മലിനീകരണം നിയന്ത്രിക്കുന്നതിനായി ഇന്ത്യയിലെ വാഹനങ്ങളില്‍ ബി.എസ്.6 എമിഷന്‍ മാനദണ്ഡം നടപ്പിലാക്കിയതോടെ മാരുതി ഡീസല്‍ എന്‍ജിനുകളോട് വിടപറയുകയായിരുന്നു. ഫിയറ്റ് ഉത്പാദിപ്പിച്ചിരുന്ന 1.3 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ നിര്‍ത്തിയതും, ബി.എസ്-6 ഡീസല്‍ എന്‍ജിന്‍ വികസിപ്പിക്കുന്നതിലെ ഭാരിച്ച ചെലവും കണക്കിലെടുത്തായിരുന്നു ഈ തീരുമാനം.
എന്നാല്‍, ഡീസല്‍ എന്‍ജിനുകള്‍ പൂര്‍ണമായും നിര്‍ത്തില്ലെന്നും ഭാവിയില്‍ പ്രതീക്ഷിക്കാമെന്നും മാരുതി കഴിഞ്ഞ വര്‍ഷം ഉറപ്പുനല്‍കിയിരുന്നു. ഈ വാക്ക് മാരുതി പാലിച്ചെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. മാരുതിയുടെ വലിയ വാഹനങ്ങള്‍ക്ക് കരുത്തേകുന്നതിനായി 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയതായാണ് സൂചനകള്‍.
മാരുതിയില്‍ നിന്ന് പുറത്തിറങ്ങാനൊരുങ്ങുന്ന പുതുതലമുറ ബ്രെസ, എര്‍ട്ടിഗ, സിയാസ് എന്നീ വാഹനങ്ങളിലായിരിക്കും ആദ്യം ഈ 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ നല്‍കുക. പുതുതലമുറ ബ്രെസ 2021 ദീപാവലിയോട് അനുബന്ധിച്ചായിരിക്കും നിരത്തുകളില്‍ എത്തിക്കുക. ആദ്യ ഘട്ടത്തില്‍ നിലവിലെ പെട്രോള്‍ എന്‍ജിനിലെത്തുമെങ്കിലും വൈകാതെ ഡീസല്‍ മോഡലും അവതരിപ്പിക്കും.
മാരുതിയുടെ മൂന്ന് മോഡലുകള്‍ക്ക് പുറമെ, മാരുതി സുസുക്കി-ടൊയോട്ട കൂട്ടുക്കെട്ടില്‍ നിര്‍മാണം പുരോഗമിക്കുന്ന ക്രോസ് ഓവര്‍ മോഡലിലും ഈ എന്‍ജിനായിരിക്കും പ്രവര്‍ത്തിക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍. ഡി 22 എന്ന കോഡ്‌നെയിമില്‍ ടൊയോട്ടയുടെ ബിഡഡിയിലെ പ്ലാന്റിലാണ് ഈ വാഹനം നിര്‍മിക്കുകയെന്നും സൂചനയുണ്ട്.
മുമ്പ് സിയാസ്, എര്‍ട്ടിഗ എന്നീ മോഡലുകളില്‍ നല്‍കിയിരുന്ന മാരുതിയുടെ 1.5 ലിറ്റര്‍ ബി.എസ്-4 ഡീസല്‍ എന്‍ജിന്‍ 104 ബി.എച്ച്.പി. പവറും 225 എന്‍.എം.ടോര്‍ക്കുമാണ് ഉത്പാദിപ്പിച്ചിരുന്നത്. ബി.എസ്-6 നിലവാരത്തിലൊരുങ്ങുന്ന എന്‍ജിനും ഇതേ കരുത്തായിരിക്കും ഉത്പാദിപ്പിക്കുകയെന്നാണ് നിഗമനം. ഇതിനൊപ്പം മൈല്‍ഡ് ഹൈബ്രിഡ് സാങ്കേതികവിദ്യയും ഒരുക്കുയേക്കും.
Source: Team BHP
Content Highlights: Maruti Suzuki Developing BS6 Standard 1.5 Liter Diesel Engine