ടൊയോട്ടയുടെയും മാരുതിയുടെയും കൂട്ടുക്കെട്ടില്‍ മാരുതിയുടെ മറ്റൊരു മോഡല്‍ കൂടി ടൊയോട്ടയുടെ മേല്‍വിലാസം സ്വീകരിച്ചിരിക്കുകയാണ്. മാരുതി സുസുക്കി നിരയിലെ എം.പി.വി. മോഡലാണ് ഏറ്റവുമൊടുവില്‍ ടൊയോട്ടയുടെ പാളയത്തില്‍ ചേക്കേറിയിരിക്കുന്നത്. ടൊയോട്ട റൂമിയന്‍ എന്ന പേരിലാണ് എര്‍ട്ടിഗയുടെ റീബാഡ്ജിങ്ങ് പതിപ്പ് പുറത്തിറക്കിയിരിക്കുന്നത്. ടൊയോട്ടയുടെ മേല്‍വിലാസം സ്വീകരിക്കുന്ന മാരുതിയുടെ മൂന്നാമത്തെ മോഡലാണ് എര്‍ട്ടിഗ എം.പി.വി.

എന്നാല്‍, ഗ്ലാന്‍സയും അര്‍ബന്‍ ക്രൂയിസറും പോലെ റൂമിയന്‍ ഇന്ത്യന്‍ വിപണിയില്‍ അല്ല എത്തിയിട്ടുള്ളതെന്നാണ് ശ്രദ്ധേയം. ടൊയോട്ടയുടെ എം.പി.വി. മോഡലായി സൗത്ത് ആഫ്രിക്കയിലാണ് റൂമിയന്‍ അവതരിപ്പിച്ചിരിക്കുന്നത്. ഇന്ത്യന്‍ നിരത്തുകളിലും എര്‍ട്ടിഗ ടൊയോട്ടയുടെ റീബാഡ്ജിങ്ങ് പതിപ്പായി അവതരിപ്പിക്കുമെന്ന് മുമ്പ് അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. ഈ വാഹനത്തിന് പുറമെ, മാരുതിയുടെ പ്രീമിയം സെഡാന്‍ മോഡലായ സിയാസും ടൊയോട്ടയുടെ ബ്രാന്റില്‍ എത്താനൊരുങ്ങുന്നുണ്ട്.

Toyota Rumion
ടൊയോട്ട റൂമിയന്‍ | Photo: Toyota .co.za

എര്‍ട്ടിഗയുടെ റീബാഡ്ജിങ്ങ് പതിപ്പ് ആദ്യം വിദേശത്ത് അവതരിപ്പിച്ചതോടെ ടൊയോട്ട മാരുതി കൂട്ടുകെട്ടില്‍ ഇന്ത്യയില്‍ ഇനിയെത്തുക സിയാസിന്റെ റീബാഡ്ജിങ്ങ് പതിപ്പായ ടൊയോട്ട ബെല്‍റ്റ ആയിരിക്കുമെന്ന് ഏകദേശം ഉറപ്പായി കഴിഞ്ഞു. ടൊയോട്ടയുടെ സെഡാന്‍ മോഡലായ യാരിസിന്റെ ഉത്പാദനം നിര്‍ത്തിയത് ബെല്‍റ്റയുടെ വരവിനായാണെന്നും സൂചനകള്‍ ഉയര്‍ന്നിരുന്നു. ഈ വര്‍ഷത്തിന്റെ അവസാനത്തോടെ ടൊയോട്ട ബെല്‍റ്റ വിപണിയില്‍ എത്തുമെന്നാണ് വിലയിരുത്തലുകള്‍.

മാരുതിയുടെ എര്‍ട്ടിഗയ്ക്ക് സമാനമായ ഡിസൈനില്‍ തന്നെയാണ് റൂമിയനും ഒരുങ്ങിയിട്ടുള്ളത്. മുന്നിലെ ഗ്രില്ലില്‍ മാത്രമാണ് മാറ്റം വരുത്തിയിട്ടുള്ളത്. എര്‍ട്ടിഗയില്‍ ക്രോമിയം സ്റ്റഡുകള്‍ പതിപ്പിച്ച ഗ്രില്ലായിരുന്നു എങ്കില്‍ റൂമിയനില്‍ അത് ടൊയോട്ടയുടെ ഇന്നോവയില്‍ നല്‍കിയിരുന്നതിന് സമാനമായ ഡിസൈനിലാണ് ഒരുക്കിയിരിക്കുന്നത്. ഹെഡ്‌ലൈറ്റ്, അലോയി വീല്‍, ബംമ്പര്‍ തുടങ്ങി മറ്റ് ഫീച്ചറുകളെല്ലാം എര്‍ട്ടിഗയില്‍ നിന്ന് കടംകൊണ്ടവയാണെന്നാണ് ചിത്രങ്ങള്‍ സൂചിപ്പിക്കുന്നത്. 

Toyota Rumion
ടൊയോട്ട റൂമിയന്‍ | Photo: Toyota .co.za

എര്‍ട്ടിഗ പോലെ ഏഴ് സീറ്റര്‍ എം.പി.വിയായാണ് റൂമിയന്റെ പിറവിയും. അകത്തളത്തിന്റെ അഴകും അളവുമെല്ലാം എര്‍ട്ടിഗയ്ക്ക് സമമാണ്. ബ്ലാക്ക് നിറത്തിലുള്ള ഡാഷ്‌ബോര്‍ഡില്‍ വുഡന്‍ ഫിനീഷിങ്ങിലുള്ള പാനല്‍ നല്‍കിയാണ് അകത്തളത്തിന് ആഡംബര ഭാവം പകരുന്നത്. ഈ ഫിനീഷിങ്ങ് സ്റ്റിയറിങ്ങ് വീലിലേക്കും നീണ്ടിരിക്കുന്നു. ഏഴ് ഇഞ്ച് വലിപ്പമുള്ള സ്മാര്‍ട്ട്‌പ്ലേ 2.0 ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍ തുടങ്ങിയ ഫീച്ചറുകളും ഇതില്‍ ഒരുങ്ങിയേക്കും. 

മെക്കാനിക്കല്‍ ഫീച്ചറുകളും എര്‍ട്ടിഗയിലേത് തുടരുമെന്നാണ് ലഭിക്കുന്ന സൂചനകള്‍. 1.5 ലിറ്റര്‍ നാല് സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനിലാണ് എര്‍ട്ടിഗ നിരത്തുകളില്‍ എത്തിയിട്ടുള്ളത്. റൂമിയനിലും ഈ എന്‍ജിനായിരിക്കും കരുത്തേകുക. ഇത് 103 ബി.എ്ച്ച.പി. പവറും 138 എന്‍.എം. ടോര്‍ക്കും ഉത്പാദിപ്പിക്കും. അഞ്ച് സ്പീഡ് മാനുവല്‍, നാല് സ്പീഡ് ടോര്‍ക്ക് കണ്‍വേര്‍ട്ടര്‍ ഓട്ടോമാറ്റിക് എന്നിവയാണ് എര്‍ട്ടിഗയില്‍ ട്രാന്‍സ്മിഷന്‍ ഒരുക്കുന്നത്. മൈല്‍ഡ് ഹൈബ്രിഡ് സംവിധാനവും എര്‍ട്ടിഗയില്‍ നല്‍കുന്നുണ്ട്.

Content Highlights: Maruti Suzuki Ertiga Rebadging  Model Toyota Rumion Launched