരുതി സബ്‌സ്‌ക്രിപ്ഷന്‍ പദ്ധതി മാറിയിട്ടുണ്ടെന്നും മാരുതി അവകാശപ്പെടുന്നു.

മൂന്ന് സബ്‌സ്‌ക്രിപ്ഷന്‍ പങ്കാളികളുടെ സഹായത്തോടെയാണ് മാരുതി സുസുക്കി വാഹനങ്ങള്‍ ഉപയോക്താക്കള്‍ക്ക് നല്‍കുന്നത്. ഒറിക്‌സ് ഓട്ടോ, എ.എല്‍.ഡി. ഓട്ടോമോട്ടീവ്, മൈല്‍സ് എന്നിവയാണ് ഈ സേവനത്തിലെ മാരുതിയുടെ പങ്കാളികള്‍. മുമ്പ് ബ്ലാക്ക് നമ്പര്‍ പ്ലേറ്റില്‍ മഞ്ഞ അക്കങ്ങളിലായിരുന്നു ഇത്തരം വാഹനങ്ങളില്‍ നമ്പര്‍ പതിപ്പിച്ചിരുന്നത്. എന്നാല്‍, ഇപ്പോള്‍ മഞ്ഞ, വെള്ള നമ്പര്‍ പ്ലേറ്റുകള്‍ പതിപ്പിച്ച വാഹനങ്ങളും ലഭ്യമാക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

വാഹനം വാങ്ങാതെ തന്നെ ഉപയോഗിക്കാന്‍ കഴിയുന്ന സംവിധാനം ലക്ഷ്യമിട്ട് 2020 ജൂലൈയിലാണ് മാരുതി സുസുക്കി സബ്‌സ്‌ക്രിപ്ഷന്‍ പദ്ധതി ആരംഭിക്കുന്നത്. വാഹനം ഉപയോഗിക്കുന്നതിന്റെ നിരക്ക്, രജിസ്‌ട്രേഷന്‍ ചാര്‍ജ്, ഇന്‍ഷുറന്‍സ്, മെയിന്റനന്‍സ് ചാര്‍ജ് എന്നിവയെല്ലാം കമ്പനിയായിരുന്നു നിര്‍വഹിക്കുക. അതേസമയം, ഇവയെല്ലാം ഉള്‍പ്പെടുത്തിയുള്ള തുകയാണ് ഉപയോക്താവിന്റെ കൈയില്‍ നിന്നും സബ്‌സ്‌ക്രിപ്ഷന്‍ പദ്ധതിയില്‍ ഇടാക്കിയിരുന്നത്. 

സബ്‌സ്‌ക്രിപ്ഷന്‍ കാലാവധി അവസാനിക്കുന്ന പക്ഷം വാഹനം പുതിയ വാഹനം തിരിഞ്ഞെടുക്കുന്നതിനും അത്രയും കാലം ഉപയോഗിച്ച വാഹനം വില നല്‍കി വാങ്ങുന്നതിനുമുള്ള അവസരവും മാരുതി സുസുക്കി ഒരുക്കിയിട്ടുണ്ട്. മാരുതിയുടെ മികച്ച മോഡലുകളായ വാഗണ്‍ആര്‍, സ്വിഫ്റ്റ്, ഡിസയര്‍, വിറ്റാര ബ്രെസ, എര്‍ട്ടിഗ, ഇഗ്നീസ്, ബലേനൊ, സിയാസ്, എസ്-ക്രോസ്, എക്‌സ്.എല്‍.5 തുടങ്ങിയ വാഹനങ്ങളാണ് മാരുതിയുടെ സബ്‌സ്‌ക്രിപ്ഷന്‍ പദ്ധതിയില്‍ ലഭ്യമാക്കുന്നത്.

Content Highlights: Maruti Suzuki Extend Car Subscription Project In More Cities