ന്ത്യയിലുള്ളതും പുറത്ത് നിന്നെത്തിയതുമായ വാഹന നിര്‍മാതാക്കളെല്ലാം ഇന്ത്യയില്‍ ഇലക്ട്രിക് വാഹനങ്ങള്‍ എത്തിക്കാനുള്ള നീക്കങ്ങള്‍ നടത്തുമ്പോള്‍ രാജ്യത്തെ ഏറ്റവും വലിയ വാഹന നിര്‍മാതാക്കളായ മാരുതി ഹൈബ്രിഡ് ഇലക്ട്രിക് വാഹനങ്ങള്‍ പരീക്ഷിക്കുന്നു. ഇലക്ട്രിക് വാഹനങ്ങളുടെ ചാര്‍ജിങ്ങ് സംവിധാനങ്ങള്‍ കാര്യക്ഷമമല്ലെന്നതും ഹൈബ്രിഡ് വാഹനങ്ങള്‍ തനിയെ ചാര്‍ജായി ഇലക്ട്രിക് കരുത്തിലേക്ക് മാറുമെന്നുള്ളതും മലിനീകരണം താരതമ്യേന കുറവാണെന്നതുമാണ് ഈ തീരുമാനത്തിന് മാരുതി നിരത്തുന്ന കാരണങ്ങള്‍. 

മറ്റ് ഇന്ത്യന്‍ വാഹന നിര്‍മാതാക്കളായ ടാറ്റ മോട്ടോഴ്‌സ്, മഹീന്ദ്ര, തുടങ്ങിയവയെല്ലാം ഇലക്ട്രിക് കാറുകള്‍ എത്തിച്ചപ്പോഴും മാരുതി ഇപ്പോഴും ഇലക്ട്രിക് വാഹനങ്ങളോട് കൃത്യമായ അകലം പാലിക്കുകയാണ്. നിലവിലെ സാഹചര്യത്തിന് ഏറ്റവും ഇണങ്ങുന്നത് ഹൈബ്രിഡ് ഇലക്ട്രിക് വാഹനങ്ങളാണെന്നാണ് മാരുതി സ്വീകരിച്ചിട്ടുള്ള നിലപാട്. അതുകൊണ്ടാണ് ഇലക്ട്രിക് വാഹനങ്ങള്‍ക്ക് പകരം ടൊയോട്ടയുമായി സഹകരിച്ച് ഹൈബ്രിഡ് ഇലക്ട്രിക് വാഹനങ്ങള്‍ നിര്‍മിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

ടൊയോട്ടയുമായി ചേര്‍ന്ന് ചില ഇലക്ട്രിക് വാഹനങ്ങളുടെ മാതൃക മാരുതി വികസിപ്പിച്ചിട്ടുണ്ടെന്നാണ് മാരുതി സുസുക്കി കോര്‍പ്പറേറ്റ് പ്ലാനിങ്ങ് ആന്‍ഡ് ഗവണ്‍മെന്റ് അഫേഴ്‌സ് വിഭാഗം മേധാവി രാഹുല്‍ ഭാരതി മണികണ്‍ട്രോളിനോട് പറഞ്ഞത്. ഈ വാഹനങ്ങള്‍ അടുത്ത മാസം മുതല്‍ പരീക്ഷണം ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇത്തരം വാഹനങ്ങളെ കുറിച്ച് ഉപയോക്താക്കളുടെ അഭിപ്രായം അറിഞ്ഞ ശേഷമായിരിക്കും കൂടുതല്‍ മോഡലുകള്‍ പരിഗണിക്കുകയെന്നും അദ്ദേഹം അറിയിച്ചു. 

ഇലക്ട്രിക് വാഹനങ്ങള്‍ക്കുള്ള ചാര്‍ജിങ്ങ് സംവിധാനങ്ങള്‍ ഇന്ത്യയില്‍ കാര്യക്ഷമമായിട്ടില്ല. അതുകൊണ്ട് തന്നെ സ്വയം ചാര്‍ജാകുന്ന വാഹനങ്ങള്‍ക്കാണ് ഇപ്പോള്‍ സാധ്യതയുള്ളത്. ഇക്കാര്യം പരിഗണിച്ചാണ് ഹൈബ്രിഡ് വാഹനങ്ങള്‍ നിര്‍മിക്കാന്‍ മാരുതി തീരുമാനിച്ചിരിക്കുന്നതെന്നും രാഹുല്‍ ഭാരതി അഭിപ്രായപ്പെട്ടു. സ്വയം ചാര്‍ജാകുന്ന വാഹനങ്ങള്‍ ബാറ്ററിയിലേക്ക് ഊര്‍ജമെത്തിക്കും ഇത് വാഹനത്തിന്റെ കുതിപ്പിന് ഊര്‍ജമാകും. സാധാരണ വാഹനങ്ങളെക്കാള്‍ കൂടുതല്‍ ഇന്ധനക്ഷമതയും ഇത്തരം വാഹനങ്ങള്‍ക്ക് ലഭിക്കുമെന്നാണ് വിലയിരുത്തല്‍. 

വരുന്ന 15 വര്‍ഷത്തേക്ക് ആശ്രയിക്കാന്‍ കഴിയുന്ന സാങ്കേതികവിദ്യയാണ് ഹൈബ്രിഡ് സംവിധാനം. നിരവധി ഗുണങ്ങളാണ് ഈ സംവിധാനത്തിനുള്ളത്. മറ്റൊരു ചാര്‍ജിങ്ങ് സംവിധാനത്തെ ആശ്രയിക്കാതെ വാഹനം തന്നെ ബാറ്ററി ചാര്‍ജ് ചെയ്യുന്നതിനുള്ള കരുത്ത് ഉത്പാദിപ്പിക്കുന്നുണ്ട്. മലീനീകരണത്തിന്റെ കാര്യം പരിഗണിച്ചാല്‍ പരമ്പരാഗത ഇന്ധനങ്ങള്‍ ഉപയോഗിക്കുന്ന വാഹനങ്ങളെക്കാള്‍ വളരെ കുറഞ്ഞ അളവില്‍ മാത്രമാണ് ഇത്തരം വാഹനങ്ങള്‍ പുറംതള്ളുന്ന എമിഷന്‍ എന്നാണ് രാഹുല്‍ അഭിപ്രായപ്പെടുന്നത്. 

2020-ല്‍ സുസുക്കി യുറോപ്പില്‍ സ്വേസ് എന്ന ഹൈബ്രിഡ് ഇലക്ട്രിക് വാഹനം അവതരിപ്പിച്ചിരുന്നു. ടൊയോട്ടയുമായി സഹകരിച്ചാണ് ഈ വാഹനത്തിലെ സാങ്കേതികവിദ്യ ഒരുക്കിയിട്ടുള്ളത്. ടൊയോട്ടയുടെ കൊറോള എസ്‌റ്റേറ്റിനെ അടിസ്ഥാനമാക്കിയുള്ള വാഹനമാണ് സ്വേസ്. 1.8 ലിറ്റര്‍ പെട്രോള്‍ എന്‍ജിനൊപ്പം 3.6 കിലോവാട്ട് ശേഷിയുള്ള ബാറ്ററിയുമാണ് ഈ വാഹനത്തില്‍ നല്‍കിയിട്ടുള്ളത്. സ്വയം ചാര്‍ജ് ചെയ്യാന്‍ ശേഷിയുള്ള ഈ വാഹനത്തിന് 27 കിലോമീറ്റര്‍ ഇന്ധനക്ഷമത ഉറപ്പാക്കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. 

ഇന്ത്യയിലെ ഇലക്ട്രിക് കാര്‍ ചാര്‍ജിങ്ങ് സംവിധാനങ്ങള്‍ ഇപ്പോഴും വികസിച്ചിട്ടില്ല. അതുകൊണ്ട് തന്നെയാണ് രാജ്യത്തെ ഇലക്ട്രിക് വാഹന മേഖല ഇപ്പോഴും മന്ദഗതിയില്‍ തുടരുന്നത്. മാരുതിയെ പോലെ തന്നെ ഫോക്‌സ്‌വാഗണ്‍, റെനോ, നിസാന്‍, ഹോണ്ട, കിയ തുടങ്ങിയ ഇന്ത്യയിലെ മുന്‍നിര വാഹന നിര്‍മാതാക്കള്‍ ഒന്നും ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറിയിട്ടില്ല. ഉയര്‍ന്ന ഉത്പാദന ചെലവും കുറഞ്ഞ ചാര്‍ജിങ്ങ് സംവിധാനങ്ങളുമാണ് ഈ വാഹന നിര്‍മാതാക്കളെ പിന്തിരിപ്പിക്കുന്ന ഘടകങ്ങള്‍ എന്നും രാഹുല്‍ പറഞ്ഞു.

Source: Moneycontrol

Content Highlights: Maruti Suzuki Developing Hybrid Electric Vehicles With Toyota