മാരുതി സുസുക്കിയുടെ ജനപ്രിയ കോംപാക്ട് സെഡന്‍ മോഡലായ ഡിസയര്‍ വില്‍പനയില്‍ പുതിയ നാഴികകല്ല് പിന്നിട്ടു. നിരത്തിലെത്തി പത്ത് വര്‍ഷം പിന്നിടുന്ന ഡിസയറിന്റെ 19 ലക്ഷം യൂണിറ്റുകളാണ് ഇതിനോടകം കമ്പനി വിറ്റഴിച്ചത്. ഈ സെഗ്‌മെന്റില്‍ 55 ശതമാനം വിപണി വിഹിതത്തോടെ മാര്‍ക്കറ്റും ലീഡറും മാരുതി സുസുക്കി ഡിസയറാണ്. 

കമ്പനി പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 2009-10 കാലഘട്ടത്തില്‍ ഒന്നര ലക്ഷം ഡിസയറുകള്‍ നിരത്തിലെത്തി. 2012-13 വര്‍ഷത്തില്‍ വില്‍പന 5.3 ലക്ഷവും 2015-16 സീസണില്‍ ആകെ വില്‍പന 11 ലക്ഷവും പിന്നിട്ടു. 2018 അവസാനത്തോടെ 16 ലക്ഷം ഡിസയര്‍ യൂണിറ്റുകള്‍ നിരത്തിലെത്തിക്കാനും കമ്പനിക്ക് സാധിച്ചു. മാസം 21,000 യൂണിറ്റ് ശരാശരി വില്‍പനയോടെ 2018-19 ല്‍ രണ്ടര ലക്ഷം യൂണിറ്റുകള്‍ വിറ്റഴിക്കാനും മാരുതിക്ക് സാധിച്ചിരുന്നു. 

1.2 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ പെട്രോള്‍, 1.3 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ ഡീസല്‍ എന്‍ജിനുമാണ് ഡിസയറിന് കരുത്തേകുന്നത്. പെട്രോള്‍ എന്‍ജിന്‍ 6000 ആര്‍പിഎമ്മില്‍ 82 ബിഎച്ച്പി പവറും 4200 ആര്‍പിഎമ്മില്‍ 113 എന്‍എം ടോര്‍ക്കുമേകും. 4000 ആര്‍പിഎമ്മില്‍ 74 ബിഎച്ച്പി പവറും 2000 ആര്‍പിഎമ്മില്‍ 190 എന്‍എം ടോര്‍ക്കുമേകുന്നതാണ് ഡീസല്‍ എന്‍ജിന്‍. നിലവില്‍ 5.69 ലക്ഷം രൂപ മുതല്‍ 9.54 ലക്ഷം രൂപയാണ് ഡിസയറിന്റെ കോഴിക്കോട് എക്‌സ്‌ഷോറൂം വില. 

Content Highlights; Dzire, Maruti Suzuki Dzire, Dzire Sales