ന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന ഭൂരിഭാഗം വാഹന നിര്‍മാതാക്കളും ഇലക്ട്രിക് മോഡലുകളുടെ നിര്‍മാണം പരിഗണിക്കുന്നുണ്ടെങ്കിലും ഉടനെ ഇലക്ട്രിക് വാഹനങ്ങള്‍ നിര്‍മിക്കുന്നില്ലെന്ന നിലപാടിലാണ് ഇന്ത്യയിലെ ഏറ്റവും വലിയ വാഹന നിര്‍മാതാക്കളായ മാരുതി സുസുക്കി. അതേസമയം, മലിനീകരണം കുറഞ്ഞ വാഹനങ്ങള്‍ എത്തിക്കുന്നതിനായി സി.എന്‍.ജി, ഹൈബ്രിഡ് വാഹനങ്ങളുടെ ഉത്പാദനം ഉയര്‍ത്തുമെന്നുമാണ് വിവരം. ഇതിനൊപ്പം ഫ്‌ളെക്‌സ് ഫ്യുവല്‍ വാഹനങ്ങളും മാരുതി പരിഗണിക്കുന്നുണ്ട്.

ഏറ്റവും പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് ഫ്‌ളെക്‌സ് ഫ്യുവല്‍ വാഹനങ്ങളുടെ നിര്‍മാണത്തെയും ഇത്തരം വാഹനങ്ങളുടെ വിപണി സാധ്യതയെയും കുറിച്ചുള്ള പഠനങ്ങളിലാണ് മാരുതി എന്നാണ് വിവരം. പെട്രോളും എഥനോളും ഒരുമിച്ച് ഉപയോഗിക്കാന്‍ സാധിക്കുന്നതാണ് ഫ്‌ളെക്‌സ് ഫ്യുവല്‍ എന്‍ജിന്റെ സവിശേഷത. ഒന്നിലധികം ഇന്ധനങ്ങള്‍ ഉപയോഗിക്കാന്‍ കഴിയുന്ന വാഹനങ്ങള്‍ സര്‍ക്കാര്‍ നിര്‍ബന്ധമാക്കുമെന്ന റിപ്പോര്‍ട്ടിന് പിന്നാലെയാണ് മാരുതി ഇത സംബന്ധിച്ച് പഠനം നടത്തുന്നത്. 

സാധാരണ പെട്രോളില്‍ പ്രവര്‍ത്തിക്കുന്ന എന്‍ജിനുകളെക്കാള്‍ എമിഷനുകള്‍ കുറവാണെന്നതാണ് ഫ്‌ളെക്‌സ് ഫ്യുവല്‍ എന്‍ജിനുകളുടെ പ്രത്യേകത. ഈ എന്‍ജിനില്‍ ഉപയോഗിക്കുന്ന സുപ്രധാന ഘടകമായ എഥനോള്‍ പുറപ്പെടുവിക്കുന്ന കാര്‍ബണിന്റെ അളവ് കുറവാണെന്നതാണ് ഇതിന് കാരണമായി വിലയിരുത്തുന്നത്. സാധാരണ വാഹനങ്ങളില്‍ ഉപയോഗിക്കുന്ന ഇന്റേണല്‍ കംമ്പസ്റ്റിന്‍ എന്‍ജിനുകള്‍ തന്നെയാണ് രണ്ട് ഇന്ധനം ഉപയോഗിക്കാന്‍ സാധിക്കുന്ന രീതിയില്‍ മാറ്റുന്നത്. 

എഥനോള്‍ ഉപയോഗിക്കുന്ന വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുമെന്ന് മന്ത്രി നിതിന്‍ ഗഡ്കരി അറിയിച്ചിരുന്നു. ഇതിനായി ഒന്നിലധികം ഇന്ധനങ്ങള്‍ ഉപയോഗിക്കാന്‍ സാധിക്കുന്ന ഫ്‌ളെക്‌സ് ഫ്യുവല്‍ എന്‍ജിന്‍ വാഹനങ്ങളുടെ നിര്‍മാണം നിര്‍ബന്ധമാക്കുമെന്നും അദ്ദേഹം അടുത്തിടെ വ്യക്തമാക്കിയിരുന്നു. ഫ്‌ളെക്‌സ് ഫ്യുവല്‍ എന്‍ജിന്‍ വാഹനങ്ങള്‍ എപ്പോള്‍ മുതല്‍ വില്‍പ്പനയ്ക്ക് എത്തിക്കാന്‍ സാധിക്കുമെന്നത് സംബന്ധിച്ച് വിശദീകരണം നല്‍കാന്‍ വാഹന നിര്‍മാതാക്കളോട് ആവശ്യപ്പെടുമെന്നും റിപ്പോര്‍ട്ടുണ്ട്.

രാജ്യത്ത് എഥനോള്‍ ഇന്ധന പമ്പുകള്‍ സ്ഥാപിക്കാനും സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. ഈ സാഹചര്യം കണക്കിലെടുത്താണ് മാരുതി ഫ്‌ളെക്‌സ് ഫ്യുവല്‍ വാഹനങ്ങള്‍ പരിഗണിക്കുന്നത്. എന്നാല്‍, ഇതിന്റെ ആദ്യ ചുവടുവയ്‌പ്പെന്നോണം ഉപയോക്താക്കളുടെ അഭിപ്രായം അറിയാനാണ് മാരുതി ശ്രമിക്കുന്നതെന്നാണ് വിവരം. ഇലക്ട്രിക് വാഹനങ്ങള്‍ എത്തിക്കുന്നതിന് മുമ്പ് ഹൈബ്രിഡ് വാഹനങ്ങള്‍ എത്തിക്കാനാണ് കമ്പനി ശ്രമിക്കുന്നതെന്നാണ് ഏറ്റവുമൊടുവിലെ റിപ്പോര്‍ട്ടുകള്‍.

Source: Times Drive

Content Highlights: Maruti Suzuki Considering Ethanol Flux Fuel Vehicle For India