തിറ്റാണ്ടുകളായി ഇന്ത്യന്‍ വാഹന വിപണിയുടെ മേധാവിത്വം കൈയാളുന്ന വാഹന നിര്‍മാതാക്കളാണ്‌ ഇന്ത്യയുടെ സ്വന്തം വാഹന നിര്‍മാതാക്കളായ മാരുതി. വിപണിയെ കുറിച്ചുള്ള കൃത്യമായ പഠനവും ജനപ്രീതി നേടിയ സെഗ്മെന്റുകള്‍ അറിഞ്ഞ് വാഹനമെത്തിക്കുന്നതുമായി ഈ വാഹന നിര്‍മാതാക്കളുടെ വിജയമന്ത്രം. നിലവിലെ നേട്ടങ്ങള്‍ ആവര്‍ത്തിക്കുന്നതിനായി ഭാവി പദ്ധതികള്‍ ഒരുക്കുകയാണ് മാരുതി.

ഹാച്ച്ബാക്ക്, സെഡാന്‍, കോംപാക്ട് എസ്.യു.വി., എം.പി.വി. തുടങ്ങിയ ശ്രേണികളിലെല്ലാം മാരുതിയുടെ സാന്നിധ്യമുണ്ടെങ്കിലും ഫുള്‍ സൈസ് എസ്.യു.വിയിലേക്ക് ഇപ്പോഴും മാരുതി എത്തിയിട്ടില്ല. നിലവിലെ സാഹചര്യത്തില്‍ എസ്.യു.വിയുടെ വിപണി കരുത്താര്‍ജിക്കുന്നുണ്ടെന്നും ഈ ശ്രേണിയില്‍ വാഹനങ്ങള്‍ എത്തിക്കുന്നത് സംബന്ധിച്ച ഭാവി പദ്ധതികള്‍ മാരുതി ആവിഷ്‌കരിക്കുന്നുണ്ടെന്നുമാണ് റിപ്പോര്‍ട്ട്. 

പ്രൊഡക്ട് ലൈനപ്പില്‍ വാഹനമില്ലാത്ത ശ്രേണിയെ റെഡ് സ്‌പോട്ട് എന്നാണ് മാരുതി സുസുക്കി വിശേഷിപ്പിക്കുന്നത്. മാരുതിക്ക് ചില സെഗ്‌മെന്റില്‍ റെഡ് സ്‌പോട്ടുകള്‍ വന്നിട്ടുണ്ട്. ഇത് പരിഹരിക്കുന്നതിനുള്ള ഭാവി പദ്ധതികള്‍ മാരുതി ഒരുക്കുന്നുണ്ടെന്നും മാരുതി സുസുക്കി ഇന്ത്യയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ശശാങ്ക് ശ്രീവാസ്തവ ഓട്ടോ മൊബൈല്‍ പോര്‍ട്ടലായ കാര്‍ ആന്‍ഡ് ബൈക്കിനോട് അറിയിച്ചു.

എസ്.യു.വി. ശ്രേണിയില്‍ മാരുതി നിലവില്‍ റെഡ് സ്‌പോട്ടിലാണ്. ഈ ശ്രേണിയില്‍ വാഹനമെത്തിക്കുന്നതും വിപണിയിലെ സാധ്യതയും സംബന്ധിച്ച് വിശദമായ പഠനം നടക്കുന്നുണ്ട്. ഇതില്‍ മാരുതിക്ക് മികച്ച നേട്ടമുണ്ടാക്കാന്‍ സാധിക്കുമെന്ന് ഉറപ്പാകുന്ന പക്ഷം എസ്.യു.വിയുടെ നിര്‍മാണവുമായി മുന്നോട്ട് പോകും. ഉപയോക്താക്കളുടെ ആവശ്യം അറിഞ്ഞ് കൂടുതല്‍ വാഹനങ്ങള്‍ പരിഗണിക്കുമെന്നും അദ്ദേഹം അറിയിച്ചു.

ആള്‍ട്ടോ, എക്‌സ്‌പ്രെസോ, വാഗണ്‍ആര്‍ തുടങ്ങിയ വാഹനങ്ങളിലൂടെ മാരുതിയുടെ എന്‍ട്രി ലെവല്‍ എ-സെഗ്മെന്റ് വളരെ ശക്തമാണ്. സ്വിഫ്റ്റ്, ഡിസയര്‍, ബൊലേനൊ, ബ്രെസ തുടങ്ങിയ വാഹനങ്ങളുമായി ശക്തമായ ബി-സെഗ്മെന്റും മാരുതി ഒരുക്കിയിട്ടുണ്ട്. ഇനി പരിഗണിക്കുന്നത് ബി പ്ലസ്, സി എന്നീ സെഗ്മെന്റുകളാണ്. പ്രധാനമായും മിഡ്-സൈസ് എസ്.യു.വികള്‍ക്കായിരിക്കും ഈ ശ്രേണി.

കിയ സെല്‍റ്റോസ്, ഹ്യുണ്ടായി ക്രെറ്റ, എം.ജി. ഹെക്ടര്‍ തുടങ്ങിയ വാഹനങ്ങള്‍ വലിയ നേട്ടമാണ് ഇന്ത്യയിലെ സി-സെഗ്‌മെന്റില്‍ ഉണ്ടാക്കിയിട്ടുള്ളത്. ഈ ശ്രേണിയിലാണ് മാരുതിയുടെ അടുത്ത ലക്ഷ്യം. സി-സെഗ്‌മെന്റില്‍ ഉള്‍പ്പെടുത്താന്‍ കഴിയുന്ന മോഡലായ എസ്-ക്രോസ് മാരുതി എത്തിക്കുന്നുണ്ടെങ്കില്‍ ഈ വാഹനങ്ങളുമായി തട്ടിച്ച് നോക്കുമ്പോള്‍ കാര്യമായ നേട്ടം ഈ വാഹനം ഉണ്ടാക്കുന്നില്ലെന്നാണ് വിലയിരുത്തല്‍.

Source: Car And Bike

Content Highlights: Maruti Suzuki Considering More Segments For Future Cars